മിഠായി നല്കാന് വിസമ്മതിച്ച അമ്മയ്ക്കെതിരേ പോലീസില്‍ പരാതി പറഞ്ഞ മൂന്നു വയസുകാരന് കുറുമ്പന് പയ്യന് മന്ത്രിയുടെ സമ്മാനം.
മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോട്ടം മിശ്രയാണ് കുട്ടിക്ക് ചോക്ലേറ്റും സൈക്കിളും സമ്മാനമായി നല്‍കുമെന്ന് അറിയിച്ചത്. ദീപാവലി സമ്മാനമായി ചോക്ലേറ്റും സൈക്കിളും വീട്ടിലെത്തിക്കും.
മിടുക്കനായ കുസൃതിപ്പയ്യന്റെ നിഷ്ങ്കളങ്കമായ പരാതി മന്ത്രി ഏറെ കൗതുകപൂര്വമാണു കേട്ടത്. കഴിഞ്ഞദിവസമാണ് സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി മാറിയ വീഡിയോ മിശ്രയുടെ ശ്രദ്ധയില്‍പ്പെട്ടത്.
വീഡിയോ കണ്ടശേഷം മിശ്ര പറഞ്ഞ മറുപടിയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.തന്നെ അമ്മ മിഠായി കഴിക്കാന്‍ അനുവദിക്കുന്നില്ലെന്നും മിഠായി ചോദിച്ചാല്‍ തല്ലുമെന്നുമൊക്കെയാണ് പിതാവിനൊപ്പം സ്റ്റേഷനിലെത്തി പോലീസില്‍ പരാതി പറയുന്നത്.
വനിതാ പോലീസ് ഉദ്യോഗസ്ഥ കുട്ടിയുടെ പരാതി ശ്രദ്ധാപൂര്‍വം എഴുതിയെടുക്കുന്നതും വീഡിയോയില്‍ കാണാം. കുട്ടിയുടെ പരാതി കേട്ട് പോലീസുകാര്‍ പൊട്ടിച്ചിരിക്കുന്നതും വീഡിയോയിലുണ്ട്.
ബുര്‍ഹാന്‍പുര്‍ ജില്ലയിലെ ദത്തലായി ഗ്രാമത്തിലാണ് മിഠായി സംഭവം അരങ്ങേറിയത്. കുളികഴിഞ്ഞതിനു ശേഷം കുട്ടിയെ ഒരുക്കുമ്പോള്‍ മിഠായി തിന്നതിന് അമ്മ ശകാരിച്ചു.
തുടര്‍ന്ന് കരച്ചില് തുടങ്ങിയ കുട്ടി പിതാവിനോട് തന്നെ പോലീസ് സ്റ്റേഷനില്‍ എത്തിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.