കടുത്തുരുത്തി: ദിശതെറ്റി വന്ന ഓട്ടോടാക്സി കുറുപ്പന്തറ കടവിൽ നിയന്ത്രണംവിട്ട് തോട്ടിലേക്കു മറിഞ്ഞു.
സമീപത്തുണ്ടായിരുന്ന വൈദികന്റെയും സഹോദരന്റെയും സമയോചിതമായ ഇടപെടലിനെത്തുടർന്ന് വണ്ടിയിലുണ്ടായിരുന്ന ദന്പതികളും ഡ്രൈവറും അത്ഭുതകരമായി രക്ഷപ്പെട്ടു.
മോനിപ്പള്ളി പുതിയാപറന്പിൽ സാമുവൽ (65), ഭാര്യ ഏലി ( 62 ), ഓട്ടോ റിക്ഷ ഡ്രൈവർ മോനിപ്പള്ളി സ്വദേശി സാബു (45) എന്നിവരാണ് അപകടത്തിൽനിന്നു പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ കുറുപ്പന്തറ കല്ലറ റോഡിൽ കുറുപ്പന്തറ കടവിന് സമീപത്താണ് സംഭവം.
കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഏലിയുടെ കാലിന്റെ ശസ്ത്രക്രിയയ്ക്കു ശേഷം കോട്ടയം വില്ലൂന്നിയിലുള്ള മകളുടെ വീട്ടിലേക്ക് പോകുന്പോഴായിരുന്നു ദന്പതികൾ സഞ്ചരിച്ച ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ടത്.
ഡോക്ടർമാർ വിശ്രമം നിർദേശിച്ചതിനെ തുടർന്നാണ് നഴ്സായ മകളുടെ പരിചരണം ലഭിക്കുന്നതിനായിട്ടാണ് വില്ലൂന്നിയിലേക്ക് ആശുപത്രിയിൽനിന്നും ഡിസ്ചാർജ് ചെയ്ത ശേഷം ദന്പതികൾ യാത്ര ചെയ്തത്.
കല്ലറ റോഡിലൂടെ പോയാൽ മറ്റ് തടസങ്ങളുണ്ടാവില്ലെന്ന് കരുതിയാണ് ഇതുവഴി ദന്പതികൾ സഞ്ചരിച്ചത്.
കറുപ്പന്തറ കടവിലെ എസ് ആകൃതിയിലുള്ള വളവിൽ തോടിനു സമീപം വരെ റോഡ് ടാർ ചെയ്തിട്ടുള്ളതിനാൽ ഈ വഴി പരിചിതമല്ലാത്ത ഡ്രൈവർക്ക് തോടും റോഡും തിരിച്ചറിയാനായില്ല.
തോടിന്റെ തിട്ടയിൽ എത്തിയ ഓട്ടോറിക്ഷ തോട്ടിലേക്ക് തെന്നിവീഴുകയായിരുന്നു. തോട്ടിലേക്ക് വീണ ഓട്ടോറിക്ഷ മുപ്പത് മീറ്ററോളം ദൂരത്തിലേക്ക് ഒഴുകിപ്പോയി. ഇതിനിടയിൽ വാഹനത്തിനുള്ളിൽ വെള്ളം കയറാൻ തുടങ്ങി.
ഈ സമയം ബഹളം കേട്ടതിനെ തുടർന്ന് തോടിനു സമീപമുള്ള പുരയിടത്തിൽ ജോലി ചെയ്തു കൊണ്ടിരുന്ന ഡൽഹി കർമലീത്താ സഭാംഗമായ കുറുപ്പന്തറ പുതുക്കാട്ടിൽ ഫാ. മനോജ്, സഹോദരൻ മനു ജോസഫ് എന്നിവർ വാഹനം വെള്ളത്തിലൂടെ ഒഴുകിനടക്കുന്നത് കണ്ടു.
തുടർന്ന് ഇരുവരും വള്ളത്തിലെത്തി മുങ്ങിത്താഴുന്ന ഓട്ടോറിക്ഷയിൽനിന്നു മൂവരെയും ഏറെ പണിപ്പെട്ട് പുറത്തെടുത്തു. രണ്ട് മീറ്ററോളം ആഴമുള്ള തോട്ടിൽ നിന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഇതിനിടയിൽ മുങ്ങിയ വള്ളത്തിന്റെ മുകൾ ഭാഗത്ത് മൂവരെയും കൈപിടിപ്പിച്ചു. തുടർന്ന് ഓരോഴ്ത്തരെയായി കരക്കെത്തിച്ചു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് വാഹനം വടം കെട്ടി ഒഴുകിപ്പോകാതെ തടഞ്ഞിട്ടു.
തുടർന്ന് നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തിയ വൈദികനും സഹോദരനും ചേർന്ന് ദന്പതികളെ മറ്റൊരു വണ്ടിയിൽ വില്ലൂന്നിയിലേക്കു കയറ്റി വിട്ടു. തോട്ടിൽ മുങ്ങിയ ഓട്ടോറിക്ഷ ക്രെയിൻ ഉപയോഗിച്ച് വൈകിട്ടോടെ കരയ്ക്കെത്തിച്ചു.