തൊടുപുഴ: കുരുമുളകിന്റെ വിലത്തകർച്ച മൂലം ചെറുകിട വ്യാപാരികൾ കർഷകരിൽനിന്ന് ഉത്പന്നം വാങ്ങൽ നിർത്തുന്നു. ദിനം പ്രതിയെന്നോണം കുരുമുളക് വിലയിൽ ഇടിവുണ്ടാകുന്നതിനെത്തുടർന്നാണ് പ്രധാന ഉത്പാദന മേഖലകളിൽ കർഷകരിൽനിന്നു കുരുമുളക് വാങ്ങേണ്ടതില്ലെന്ന് പല ചെറുകിട വ്യപാരികളും തീരുമാനിച്ചിരിക്കുന്നത്.
വിദേശത്തുനിന്നു കുരുമുളക് വൻ തോതിൽ ഇറക്കുമതി ചെയ്യപ്പെടുന്നതിനാലാണ് കർഷകർക്ക് കനത്ത തിരിച്ചടി നൽകി കുരുമുളക് വിലയിൽ വൻ ഇടിവുണ്ടായിരിക്കുന്നത്. ക്വിന്റലിന് ശരാശരി 400 രൂപയോളം കുറവാണ് ഓരോ ദിവസവും രേഖപ്പെടുത്തുന്നത്. ഇതോടെ വ്യാപാരികൾ ചേർന്ന് കുരുമുളക് എടുക്കേണ്ടന്നു തീരുമാനിക്കുകയായിരുന്നു.
കുരുമുളക് ഉത്പാദനത്തിൽ മുൻപന്തിയിലുള്ള ഇടുക്കി, വയനാട് ജില്ലകളിൽ കർഷകരെ വിലത്തകർച്ച കടുത്ത തോതിൽ ബാധിച്ചു കഴിഞ്ഞു. ഇടുക്കിയിലെ പ്രധാന ഉത്പാദന വിപണന കേന്ദ്രങ്ങളിൽ ഇന്നലെ കിലോയ്ക്ക് 310-315 രൂപ എന്ന നിലയിലാണ് വില്പന നടന്നത്.
വീണ്ടും വിലത്തകർച്ചയുണ്ടാകുമെന്ന സൂചനയാണ് വ്യാപാര കേന്ദ്രങ്ങൾ നൽകുന്നത്. ഇതോടെയാണ് ഉത്പന്നം വിലക്കെടുക്കേണ്ടെന്ന നിലയിലേക്കു ചെറുകിട വ്യാപാരികൾ എത്തിയത്. കിലോക്ക് 720 രൂപ വരെ വില വന്നിരുന്ന കുരുമുളകിന് 400 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.
കുരുമുളകിന്റെ വിലയിൽ മുന്നേറ്റം ഉണ്ടാകുമെന്ന കണക്കുകൂട്ടലിൽ ചെറുകിട വ്യാപാരികൾ കൂടിയ വിലയ്ക്ക് ഉത്പന്നം സംഭരിച്ചിരുന്നു. ഇപ്പോൾ ഉത്പന്നം വിപണിയിൽ വൻകിട വ്യാപാരികൾക്ക് വിറ്റഴിക്കാനാവാതെ ഇവർ വിഷമവൃത്തത്തിലാണ്. വായ്പയെടുത്ത് കുരുമുളക് വിലയ്ക്കെടുത്ത വ്യാപാരികളിൽ പലരും കടക്കെണിയിൽപ്പെടുന്ന സ്ഥിതിയിലാണ്. വിലക്കെടുക്കുന്ന ഉത്പന്നം അന്നന്ന് വില്പന നടത്തിയാൽ പോലും മുതൽ തിരിച്ചു കിട്ടാത്ത നിലയാണെന്ന് വ്യപാരികൾ ചൂണ്ടിക്കാട്ടി.
രാജ്യാന്തര വിപണിയിലേക്ക് വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി ഉത്പന്നത്തിന്റെ കടന്നുകയറ്റമാണ് ഇപ്പോൾ കുരുമുളക് വിലയിൽ ഇത്രയധികം ഇടിവുണ്ടാകാൻ കാരണം. ഇന്ത്യയുൾപ്പെടെ 16 രാജ്യങ്ങളിൽ കുരുമുളക് ഇപ്പോൾ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്.
ഇതിൽ വിയറ്റ്നാം, ഇന്തോനേഷ്യ, തായ്ലൻഡ് പോലെയുള്ള രാജ്യങ്ങളിൽ നിന്നും ഇന്ത്യൻ വിപണിയിലേക്ക് വില കുറഞ്ഞ കുരുമുളക് ഇപ്പോൾ ധാരാളമായി കടന്നുവരുന്നുണ്ട്. ശ്രീലങ്കൻ തുറമുഖം വഴി ഇറക്കുമതി ചെയ്യപ്പെടുന്പോൾ ലഭിക്കുന്ന നികുതിയിളവ് എന്ന ആനുകൂല്യം മുതലെടുത്താണ് ശ്രീലങ്കൻ തുറമുഖം വഴി വൻ തോതിൽ കുരുമുളക് ഇറക്കുമതി ചെയ്യപ്പെടുന്നത്.
കുരുമുളകിന് വിലത്തകർച്ച നേരിട്ടുതുടങ്ങിയതോടെ ഉത്പന്നത്തിനു വില ഉയർത്താനുള്ള ശ്രമമെന്ന നിലയിൽ ഇറക്കുമതി ചെയ്യപ്പെടുന്ന കുരുമുളകിനു 500 രൂപ അടിസ്ഥാന വില നിശ്ചയിച്ച് കേന്ദ്ര വാണിജ്യ മന്ത്രാലയം ഉത്തരവിറക്കി ഇറക്കുമതിക്കു നിയന്ത്രണമേർപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും ഇതും പാഴിലായി.
നികുതി കുറവായതിനാൽ ശ്രീലങ്കൻ തുറമുഖം വഴി കുരുമുളക് ഇറക്കുമതി ചെയ്യപ്പെടുന്നത് നിയന്ത്രിക്കാനായിട്ടില്ല. ഇതു കൂടാതെ വിലത്തകർച്ച തുടരുന്നതിനാൽ കുരുമുളക് സംഭരിക്കാൻ കഴിയുന്നില്ലെന്നും കർഷകർ ചൂണ്ടിക്കാട്ടി. കുരുമുളക് പൂപ്പൽ ബാധിക്കാതെ സൂക്ഷിക്കുന്നത് ചണച്ചാക്കുകളിലാണ്.
ഇപ്പോൾ ചണച്ചാക്കുകൾക്ക് ലഭ്യതക്കുറവ് അനുഭവപ്പെടുന്നുണ്ട്. കൂടാതെ ഉത്പന്നത്തിന്റെ ഗുണനിലവാരത്തിൽ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ കർശന നിർദേശമുള്ളതിനാലും കുരുമുളക് കർഷകർക്ക് സംഭരിക്കാൻ കഴിയാത്ത അവസ്ഥയാണ്.
ടി.പി.സന്തോഷ്കുമാർ