കോഴിക്കോട്: പ്രതിസന്ധിനാളുകള്ക്കു ശേഷം തിയറ്ററുകളിലേക്ക് എത്തുന്ന, സൂപ്പര്‍താരം ദുല്‍ഖര്‍ സല്‍മാന്റെ ചിത്രം കുറുപ്പിനെ വരവേല്‍ക്കാന്‍ തിയറ്റര്‍ ഉടമകള്‍.
നിലവില്‍ മരക്കാര്‍ വിഷയത്തില്‍ മോഹന്‍ലാലുമായും ആന്റണി പെരുമ്പാവൂരുമായും ഇടഞ്ഞുനില്‍ക്കുന്ന തിയറ്ററുടമകളുടെ സംഘടനയായ ഫിയോക് കുറുപ്പ് എന്ന സിനിമയുടെ റിലീസിംഗ് ആഘോഷമാക്കാനുള്ള തീരുമാനത്തിലാണ്.
ഫാന്‍സുകാരുടെ ആഘോഷത്തിനൊപ്പം സ്വന്തം നിലയ്ക്കും തിയറ്ററില്‍ ആഘോഷം നടത്താനാണ് തീരുമാനം.
തിയറ്ററുടമകളെ പ്രതിസന്ധി കാലത്ത് രക്ഷിക്കാന്‍ എത്തുന്ന സിനിമ എന്നതാണ് ശ്രീനാഫ് രാജേന്ദ്രന്റെ സംവിധാനത്തിലൊരുങ്ങുന്ന കുറുപ്പ് എന്ന ചിത്രത്തിനു തീയേറ്ററുകാർ നൽകുന്ന ഇമേജ്. നവംബര്‍ 12നാണ് റിലീസ്.
അതേസമയം, മരക്കാര്‍ സിനിമയുടെ ഒടിടി റിലീസുമായി ബന്ധപ്പെട്ടു മലയാളസിനിമയില്‍ ചേരിതിരിവ് രൂക്ഷമായിട്ടുണ്ട്.
മരക്കാര്‍ സിനിമയുടെ നിര്‍മാതാവും മോഹന്‍ലാലിന്റെ സന്തത സഹചാരിയുമായ ആന്റണി പെരുമ്പാവൂരിനെതിരെ സിനിമാ മേഖലയിലുള്ള ഒരു വിഭാഗത്തിന്റെ എതിർപ്പ് താരസംഘടനയ്ക്കുള്ളിലും നിഴലിക്കുന്നു.
നഷ്ടം സഹിച്ചും ദുല്‍ഖര്‍ സല്മാന് നായകനായ കുറുപ്പ് എന്ന സിനിമ നവംബര്‍ 12ന് തിയറ്ററുകളില്‍ കളിക്കാനാണ് അണിയറക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
ഒടിടി റിലീസ് വിവാദം കൊടുമ്പിരികൊണ്ടിരിക്കേ ദുല്‍ഖര്‍ സല്മാന് നായകനായ ചിത്രം തിയറ്ററുകാര്ക്കു പൂര്‍ണ പിന്തുണ നല്കി കളിപ്പിക്കാന്‍ തീരുമാനിച്ചത് മരക്കാറിനുള്ള ‘മറുപടി’യാണെന്നാണ് സിനിമാരംഗത്തുള്ളവര്‍ പറയുന്നത്.
ചിത്രം തിയറ്ററില്‍ തന്നെ കളിപ്പിക്കുമെന്ന് വാര്‍ത്താസമ്മേളനം നടത്തിയാണ് അണിയറക്കാര്‍ അറിയിച്ചിരിക്കുന്നത്.
ഈ ചിത്രം നേരത്തെ നെറ്റ് ഫ്ളിക്സിനു വിറ്റതാണെന്നും എന്നാല്‍, മമ്മൂട്ടിയുടെ ഇടപെടല്‍മൂലം തിരിച്ചുവാങ്ങി തിയറ്ററുകാര്ക്കു നല്‍കുകയായിരുന്നുവെന്നും പറയപ്പെടുന്നു.
ഇതോടെ തിയറ്ററുകാരെ സഹായിക്കാന്‍ മമ്മൂട്ടിയും മറുഭാഗത്തു മോഹന്‍ലാലും എന്ന പ്രചാരണമാണ് നടക്കുന്നത്.
തുടര്‍ച്ചയായ മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഒടിടിയിലേക്കുള്ള പോകുന്ന അവസ്ഥയും സൂപ്പര്താരങ്ങള്ക്കിടയിലെ ‘കളക്ഷന്‍ യുദ്ധ’ത്തിനു തടസമാകുമെന്ന് ആരാധകരും പറയുന്നു. തുടര്‍ച്ചയായി മോഹന്‍ലാലിന്റെ ആറ് സിനിമകളാണ് ഒടിടി സാധ്യത തേടിയിരിക്കുന്നത്.
അതേസമയം, മരക്കാര്‍ അറബികടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ നിര്‍മാതാവ് മൂന്നോട്ടുവച്ച നിബന്ധനകളെച്ചൊല്ലിയും പല പ്രാചരണങ്ങളും സജീവമായിട്ടുണ്ട്.
മരക്കാര്‍ മൂന്നാഴ്ച ഫ്രീ റണ്‍ നല്‍കണമെന്നു തിയറ്ററുകളോട് ആന്റണി പെരുമ്പാവൂര്‍ ആവശ്യപ്പെട്ടിരുന്നതായും ഇതു സമ്മതിച്ചെന്നും ഇല്ലെന്നും പ്രചാരണം നടക്കുന്നുണ്ട്.
ശ്രീനാഥ് രാജേന്ദ്രന് സംവിധാനം ചെയ്ത കുറുപ്പ് എന്ന സിനിമയ്ക്കു വേണ്ടി തിയറ്ററുകാര്‍ എന്നാല്‍ ഈ ഓഫര്‍ അങ്ങോട്ടു അറിയിക്കുകയായിരുന്നു.
കുറുപ്പ് റിലീസ് സമയത്തു മറ്റു ചിത്രങ്ങള്‍ കളിക്കുന്നതിനോടു തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് അണിയറക്കാര്‍ അറിയിക്കുകയും ചെയ്തു.
മാത്രമല്ല കുറുപ്പ് എന്ന സിനിമ നെറ്റ് ഫ്ളിക്സ് ഏറ്റെടുക്കാത്തതുകൊണ്ടാണ് തിയറ്ററില്‍ കളിപ്പിക്കുന്നതെന്ന രീതിയില്‍ മരക്കാര്‍ ചിത്രത്തിന്റെ സംവിധായകന് പ്രിയദര്ശന് നടത്തിയ പ്രസ്താവനയും വലിയ വിവാദത്തിനിടയാക്കിയിട്ടുണ്ട്.
– ഇ. അനീഷ്