വടക്കഞ്ചേരി : കർഷകർക്ക് പ്രതീക്ഷ നൽകി കൊടികളിൽ കുരുമുളക് ഉണ്ടാകുന്നതിനുള്ള തിരി (പൂക്കുലകൾ) നിറഞ്ഞു. നല്ല വേനൽമഴകൾക്ക് പിന്നാലെ അനുകൂലമായ കാലവർഷവും കുരുമുളകിൽ വലിയ പ്രതീക്ഷയാണ് കർഷകരെല്ലാം പ്രകടിപ്പിക്കുന്നത്.
നീർവാർച്ച കുറഞ്ഞ ചിലയിടങ്ങളിൽ കൊടി വാട്ടം ഉണ്ടെങ്കിലും പൊതുവെ തുടക്കം തരക്കേടില്ലെന്ന് തന്നെയാണ് കർഷകർ പറയുന്നത്.കഴിഞ്ഞ ഒരാഴ്ചയായി മഴവിട്ട് നിന്ന് വെയിൽ കിട്ടിയതും ഗുണം ചെയ്യും. വരും ദിവസങ്ങളിൽ ശക്തിപ്പെടാൻ സാധ്യതയുള്ള മഴക്കാലം ചതിക്കാതെ വിളവുണ്ടാകണം.
ആറ് മാസക്കാലം കണക്കുകൂട്ടലുകൾ പിഴക്കരുത്. വിളവിനൊപ്പം വിലയും ഉയർന്നു നിൽക്കണം. എങ്കിൽ മാത്രമെ ഇപ്പോൾ തിരികളിലെ പ്രതീക്ഷ വരുമാനമായി മാറു. മേഖലയിലെ കർഷക കുടുംബങ്ങളിൽ പ്രത്യേകിച്ച് മലയോരങ്ങളിൽ ഒരു വർഷത്തെ കുടുംബ ബജറ്റ് തയ്യാറാക്കുന്നത് ഈ പച്ച വള്ളികളിലെ കറുത്ത പൊന്നിനെ ആശ്രയിച്ചാണ്.
വിളവിലും വിലയിലും ഏറ്റക്കുറച്ചിലുകളുണ്ടായാൽ എല്ലാം തകിടം മറിയും. റബർ വിലയിലെ ചാഞ്ചാട്ടങ്ങൾ ബാലൻസ് ചെയ്ത് പോകുന്നത് കുരുമുളകിൽ നിന്നുള്ള വരുമാനം കൊണ്ടാണെന്ന് കുഞ്ചിയാർപതി മലയടിവാരത്തെ കർഷകനായ കൊട്ടാരത്തിൽ ജെയിംസ് പറയുന്നു. രാ
സവളപ്രയോഗമില്ലാതെ കുരുമുളക് കൃഷി നടത്തുന്ന മംഗലംഡാം മലയോര മേഖലയിലെ മുളകിന് മറ്റു പ്രദേശങ്ങളിലെ മുളകിനേക്കാൾ കിലോക്ക് 20 രൂപ മുതൽ 50 രൂപ വരെ കൂടുതൽ കിട്ടും. ഗുണമേന്മയിൽ മുന്നിൽ നിൽക്കുന്നതിനൊപ്പം ഇവിടുത്തെ കുരുമുളക് കാണാനും ചന്ത കൂടുതലുണ്ട്.
ഉരുണ്ട് നല്ല കറുത്ത വലിയ മണിയാകും. വനത്തിനകത്തെ തളികകല്ലിലെ ആദിവാസികളും കുരുമുളക് തോട്ടം ഉടമകളായുണ്ട്. കാട്ടിലെ കറുത്ത മണ്ണിൽ സ്വാഭാവിക പരിചരണത്തിൽ വളർന്ന് വിളയുന്ന ഇവിടുത്തെ മുളകിന് വിപണിയിലും നല്ല ഡിമാന്റുണ്ട്. അ
രനൂറ്റാണ്ട് മുന്പ് വയനാട്ടിൽ നിന്നും കൊണ്ടുവന്ന വള്ളികളുടെ വംശപരന്പരകളാണ് ഇപ്പോഴുള്ളതും.കുഞ്ചിയാർപ്പതി ഇനം എന്നും ഇത് അറിയപ്പെടുന്നുണ്ട്. ഇതിന്റെ കൂടതൈകളും വാങ്ങാൻ കിട്ടും.ഏറ്റവും കുറഞ്ഞ സ്ഥലത്ത് ഏറ്റവും കൂടുതൽ കുരുമുളക് ഉണ്ടാകുന്ന മറ്റൊരു മലന്പ്രദേശമാണ് പാലക്കുഴി എന്ന ജൈവഗ്രാമം.
മലയോരങ്ങളിൽ കുരുമുളക് കൊടികളില്ലാത്ത വീടുകളോ തോട്ടങ്ങളോ ഉണ്ടാകില്ല. എല്ലായിടത്തുമുണ്ട് ഈ സുഗന്ധവ്യഞ്ജന രാജാവ്.കുട്ടികളുടെ വിദ്യാഭ്യാസം മുതൽ വിവാഹം, വീട് പണികൾ, വാഹനം വാങ്ങൽ തുടങ്ങി എന്തും ഈ ബ്ലാക്ക് പെപ്പറിന്റെ വിളവും വിലയും കൂട്ടി കിഴിച്ചാകും.
നല്ല വെയിൽ ലഭിക്കുന്ന നീർവാർച്ചയുളള ഫലഭൂയിഷ്ടമായ മണ്ണിൽ കുരുമുളക് വള്ളികൾ കരുത്തോടെ വളരും. മുരിക്കോ, മുരിങ്ങതണ്ടോ താങ്ങ് തടിയായി കുത്തികൊടുത്താൽ മതി. പലയിടത്തും റബർ മരത്തിൽ തന്നെ മുളക് വള്ളികൾ പിടിപ്പിച്ച് കൃഷി നടത്തുന്നവരുമുണ്ട്.
വില കുറഞ്ഞപ്പോഴാണ് റബർ മരത്തെ കർഷകർ താങ്ങ് തടിയിലേക്ക് തരംതാഴ്ത്തിയത്. ഇപ്പോൾ രണ്ടിനും പ്രാധാന്യം നൽകി കൃഷി നടത്തുന്ന കർഷകരാണ് കൂടുതലും. റബർ തോട്ടത്തിലെ ഇടവിളയായും കുരുമുളക് സ്ഥാനം പിടിച്ചിട്ടുണ്ട്.