അഗളി: അട്ടപ്പാടി കുരുമുളകിന്റെ പേറ്റന്റ് കരസ്ഥമാക്കി കർഷകന്റെ വിജയഗാഥ. അഗളി കാരറ അച്ചൻമുക്കിൽ കല്ലുവേലിൽ കെ.വി. ജോർജിനാണ് കേന്ദ്രസർക്കാരിന്റെ സസ്യ വൈവിധ്യ കർഷക അവകാശ സംരക്ഷണ അഥോറിറ്റിയിൽനിന്ന് പേറ്റന്റ് ലഭിച്ചത്. ഒരു കിലോഗ്രാം പച്ചകുരുമുളക് ഉണക്കിയെടുത്താൽ 500 ഗ്രാം ഉണക്കകുരുമുളക് ലഭിക്കുന്ന അഗളി പെപ്പറിനാണ് പേറ്റന്റ് ലഭിച്ചത്. ശാസ്ത്രജ്ഞരുടെ നാലുവർഷം നീണ്ടുനിന്ന പരീക്ഷണ നിരീക്ഷണത്തിനൊടുവിലാണ് ജോർജിന്റെ തോട്ടത്തിലെ കുരുമുളകുചെടിയുടെ പ്രത്യേകത തിരിച്ചറിഞ്ഞത്.
പേറ്റന്റ് ലഭിച്ചതോടെ ഈയിനത്തിൽപെട്ട കുരുമുളകുതൈകൾ ഉത്പാദിപ്പിക്കുന്നതിനും വിപണനം നടത്തുന്നതിനുമുള്ള ബൗദ്ധിക സ്വത്തവകാശം ജോർജിൽ മാത്രം നിക്ഷിപ്തമായിരിക്കും. കർഷകർക്കായി കോഴിക്കോട് സുഗന്ധവിള ഗവേഷണ കേന്ദ്രത്തിൽ സംഘടിപ്പിച്ച പരിശീലന ക്ലാസിൽ പങ്കെടുത്തതാണ് ഇക്കാര്യത്തിൽ വഴിത്തിരിവായത്. ക്ലാസെടുത്ത ശാസ്ത്രജ്ഞൻ ഒരു കിലോ പച്ചകുരുമുളക് ഉണങ്ങിയാൽ 350 ഗ്രാം ഉണക്കമുളക് ലഭിക്കുമെന്നു നടത്തിയ പ്രസ്താവന ജോർജിന് അംഗീകരിക്കാനായില്ല.
തന്റെ തോട്ടത്തിൽ അഞ്ഞൂറു ഗ്രാം ഉണക്കമുളക് ലഭിക്കുന്ന കൊടികൾ ഉണ്ടെന്നു ജോർജ് വ്യക്തമാക്കി. ഇതേത്തുടർന്ന് കൃഷിവകുപ്പിലെ ശാസ്ത്രജ്ഞർ അട്ടപ്പാടി അച്ചൻമുക്കിലുള്ള തോട്ടത്തിൽ നാലുകൊല്ലം പഠനം നടത്തി വസ്തുത ശരിവയ്ക്കുകയായിരുന്നു. ജോർജിന്റെ വല്യപ്പൻ കല്ലുവേലിൽ ജോസഫ് 1959 ൽ അട്ടപ്പാടിയിലേക്കു കുടിയേറിയപ്പോൾ സ്വന്തം നാടായ കോട്ടയം കുറവിലങ്ങാട് തോട്ടുവയിൽനിന്നു കൊണ്ടുവന്നു നട്ടുപിടിപ്പിച്ച കുരുമുളകുചെടിക്കാണ് ഇപ്പോൾ പേറ്റന്റ് ലഭിച്ചിരിക്കുന്നത്.
നാരായകൊടി ഇനത്തിൽപെട്ട കുരുമുളകു ചെടികളാണിത്. ഇതുതന്നെ പതിനൊന്ന് ഇനത്തിൽ കാണപ്പെടുന്നുണ്ട്. അഗളി പെപ്പർ എന്ന പേരു നല്കിയാണ് ഗവേഷണ കേന്ദ്രം പേറ്റന്റിനു ശിപാർശ നല്കിയത്. പരമ്പരാഗത കർഷകകുടുംബമാണ് ജോർജിന്റേത്.അമ്പത്തഞ്ചുകാരനായ ഈ കർഷകൻ ജനിച്ചത് അട്ടപ്പാടിയിൽതന്നെയാണ്. കരിമുണ്ട, നീലമുണ്ടി, വെള്ളമുണ്ടി, കൊറ്റനാടൻ, നാരായകൊടി, ഇരുമണിയൻ തുടങ്ങി വിവിധയിനം കുരുമുളകും കമുക്, കാപ്പി, ഏലം, വാഴ തുടങ്ങിയ കൃഷികളും തോട്ടത്തിലുണ്ട്.
വല്യപ്പൻ നട്ടുവളർത്തിയ കുരുമുളകുചെടികൾ ഇന്നും കേടുകൂടാതെ തോട്ടത്തിൽ വളരുന്നുണ്ട്. ജൈവവളം മാത്രമാണ് മണ്ണിൽ പ്രയോഗിക്കുന്നത്. മറ്റ് കുരുമുളകുചെടികൾ വിവിധ തരത്തിലുള്ള കീടബാധയിൽ നശിക്കുന്പോൾ ഇപ്പോൾ പേറ്റന്റ് ലഭിച്ച ഇനം കുരുമുളകുചെടികൾക്കു രോഗബാധയുണ്ടാകുന്നില്ല. മറ്റു കുരുമുളകുകളെ അപേക്ഷിച്ച് ഒരു മാസത്തെ മൂപ്പ് കൂടുതലാണ്. കുരുമുളകുമണിക്ക് വലിപ്പക്കൂടുതലും തൊലിക്കനം വളരെ കുറവുമാണ്. ഇക്കാരണത്താൽ മുളക് പഴുത്താൽ തന്നെയും പക്ഷികൾ തിന്നില്ല. പഴുത്ത മണികൾ കൊഴിഞ്ഞുവീഴുകയുമില്ല. തിരി അടക്കം അടർന്നുവീഴുകയാണ് ചെയ്യുക.
കീടബാധ ഏൽക്കാത്തതിനാൽ ജോർജിന്റെ തോട്ടത്തിൽ അഗളി പെപ്പർ ഇനത്തിൽപെട്ട കൊടികളാണധികവും. സദാസമയവും കൃഷിയിൽ വ്യാപൃതനായ ജോർജിനു കൂട്ടായി ഭാര്യ ജിജിയും കൂടെയുണ്ട്. മൂത്തമകൻ ക്രിസ്റ്റോ പൂനെ പേപ്പൽ സെമിനാരിയിൽ വൈദിക പഠനത്തിലാണ്. രണ്ടാമത്തെ മകൻ ക്ലിന്റോ സൗദിയിൽ ജോലി ചെയ്യുന്നു. മൂന്നാമൻ ടോം വിദ്യാർഥിയാണ്. കാനഡ മിസിസാഗ ബിഷപ് മാർ ജോസ് കല്ലുവേലിലിന്റെ സഹോദരപുത്രനാണ് ജോർജ് കല്ലുവേലിൽ.