കോട്ടയം: കാറിനു വഴി ലഭിക്കാത്തതിനെതുടർന്നുണ്ടായ തർക്കത്തിൽ കാൽനടയാത്രക്കാർക്കു നേരെ കുരുമുളകു സ്പ്രേ ചെയ്ത യുവാവിനെതിരെ പോലീസ് പെറ്റി കേസ് രജിസ്റ്റർ ചെയ്തു. ഇന്നലെ വൈകുന്നേരം തിരുനക്കര ടെന്പിൾ കോണറിലാണു സംഭവം. ചുങ്കം സ്വദേശിയായ യുവാവ് കാറിൽ നഗരത്തിലെത്തിയതായിരുന്നു.
വീതി കുറഞ്ഞ റോഡിൽ കാൽനടയാത്രക്കാർ നടന്നു പോകുന്നതിനാൽ കാർ വേഗത്തിലോടിച്ചു പോകാൻ കഴിഞ്ഞില്ല. ടെന്പിൾ കോർണറിൽ വച്ചു കാർ ബൈക്കിൽ ഉരസിയതോടെ കാറുകാരനും ബൈക്ക് യാത്രക്കാരനും തമ്മിൽ തർക്കമായി. തുടർന്നു കാറിനുള്ളിലിരുന്ന യുവാവ് കാൽനടയാത്രക്കാർക്കു നേരെ കുരുമുളകു സ്പ്രേ അടിക്കുകയായിരുന്നു.
തുടർന്നു എല്ലാവരും ചേർന്നു കാർ തടഞ്ഞുവച്ചു വെസ്റ്റ് പോലീസിനെ അറിയിക്കുകയായിരുന്നു. പീന്നിട് ആരും പരാതി നല്കാത്തതിനെതുടർന്നാണു പോലീസ് ഇയാൾക്കെതിരെ പെറ്റി കേസ് രജിസ്റ്റർ ചെയ്തു ജാമ്യത്തിൽ വിട്ടയച്ചത്.