വിപണി വിശേഷം / കെ.ബി. ഉദയഭാനു
അനുകൂല കാലാവസ്ഥയിൽ റബർ ഉത്പാദനം ഉയർന്നതുകണ്ട് വ്യവസായികൾ ലാറ്റ്ക്സ് വില ഇടിച്ചു. പാൻമസാല വ്യവസായികളുടെ വരവ് അടയ്ക്കവിപണിയെ സജീവമാക്കി. ഉത്തരേന്ത്യയിൽ പാചകയെണ്ണവില കുറഞ്ഞതു വെളിച്ചെണ്ണ ഉത്പാദകരെ പിരിമുറുക്കത്തിലാക്കി. ഏലക്കയും കുരുമുളകും മികവു നിലനിർത്തി. ശൈത്യകാല ഡിമാൻഡ് ചുക്കിനു ചൂടു പകരും. പവന് 400 രൂപ കുറഞ്ഞു, രാജ്യാന്തര വിപണിയിൽ മഞ്ഞലോഹം 1200 ഡോളറിനെ ഉറ്റുനോക്കുന്നു.
റബർ
സംസ്ഥാനത്ത് റബർ ഉത്പാദനം ആറ് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന തലത്തിൽ. കാലാവസ്ഥ അനുകൂലമായതോടെ റബർമരങ്ങളിൽനിന്നുള്ള യീൽഡ് അനുദിനം ഉയർന്നു. തോട്ടം മേഖലയിൽ റബർവെട്ട് വ്യാപകമായതോടെ ചെറുകിട വിപണികളിൽ ലാറ്റക്സ് വരവ് നിത്യേന ഉയർന്നു. ഏതാനും മാസങ്ങളായി ലാറ്റക്സ് ക്ഷാമം രൂക്ഷമായിരുന്നെങ്കിലും ലഭ്യത ഉയർന്നതോടെ വ്യവസായികൾ നിരക്ക് ഇടിക്കാൻ മത്സരിച്ചു. കഴിഞ്ഞ മാസം 9,500 രൂപ വരെ കയറിയ ലാറ്റക്സ് ഇപ്പോൾ 8100 രൂപയിലാണ്. പകൽ താപനില താഴ്ന്നതിനാൽ നവംബർ രണ്ടാം പകുതിയിൽ യീൽഡ് ഇരട്ടിക്കും.
ഷീറ്റ് വരവ് വൃശ്ചികത്തിൽ ഉയരുമെന്നാണ് വിപണി വൃത്തങ്ങളുടെ വിലയിരുത്തൽ. ദീപാവലി വേളയിൽ ഉത്തരേന്ത്യൻ ചെറുകിട വ്യവസായികൾ മാർക്കറ്റിൽനിന്ന് വിട്ടുനിന്നു. ഈ അവസരത്തിൽ ടയർ നിർമാതാക്കൾ 12,500ൽനിന്ന് നാലാം ഗ്രേഡ് റബർ 12,400ലേക്കു താഴ്ത്തി. അഞ്ചാം ഗ്രേഡ് 11,900 രൂപയിലാണ്.
ടോക്കോം എക്സ്ചേഞ്ചിൽ റബർ സെല്ലിങ് മൂഡിലാണ്. ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വില താഴ്ന്നത് ഓപ്പറേറ്റർമാരെ റബറിൽ വില്പനക്കാരാക്കി. വാരാന്ത്യം ടോക്കോമിൽ റബർ അവധി വില കിലോ 138 യെന്നിലാണ്.
നാളികേരം
ഉത്തരേന്ത്യയിൽ പാചകയെണ്ണകളുടെ നിരക്കു താഴ്ന്നു. ദീപാവലി കഴിഞ്ഞതോടെ വിപണി അല്പം തളർച്ചയിലാണ്. ഉത്സവവേളയിലെ വില്പന പൂർത്തിയായതോടെ സ്റ്റോക്കുള്ള പാം ഓയിൽ, സൂര്യകാന്തി, സോയാ എണ്ണകൾ വിറ്റഴിക്കുകയാണ്. ഉത്തരേന്ത്യയിലെ മാന്ദ്യം ദക്ഷിണേന്ത്യയിൽ വെളിച്ചെണ്ണയെ സമ്മർദത്തിലാക്കി. കൊച്ചിയിൽ വെളിച്ചെണ്ണ 13,700നിന്ന് ശനിയാഴ്ച 13,550 ലേക്ക് ഇടിഞ്ഞു. 9165ൽനിന്ന് 9065 രൂപയായി. ഈ വാരം കൊപ്ര 9000 രൂപയിലെ നിർണായക താങ്ങ് നിലനിർത്താനുള്ള ശ്രമത്തിലാണ്.
ഓണവേളയിൽ 10,000 രൂപയിൽ നീങ്ങിയ കൊപ്ര വില ഇടിഞ്ഞത് കാർഷിക മേഖലയെ സാന്പത്തികമായി തളർത്തി. ഉത്പാദകർ കൊപ്ര വില്പനയ്ക്ക് ഇറക്കുന്നത് നിയന്ത്രിച്ചാൽ പ്രതിസന്ധിയെ പിടിച്ചുനിർത്താനാവും.
അടയ്ക്ക
രാജ്യത്തെ വൻകിട പാൻമസാല വ്യവസായികൾ അടയ്ക്ക സംഭരിക്കാൻ മത്സരിച്ചു. വിവിധ വിപണികൾ കേന്ദ്രീകരിച്ച് അവർ അടയ്ക്ക സംഭരിച്ചതോടെ വില ക്വിന്റലിന് 24,000 രൂപ വരെ ഉയർന്നു.18,000-19,000 രൂപയിൽനിന്ന് കുതിച്ചുചാട്ടം കാഴ്ചവച്ച അടയ്ക്ക വാരാന്ത്യം 22,000-23,000 രൂപയിലാണ്. മികച്ചയിനം അടയ്ക്കയുടെ ലഭ്യത ചുരുങ്ങിയതാണ് വ്യവസായികളെ വില ഉയർത്താൻ പ്രേരിപ്പിച്ചത്.
ഏലം
ഉത്സവദിനങ്ങൾ കഴിഞ്ഞങ്കിലും ഏലക്ക ക്ഷാമം തുടരുന്നു. ലേലത്തിന് എത്തുന്ന ചരക്ക് ഇടപാടുകാർ മത്സരിച്ചുവാങ്ങി. ഹൈറേഞ്ചിലെ തോട്ടങ്ങളിൽ സജീവമെങ്കിലും പുതിയ ഏലക്കവരവു ശക്തിയാർജിക്കാൻ കാത്തിരിക്കണമെന്ന അവസ്ഥയാണ്. കയറ്റുമതിക്കാർക്കു പ്രിയമേറിയ വലുപ്പം കൂടിയ ഇനങ്ങളുടെ ലഭ്യത കുറവാണ്. ഉത്തരേന്ത്യയിൽ വലുപ്പം കുറഞ്ഞ ചരക്കിനാണ് ഡിമാൻഡ്. ദീപാവലിവേളയിൽ കിലോ 1660 വരെ ഉയർന്ന ഏലക്ക പിന്നീട് 1400 റേഞ്ചിലേക്കു താഴ്ന്നു. വാരാന്ത്യം മികച്ചയിനങ്ങൾ 1500 രൂപയിലാണ്.
ചുക്ക്
ചുക്കിന് ആവശ്യം വർധിച്ചു. ശൈത്യകാലത്തിനു തുടക്കംകുറിച്ചതോടെ ഒട്ടുമിക്ക ഭാഗങ്ങളിൽനിന്നും ചുക്കിന് അന്വേഷണങ്ങൾ എത്തുന്നുണ്ട്. ആഭ്യന്തര ഡിമാൻഡ് മുന്നിൽക്കണ്ട് വ്യവസായികൾ നൈജീരിയൻ ചുക്ക് ഇറക്കുമതി നടത്തി. നൈജീരിയൻ ചുക്ക് കിലോ 100-120 രൂപയ്ക്ക് ഉത്തരേന്ത്യയിൽ ലഭ്യമാണ്. നാടൻ ചുക്ക് വില കിലോ 180-200 രൂപയാണ്. അറബ് രാജ്യങ്ങൾ ഇന്ത്യൻചുക്ക് ശേഖരിക്കുന്നുണ്ട്.
കുരുമുളക്
ഹൈറേഞ്ച് കുരുമുളകിനു ക്ഷാമം നേരിട്ടതോടെ വാങ്ങലുകാർ നിരക്ക് ഉയർത്തി. അടുത്ത സീസണിൽ ഉത്പാദനം ചുരുങ്ങുമെന്ന വിലയിരുത്തലുകൾ ചരക്കുവരവ് കുറയാൻ ഇടയാക്കി. തെക്കൻ കേരളത്തിൽ മൂപ്പുകുറഞ്ഞ മുളകിന്റെ വിളവെടുപ്പ് പുരോഗമിക്കുന്നു. ഒലിയോറസിൻ വ്യവസായികളും അച്ചാർ നിർമാതാക്കളും മുളക് എടുത്തു. അൺഗാർബിൾഡ് കുരുമുളക് 37,200 രൂപയിലും ഗാർബിൾഡ് 39,200 രൂപയിലുമാണ്. രാജ്യാന്തരമാർക്കറ്റിൽ ഇന്ത്യൻ വില ടണ്ണിന് 5600 ഡോളർ. വിയറ്റ്നാം 3000 ഡോളറിനും ബസീൽ 3100 ഡോളറിനും ഇന്തോനേഷ്യ 3200 ഡോളറിനും ശ്രീലങ്ക 3800 ഡോളറിനും ക്വട്ടേഷൻ ഇറക്കി.
സ്വർണം
സ്വർണവില പവന് 400 രൂപ കുറഞ്ഞു. ആഭരണകേന്ദ്രങ്ങളിൽ 23,600 ൽനിന്ന് പവൻ ശനിയാഴ്ച 23,200 രൂപയായി. ഒരു ഗ്രാമിന് 50 രൂപ കുറഞ്ഞ് 2900 രൂപയായി. രാജ്യാന്തരവിപണിയിൽ സ്വർണവില ട്രോയ് ഔൺസ് സ്വർണം 1232 ഡോളറിൽനിന്ന് 1206 വരെ ഇടിഞ്ഞശേഷം ക്ലോസിംഗ് നടക്കുമ്പോൾ 1209 ഡോളറിലാണ്.