കായംകുളം: 2019-20 പദ്ധതിയുടെ ഭാഗമായി കായംകുളം നഗരസഭ കുറ്റിക്കുരുമുളക് തൈകൾ വിതരണം ചെയ്യുന്നതിനു വേണ്ടി തൈകൾ വാങ്ങിയതിൽ ഗുരുതരമായ ക്രമേക്കേടും അഴിമതിയും നടന്നതായി യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ യു. മുഹമ്മദ് ആരോപിച്ചു.
32 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. സർക്കാർ ഏജൻസി വഴിയാണ് തൈകൾ വാങ്ങിയതെന്നാണ് ഭരണ നേതൃത്വം അവകാശപ്പെടുന്നത്. എന്നാൽ സർക്കാർ ഏജൻസിയുടെ മറവിൽ സ്വകാര്യ നഴ്സറികളിൽ നിന്നും വാങ്ങിയ ഗുണ നിലവാരമില്ലാത്ത തൈകളാണ് വാങ്ങി വിതരണം ചെയ്തത്.
സാധാരണ കുറ്റിക്കുരുമുളക് തൈകൾക്ക് ശരാശരി നാല് തിരിയും പന്ത്രണ്ട് ഇലകളും ഉള്ളതാണ്. ഇവയ്ക്ക് ഒരു വർഷം പരിചരണം കിട്ടിയതായിരിക്കണം. ഒരു വർഷം പ്രായമുള്ള കുറ്റിക്കുരുമുളക് തൈകൾക്ക് പകരം നാലു മാസം പോലും പരിചരണം ലഭിക്കാത്ത തൈകളാണ് കൊടുത്തത്.
മാത്രമല്ല, കുറ്റിക്കുരുമുളകിന് പകരം വള്ളിക്കുരുമുളകാണ് തട്ടിപ്പിന് ഉപയോഗിച്ചിരിക്കുന്നതെന്നും യുഡി എഫ് പാർലമെന്ററി പാർട്ടി ലീഡർ ആരോപിച്ചു. യാതൊരു നടപടി ക്രമങ്ങളും പാലിക്കാതെ, നഗരസഭാ കൗൺസിലിനെ പോലും അറിയിക്കാതെ രഹസ്യമായി നടത്തിയ കച്ചവടമായിരുന്നു ഇത്.
സ്വകാര്യ നഴ്സറികൾ വഴി വിതരണം ചെയ്ത തൈകൾ നഗരത്തിലെ പതിനായിരം വീടുകളിലാണ് എത്തിച്ചത്. ഗുണ ഭോക്താക്കൾക്ക് യാതൊരു പ്രയോജനവും ഇല്ലാത്ത തൈകൾ നൽകി ലക്ഷങ്ങളുടെ അഴിമതിയാണ് നടത്തിയിട്ടുള്ളത്.
സർക്കാർ ഏജൻസിയിൽ നിന്ന് 100 രൂപാ നിരക്കിൽ വാങ്ങി എന്ന് അവകാശപ്പെടുന്ന തൈകൾ യഥാർഥത്തിൽ കേവലം 40 രൂപ നിരക്കിൽ പരിസര പ്രദേശത്തെ സ്വകാര്യ നഴ്സറികളിൽ നിന്ന് വാങ്ങിയതാണ്.
ഈ വൻ തട്ടിപ്പിന് കൂട്ടു നിന്ന കൃഷി ഓഫീസർ ഉൾപ്പെടെ ഉള്ളവരുടെ വഴിവിട്ട പ്രവർത്തനങ്ങളെ പറ്റി കേസെടുത്ത് അന്വേഷണം നടത്തുന്നതിന് ആലപ്പുഴ വിജിലൻസ് വിഭാഗത്തിന് പരാതി നൽകുമെന്നും യു. മുഹമ്മദ് പ്രസ്താവനയിൽ പറഞ്ഞു.