37 വർഷമായി രാജ്യത്തെ നിയമസംവിധാനം തേടിക്കൊണ്ടിരിക്കുന്ന ഒരു പേരാണ് സുകുമാരക്കുറുപ്പ്.
ദുൽഖർ സൽമാൻ നായകനായി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ‘കുറുപ്പ്’ എന്ന സിനിമയുടെ പേരിലാണ് 37 വർഷത്തിനു ശേഷം സുകുമാരക്കുറുപ്പും ചാക്കോ വധക്കേസും വീണ്ടും വാർത്തകളിൽ ഇടംപിടിക്കുന്നത്.
എന്നാൽ സുകുമാരക്കുറിപ്പ് ഒരു പൊട്ടനായിരുന്നെന്ന കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഒന്നോ രണ്ടോ ലക്ഷം മുടക്കിയാൽ അന്ന് തീരുമായിരുന്ന ഒരു കേസ് കുളമാക്കി ജീവിതം കോഞ്ഞാട്ട ആക്കിയ ആളാണ് സുകുമാരക്കുറിപ്പെന്നാണ് പോസ്റ്റിൽ പറയുന്നത്.
പോസ്റ്റിന്റെ പൂർണരൂപം
ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്താണ് “സുകുമാരക്കുറുപ്പ് എന്ന നരാധമൻ ഫിലിം റിപ്രെസെന്ററ്റീവ് ആയിരുന്ന ചക്കോയെ അംബാസഡർ കാറിൽ അർധരാത്രിയിൽ തീ വെച്ച് കൊന്ന് ഇൻഷുറൻസ് തട്ടിയെടുത്ത് കോടീശ്വരൻ ആകാനുള്ള ശ്രമം” നടത്തിയ വാർത്തകളാൽ പത്രങ്ങൾ നിറഞ്ഞത്. അക്കാലത്തു മാധ്യമങ്ങൾ എന്നാൽ പത്രം, റേഡിയോ ആൻഡ് കരക്കമ്പി എന്നിവ മാത്രം..
റേഡിയോ എന്നത് സർക്കാർ നിയന്ത്രണം ആയത് കൊണ്ട് ആകാശവാണി വാർത്ത ചലച്ചിത്ര ഗാനം, രഞ്ജിനി, വയലും വീടും, കണ്ടതും കേട്ടതും, വാഴയുടെ നിമ വിര നിയന്ത്രിക്കുന്നതെങ്ങനെ,
തെങ്ങിലെ മണ്ഡരി നിയന്ത്രിക്കാൻ മൂട്ടിൽ പുക ഇടണ്ടേ ഇങ്ങനെ വിക്ഞാന പ്രദമായ പരിപാടിയിൽ ഒതുങ്ങി നിൽക്കുന്ന കാലം.
അത് മുതലെടുത്തു കൊണ്ട് പത്രങ്ങൾ കോട്ടയം പുഷ്പനാഥിന് വെല്ലുവിളി ഉയർത്തുന്ന കാലം. “ഇന്ദിര ഗാന്ധിയെ ബീന്ത് സിംഗ് വെടി വെച്ചപ്പോൾ യന്ത്രതോക്കിൽ നിന്ന് “ട്ടേ ട്ടേ ” എന്ന ശബ്ദത്തിൽ വെടിയുണ്ടകൾ ചീറി പാഞ്ഞു,
ഇന്ദിരയെന്ന ഭാരതത്തിന്റെ പ്രിയപുത്രി നിശബ്ദയായി, ഇതൾ അടർന്ന റോസാ പുഷ്പം പോലെ വീണു ” എന്നൊക്കെ സ്വന്തം ലേഖകന്മാർ വെച്ച് കീച്ചുന്ന യുഗത്തിൽ സുകുമാരക്കുറുപ്പ് ഒരു ബുദ്ധിരാക്ഷസൻ ആയ കൊടും ഭീകര കൊലയാളിയായി കരക്കമ്പി പ്രക്ഷേപണം കവലകളിൽ, ബാർബർ ഷോപ്പുകളിൽ,ഷാപ്പിൽ, വീടുകളിൽ ഒക്കെ ശാസ്ത്രീയ രീതിയിൽ വിശകലനം ചെയ്യപ്പെടുമായിരുന്നു.
മംഗളം മുതൽ കാക്കത്തൊള്ളായിരം മാ വാരികകൾക്ക് ഗ്രഹണി പിടിച്ച പിള്ളേർക്ക് ചക്ക കൂട്ടാൻ കിട്ടിയ ആവേശം ആയിരുന്നു.
അതിന്റെ “ലേഖകന്മാർ ” അവരവരുടെ റേഞ്ച് അനുസരിച്ച് ട്വിസ്റ്റ് ഉണ്ടാക്കി പിടിച്ചു നിന്നു. ചില പാർട്ട് ടൈം കഥാപ്രസംഗ സാമ്രാട്ടുകൾ പകലുള്ള ചായക്കട ജോലി സമയത്ത് ചായക്കടയിൽ വരുന്നവർ കൈമാറുന്ന കുറ്റാന്വേഷണത്തിലെ നൂതന സാങ്കേതിക വിദ്യകൾ രാത്രിയിൽ അവരുടെ കഥാപ്രസംഗത്തിൽ സന്നിവേശിപ്പിക്കുന്നതിൽ ആലോചിച്ചു ചായ അടിച്ചു. ആക്കാലം സുകുമാരൻ എന്നോ കുറുപ്പ് എന്നോ പേരുള്ളവരുടെ കഷ്ടകാലം ആയിരുന്നു.
മൂന്ന് ദശബ്ദത്തോളം കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോൾ എനിക്ക് തോന്നുന്നു സുകുമാരക്കുറുപ്പ് ഒരു പൊട്ടൻ ആയിരുന്നു.
ഇതിനേക്കാൾ നിഷ്ടൂരമായ കൊലപാതകം പട്ടാപ്പകൽ നടത്തിയവർ സർക്കാരിന്റെ ബഹുമതികൾ ഏറ്റുവാങ്ങുന്ന കാഴ്ചകൾ നമ്മൾ ദിവസേന കാണുന്നു.
പുള്ളിയെ പോലീസ് ചോദ്യം ചെയ്യുമ്പോൾ പിടിച്ചു നിൽക്കാൻ ഏതെങ്കിലും ലോക്കൽ രാഷ്ട്രീയക്കാരന് ചില്ലറ കൊടുത്തു തീർക്കാമായിരുന്ന സിമ്പിൾ സ്ട്രേറ്റേജി പോലും അറിയാത്ത ഊള ക്രിമിനൽ.
പുള്ളിയുടെ കൈയിൽ അക്കാലത്ത് ലക്ഷക്കണക്കിന് (അന്ന് കോടികൾ എത്തിയിട്ടില്ല 😀) ഉണ്ടായിരുന്നു.
എന്നിട്ടും അതിൽ കുറച്ചായിരങ്ങളിൽ ഒതുങ്ങുമായിരുന്ന കവർ അപ്പ് ഓപ്പറേഷൻ ശ്രമിക്കാതെ പുള്ളി ഒളിവിൽ പോയി മൊത്തത്തിൽ കുളമാക്കി പിടികിട്ടാത്ത അതിബുദ്ധിമാനായ കൊലയാളി ആയി മാറാൻ തീരുമാനിച്ചു.
ആ ക്രൈം ഇപ്പോൾ ആയിരുന്നു എങ്കിലെന്ന് ഞാൻ ഒരു റീമേക്ക് നടത്തി നോക്കി. സുകുമാരക്കുറുപ്പ് രണ്ടാമനെ ചോദ്യം ചെയ്യാൻ പോലീസ് വിളിക്കുന്നു, പുള്ളി ആദ്യ ഘട്ട ചോദ്യം ചെയ്യലിന് ഹാജരാകുന്നു.
പോലീസ് കൂടുതൽ തെളിവുകൾ കിട്ടുന്നത് വരെയും അറസ്റ്റ് നീട്ടി വെയ്ക്കുന്നു, കത്തിയ കാറിന്റെ അവശിഷ്ടം, ചെരുപ്പ് എന്നിവ ഫോറെൻസിക് പരിശോധനക്ക് അയക്കാൻ തീരുമാനം എടുക്കുന്നു, കുറുപ്പ് ദി സെക്കന്റ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി കൊടുക്കുന്നു.
കോടതി പോലീസിനോട് കേസ് ഡയറി ഹാജരാക്കാൻ ആവശ്യപ്പെടുന്നു, പ്രോസിക്കുട്ടർ ഫോറെൻസിക് റിപ്പോർട്ട് കിട്ടിയിട്ടില്ല, റിപ്പോർട്ട് കിട്ടുന്നതിലെ കാലതാമസം കോടതിയെ അറിയിക്കുന്നു.
റിപ്പോർട്ട് കിട്ടുന്നത് വരെയും കുറുപ്പിനെ അറസ്റ്റ് ചെയ്യരുത് എന്ന് വാക്കാൽ പരാമർശം നടത്തി കേസ് മൂന്ന് മാസത്തെ അവധിക്ക് വെയ്ക്കുന്നു.
മൂന്ന് മാസം കഴിയുമ്പോൾ ഫോറെൻസിക് ലാബിന് കതെഴുതിയെങ്കിലും റിപ്പോർട്ട് വൈകാൻ ഇടയുണ്ട് എന്ന മറുപടി കിട്ടിയ കാര്യം അറിയിക്കുന്നു.
കുറച്ചു മാസങ്ങൾ കഴിയുമ്പോൾ ലാബിൽ നിന്ന് ഇതൊക്കെ കാണാതെയായ വാർത്ത പത്രങ്ങളിൽ വരുമ്പോൾ കുറുപ്പ് രണ്ടാമൻ ദുഫായിൽ ഇരുന്നു ചിരിക്കുന്നു.
സത്യത്തിൽ കുറുപ്പ് ഫസ്റ്റ് ഒരു ഷാജിപ്പാപ്പൻ മോഡൽ ആയിരുന്നു. ഒന്നോ രണ്ടോ ലക്ഷം മുടക്കിയാൽ അന്ന് തീരുമായിരുന്ന ഒരു കേസ് കുളമാക്കി ജീവിതം കോഞ്ഞാട്ട ആക്കിയ പെറ്റി idiotic criminal.
കുറച്ചു വക്കീൽ സെറ്റ് വിചാരിച്ചാൽ പുഷ്പം പോലെ ഊരി എടുക്കാമായിരുന്ന കേസ് മാന്തി പുണ്ണാക്കി നാട് വിട്ട് അലഞ്ഞു നടന്ന “ബുദ്ധി രാക്ഷസൻ “.
ദൃശ്യം 2 പോലെ കാലത്തിന്റെ മാറ്റം ഉൾക്കൊണ്ടുകൊണ്ടുള്ള “കുറുപ്പ് ദി സെക്കൻഡ് “സിൽമാക്ക് ശ്രമിക്കണം എന്നാണ് എന്റെ ഒരിത്.
തിരക്കഥക്കുള്ള ത്രെഡ് & ട്വിസ്റ്റ് ഒരു foster പേ ചർച്ചയിൽ ഞാൻ വാഗ്ദാനം ചെയ്യുന്നു. എസ് എൻ സ്വാമി പോലെ വെള്ളിത്തിരയിൽ കഥ,തിരക്കഥ, സംഭാഷണം ബൈജു സ്വാമി എന്ന് കാണുമ്പോൾ ഞാൻ സ്വയം എഴുന്നേറ്റ് നിന്ന് എന്നെതന്നെ ബഹുമാനിച്ചോളാമെന്നേ. 😀
അടിക്കുറിപ്പ് – ഇത് സിൽമായാണ് ജീവിതം ആണ്… എന്നെ ക്രിമിനൽ മൈൻഡ് ഉള്ളവൻ ആക്കരുത്.