വിപണി വിശേഷം / കെ.ബി. ഉദയഭാനു
റബർ മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണാൻ തായ്ലന്റ് പണസമാഹരണത്തിന് ഒരുങ്ങുന്നു, വർഷത്തിന്റെ രണ്ടാം പകുതിയിൽ മുന്നേറ്റസാധ്യത തെളിയുന്നു. കുരുമുളക് വീണ്ടും കരുത്ത് കാണിച്ചു. പുതിയ ചുക്കുവരവ് ചുരുങ്ങി. മധ്യകേരളത്തിലെ തോട്ടങ്ങൾ ജാതിക്ക വിളവെടുപ്പിന് തയാറെടുക്കുന്നു. വെളിച്ചെണ്ണവിലയിൽ ചാഞ്ചാട്ടം. സ്വർണവില താഴ്ന്നു.
കുരുമുളക്
കുരുമുളക് കർഷകരും സ്റ്റോക്കിസ്റ്റുകളും ചരക്കുനീക്കം വെട്ടിക്കുറച്ചത് വിലക്കയറ്റത്തിനു വഴിതെളിച്ചു. ഉത്പന്നത്തിന്റെ വരവ് കുറഞ്ഞതോടെ വില ഉയർത്തി ലഭ്യത ഉറപ്പിക്കാൻ വാങ്ങലുകാർ ഉത്സാഹിച്ചു. പോയവാരം മുളകുവില 1400 രൂപ വർധിച്ചു. ഇറക്കുമതി ലോബിയും കുരുമുളക് നീക്കം കുറച്ചത് വിപണി നേട്ടമാക്കി. ഉത്തരേന്ത്യയിൽനിന്ന് മുളകിന് അന്വേഷണങ്ങളുണ്ട്.
കർണാടകത്തിൽ വിളവെടുപ്പ് പുരോഗമിക്കുന്നു. ഇടുക്കി, വയനാട് ഭാഗങ്ങളിൽനിന്ന് കാര്യമായ വില്പന സമ്മർദമില്ല. ചില സ്വകാര്യ ഏജൻസികളുടെ വിലയിരുത്തലിൽ ഇക്കുറി ഇടവപ്പാതി പതിവിലും അല്പം മെച്ചപ്പെടുമെന്നത് കാർഷിക മേഖലയ്ക്ക് അനുകൂലമാവും. കൊച്ചിയിൽ അണ് ഗാർബിൾഡ് കുരുമുളക് 36,700 രൂപയിൽനിന്ന് 38,100 രൂപയായി.
റബർ
തായ്ലൻഡ് അവരുടെ റബർ ഉത്പാദന മേഖലയ്ക്ക് കരുത്ത് പകരാൻ വൻ സാന്പത്തിക പദ്ധതികൾക്കു രൂപം നൽക്കുന്നു. റബർ മേഖലയുടെ പുനരുദ്ധാരണത്തിനായി 963 ദശലക്ഷം ഡോളർ സമാഹരിക്കാനുള്ള ഒരുക്കത്തിലാണവർ. പ്രതിവർഷം ഒന്നു മുതൽ 3.3 ദശലക്ഷം ടണ് റബറിന്റെ ഉത്പാദനം വെട്ടിക്കുറയ്ക്കാനും കർഷകർക്ക് സാന്പത്തികസഹായത്തിനുമാണ് തായ്ലൻഡിന്റെ പദ്ധതി. ബോണ്ടുകൾ വഴി സമാഹരിക്കുന്ന പണം കർഷകർക്കു വായ്പ്പയായി നൽക്കാനുള്ള നീക്കത്തിലാണവർ.
ഏതാനും വർഷങ്ങളായി റബറിനു നേരിട്ട വിലത്തകർച്ച തായ്ലൻഡിന്റെ സന്പദ് രംഗത്തും തളർച്ച ഉളവാക്കി. തായ്ലൻഡ് ഏറ്റവും കൂടുതൽ റബർ ഉത്പാദനവും കയറ്റുമതിയും നടത്തുന്നതിനൊപ്പം പുതിയ നീക്കവും രാജ്യാന്തര മാർക്കറ്റിൽ ചലനമുളവാക്കും. ഇതിന്റെ ചുവടുപിടിച്ച് മലേഷ്യ, ഇന്തോനേഷ്യ, വിയറ്റ്നാം, ഇന്ത്യൻ മാർക്കറ്റുകളും വരും മാസങ്ങളിൽ ചൂടുപിടിക്കാം.
പ്രമുഖ അവധിവ്യാപാര കേന്ദ്രങ്ങളായ ടോക്കോമിലും സീക്കാമിലും മാത്രമല്ല ചൈനീസ് മാർക്കറ്റിലും നിക്ഷേപകരുടെ താത്പര്യം വർധിക്കാം. ടോക്കോമിൽ കിലോ 190 യെന്നിൽ നീങ്ങുന്ന റബറിന് 240 യെന്നിൽ പ്രതിരോധമുണ്ട്.
സംസ്ഥാനത്ത് മഴ ലഭ്യമായെങ്കിലും നിർത്തിവച്ച ടാപ്പിംഗ് പുനരാരംഭിക്കാൻ ഇനിയും കാത്തിരിക്കണം. മുഖ്യവിപണികളിൽ ഷീറ്റ് ലാറ്റക്സ് വരവ് നാമമാത്രമാണ്. ചരക്ക് ക്ഷാമത്തിനിടയിലും വ്യവസായ ലോബി നാലാം ഗ്രേഡ് റബർ 12,400 രൂപയായും അഞ്ചാം ഗ്രേഡ് 12,200 രൂപയായും താഴ്ത്തി. ലാറ്റക്സിന് 300 രൂപ ഇടിഞ്ഞ് 8300 രൂപയായി.
ചുക്ക്
ഗ്രാമീണ മേഖലകളിൽനിന്നുള്ള പുതിയ ചുക്കുവരവ് തൊട്ട് മുൻവാരത്തെ അപേക്ഷിച്ച് ചുരുങ്ങിയത് നിരക്കുയരാൻ അവസരമൊരുക്കാം. അറബ് രാജ്യങ്ങളിൽനിന്ന് ചുക്കിന് അന്വേഷണങ്ങളുണ്ട്. പുതിയ ചുക്കുവരവ് 500 ചാക്കിൽ ഒതുങ്ങി. ഏതാനും മാസങ്ങളായി വിവിധയിനം ചുക്കുവില സ്റ്റെഡിയാണ്. കൊച്ചിയിൽ ചുക്ക് 12,500-13,500 രൂപ.
ഏലം
ഏലക്ക വിളവെടുപ്പ് അവസാന ഘട്ടത്തിലാണ്. മികച്ചയിനം ഏലക്ക വില കിലോ 1200 രൂപയ്ക്ക് മുകളിലാണ്. വരും മാസങ്ങളിൽ വലുപ്പം കൂടി ഇനങ്ങൾക്ക് ക്ഷാമം നേരിടാൻ ഇടയുണ്ട്. ആഭ്യന്തര- വിദേശ വിപണികളിൽനിന്ന് ഏലത്തിന് ആവശ്യക്കാരുണ്ട്.
നാളികേരം
പാം ഓയിലിന്റെ ഇറക്കുമതി ഡ്യൂട്ടി വർധന ഭക്ഷ്യയെണ്ണ വിലയിൽ ചാഞ്ചാട്ടം ഉളവാക്കി. മുംബൈ മാർക്കറ്റിൽ സൂര്യകാന്തി, സോയ എണ്ണ വിലകൾ കയറിയിറങ്ങി. പോയവാരം വെളിച്ചെണ്ണവിപണിയും ചാഞ്ചാടി. നാളികേര വിളവെടുപ്പ് ഉൗർജിതമായി. പല ഭാഗങ്ങളിലും തേങ്ങാവെട്ടും കൊപ്ര സംസ്കരണവും സജീവമാണ്. വെളിച്ചെണ്ണ 17,100ൽനിന്ന് 17,300 വരെ ഉയർന്നെങ്കിലും ശനിയാഴ്ച വ്യാപാരം അവസാനിക്കുന്പോൾ 17,200 രൂപയിലാണ്. കൊപ്ര വില 11,600 വരെ കയറിയ ശേഷം 11,540 രൂപയിലാണ്.
സ്വർണം
കേരളത്തിൽ സ്വർണവില താഴ്ന്നു. വാരാരംഭത്തിൽ ആഭരണവിപണികളിൽ 22,640 രൂപയിൽ നീങ്ങിയ പവൻ കൂടുതൽ ഉയരാനാവാതെ വാരാവാനം 22,440 ലേക്കു താഴ്ന്നു. ഒരു ഗ്രാം സ്വർണത്തിന്റെ വില 2805 രൂപ. അന്താരാഷ്ട്ര വിപണിയിലും സ്വർണത്തിന് തളർച്ച നേരിട്ടു. ന്യൂയോർക്കിൽ ട്രോയ് ഒൗണ്സ് സ്വർണം 1323 ഡോളറിൽ നിന്ന് 1313 ഡോളറായി.