കടുത്തുരുത്തി: കുറുപ്പന്തറയിൽ സ്വകാര്യ പണമിടപാടുകാരൻ വീട്ടിൽ കൊലചെയ്യപ്പെട്ട സംഭവത്തിൽ മുഖ്യപ്രതിക്കായി പോലീസ് സംഘം തമിഴ്നാട്ടിൽ തിരച്ചിൽ ശക്തമാക്കി. നാട്ടിൽ നിന്നും മുങ്ങിയ ശേഷം കുറുപ്പന്തറ സ്വദേശിയായ പ്രധാന പ്രതി സേലം, കോയന്പത്തൂർ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം എത്തിയതായി പോലീസിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. മൊട്ടയടിച്ചു രൂപം മാറിയാണ് പ്രതിയുടെ സഞ്ചാരമെന്നും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
റെയിൽവേ സ്റ്റേഷനുകളിലെ സി സി ടിവി കാമറകളിൽ നിന്ന് ഇതു സംബന്ധിച്ച തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രതിയുടെ യാത്ര തനിച്ചാണെന്നും പോലീസ് കരുതുന്നു. പ്രതി കടന്നു പോകുന്ന പ്രദേശങ്ങളിൽ നിന്നുള്ള വിവരങ്ങൾ പോലീസിന് ലഭിക്കുന്നത് പലപ്പോഴും മണിക്കൂറുകൾ കഴിഞ്ഞാണ്. ഇതാണ് പ്രതിയെ കുടുക്കാൻ പോലീസിന് കഴിയാതെ പോകാൻ കാരണം.
ഒരു സ്ഥലത്തും സ്ഥിരമായി തങ്ങാതെ തുടർച്ചയായി പ്രതി യാത്ര ചെയ്തു കൊണ്ടിരിക്കുകയാണ്. ഇയാൾ തമിഴ്നാട് വിടാനുള്ള സാധ്യതയും പോലീസ് തള്ളി കളയുന്നില്ല. തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലമുള്ള സുഹൃത്തുക്കളുണ്ട്. ഇവരുടെ സഹായം പ്രതിക്ക് ലഭിക്കുന്നുണ്ടോയെന്നും പോലീസ് സംശയിക്കുന്നു. ഇതേസമയം മുഖ്യപ്രതിയുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ മുതൽ നാട്ടിൽ പല കഥകളും പ്രചരിച്ചിരുന്നു.
നാട്ടുകാരും ജനപ്രതിനിധികളും ഉൾപെടെയുള്ളവർ നാട്ടിൽ പരക്കുന്ന വാർത്തയുടെ സ്ഥിരീകരണത്തിനായി പത്രം ഓഫീസുകളുമായും മാധ്യമപ്രവർത്തകരുമായും ബന്ധപ്പെട്ടിരുന്നു. എന്നാൽ യുവാവിന്റെ തിരോധാനത്തെ കുറിച്ചു നാട്ടിൽ പരക്കുന്ന പ്രചാരണങ്ങളിൽ അടിസ്ഥാനമില്ലെന്നാണ് കടുത്തുരുത്തി എസ്എച്ച്ഒ കെ.എസ്. ജയൻ പറയുന്നത്.
പ്രതിക്കായി പോലീസ് സംഘം ദിവസങ്ങളായി തമിഴ്നാട്ടിൽ അരിച്ചു പെറുക്കുകയാണെന്നും ഇദേഹം പറയുന്നു. ഇയാളെ ഉടൻ പിടികൂടാനാവുമെന്ന വിശ്വാസമാണ് പോലീസിനുള്ളത്. മുഖ്യപ്രതിയെന്ന് കരുതുന്ന കുറുപ്പന്തറ സ്വദേശിയായ യുവാവിനെ സംഭവം നടന്ന ദിവസം പോലീസ് ചോദ്യം ചെയ്യാനായി സ്റ്റേഷനിലെത്തിച്ചിരുന്നു.
പിന്നീട് ഇയാളെ വിട്ടയക്കുകയായിരുന്നു. കേസിലെ മുഖ്യപ്രതിയായ കുറുപ്പന്തറ സ്വദേശിയെ തേടി ദിവസങ്ങൾക്ക് മുന്പ് തമിഴ്നാട്ടിലെത്തിയ പോലീസ് സംഘത്തിന് ഇനിയും പ്രതിയെ കണ്ടെത്താനായിട്ടില്ല. പ്രതി ഫോണ് ഉപയോഗിക്കാത്തതിനാൽ ഇയാളെ ട്രെയിസ് ചെയ്യാൻ പോലീസിന് കഴിയുന്നില്ല.
മുഖ്യപ്രതിയെന്ന് പോലീസ് സംശയിക്കുന്ന യുവാവിന് സേലം, കോയന്പത്തൂർ ഉൾപെടെയുള്ള സ്ഥലങ്ങളിലെ ക്വട്ടേഷൻ സംഘങ്ങളുമായി അടുത്ത ബന്ധമുള്ളയാളാണെന്നും പോലീസ് പറയുന്നു. ഈ ബന്ധം കൊല നടത്താൻ പ്രതി ഉപയോഗപ്പെടുത്തിയോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
പിടികിട്ടാനുള്ള കുറുപ്പന്തറ സ്വദേശിയും റിമാൻഡിലായ രണ്ടും പേരുമല്ലാതെ മറ്റാരെങ്കിലും കേസിൽ ഉൾപെട്ടിട്ടുണ്ടോയെന്നും പോലീസ് സംശയിക്കുന്നുണ്ട്. ഇതേക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനെല്ലാം വ്യക്തമായ ഉത്തരം പറയാൻ കുറുപ്പന്തറ സ്വദേശിയായ ഒന്നാം പ്രതിയ്ക്കേ കഴിയുവെന്നാണ് പോലീസ് പറയുന്നത്. കുറുപ്പന്തറ ചിറയിൽ സ്റ്റീഫൻ കഴിഞ്ഞ ബുധനാഴ്ച്ച ഉച്ചയോടെയാണ് വീടിനുള്ളിൽ വച്ചു കൊല്ലപെട്ടത്.