കടുത്തുരുത്തി: തിങ്കളാഴ്ച്ച തകരാറിലായ കുറുപ്പന്തറ റെയിൽവേ ഗേറ്റ് തുറക്കാൻ വൈകും. വാഹനയാത്ര ദുരിതത്തിലായി. ഇന്ന് വൈകൂന്നേരത്തോടെയെ തകരാർ പരിഹരിച്ചു ഗേറ്റ് തുറക്കാനാവുഎന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഉറപ്പൊന്നും നൽകുന്നുമില്ല.
തിങ്കളാഴ്ച്ച രാവിലെ പതിനൊന്നോടെയാണ് റെയിൽവേ ഗേറ്റ് തകരാറിലാവുന്നത്. ഗേറ്റിന്റെ റോപ്പ് ഘടിപ്പിച്ചിരിക്കുന്ന കോണ്ക്രീറ്റ് തൂണ് ചെരിഞ്ഞു പോയതാണ് ഗേറ്റ് തുറക്കാനാവാത്ത സ്ഥിതി വിശേഷമുണ്ടാക്കിയത്. ഗേറ്റ് അടഞ്ഞതോടെ റെയിൽവേ ലൈൻ മുറിച്ചു കടന്നു പോകൂന്ന പാലാ-ആലപ്പുഴ ഹൈവേയിലെ വാഹന ഗതാഗതം ഉൾപെടെ സ്തംഭിച്ചു.
മാഞ്ഞൂർ സൗത്തിൽ റെയിൽവേയുടെ മേൽപാലം പൊളിച്ചിട്ടിരിക്കുന്നതിനാൽ ഇതുവഴിയുള്ള വാഹനഗതാഗതം കുറേ നാളുകളായി തടസപ്പെട്ടിരിക്കുകയാണ്. ഇതിനിടെ ഗേറ്റ് അടയുക കൂടി ചെയ്തതോടെ വാഹനയാത്രക്കാർ ശരിക്കും വലയുകയാണ്.
സ്കൂൾ ബസുകൾ അടക്കമുള്ള വാഹനങ്ങളും ലൈൻ ബസുകളുമെല്ലാം യാത്രാദുരിതത്തിന്റെ പ്രതിസന്ധി നേരിടുകയാണ്. ഗേറ്റ് അടഞ്ഞതോടെ കുറുപ്പന്തറ സസ്യമാർക്കറ്റിന് സമീപത്തെ റോഡിലൂടെയും പറയ്ക്കത്താനം-കണ്ടാറ്റുപാടം റോഡിലൂടെയുമാണ് വാഹനങ്ങൾ കടന്നു പോകുന്നത്.
എന്നാൽ വലിയ വാഹനങ്ങൾക്ക് ഇതുവഴി കടന്നു പോകാൻ കഴിയില്ല. കല്ലറ ഭാഗത്തേക്കു പോകേണ്ടി വരുന്ന വാഹനങ്ങൾ മുട്ടുചിറയിലെത്തി മണ്ണാറപ്പാറ-മള്ളിയൂർ ബൈപാസ് വഴിയാണ് കടന്നു പോകുന്നത്. ഇതുമൂലം ഈ റോഡുകളിലും ഗതാഗത തിരക്കേറി. മഴക്കാലമായതിനാൽ വലിയ വാഹനങ്ങൾ ഇതുവഴി കടന്നു പോകുന്നത് റോഡുകളുടെ തകർച്ചയ്ക്കു കാരണമാകുമോയെന്ന ഭീതിയും നാട്ടുകാർക്കുണ്ട്.