അമൃത്സർ: ഇൻഷ്വറൻസ് തുക തട്ടിയെടുക്കാൻ സുഹൃത്തിനെ കൊലപ്പെടുത്തിയ വ്യാപാരിയും കുടുംബവും അറസ്റ്റിൽ. പഞ്ചാബിലെ ഫത്തേഗർ സാഹിബ് മേഖലയിലെ ഗുർപ്രീത് സിംഗ് ആണ് സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ച് പണം തട്ടാൻ ശ്രമം നടത്തിയത്.
സുഖ്ജീത് സിംഗ് എന്നയാളെ ട്രക്കിന് അടിയിലേക്കു തള്ളിയിട്ടു കൊന്നാണ് ഇയാളും കുടുംബവും തട്ടിപ്പു നടത്തിയത്. സംഭവത്തിൽ ഗുർപ്രീതും ഭാര്യയും ഉൾപ്പെടെ ആറു പേർ പിടിയിലായി.
രാംദാസ് നഗർ സ്വദേശിയായ ഗുർപ്രീതിന് ഈയിടെ വ്യാപാരത്തിൽ കനത്ത നഷ്ടം നേരിട്ടിരുന്നു. ഇതോടെയാണു തന്റെ പേരിലുള്ള നാലു കോടി രൂപയുടെ ലൈഫ് ഇൻഷ്വറൻസ് തുക തട്ടിയെടുക്കാൻ ഇയാൾ ശ്രമം നടത്തിയത്.
സൈൻപുർ സ്വദേശിയായ സുഖ്ജീതിനെ പരിചയപ്പെട്ട ഗുർപ്രീത്, ഇയാൾക്കു പതിവായി മദ്യം വാങ്ങി നൽകി. തുടർന്ന് ജൂൺ 19ന് മദ്യത്തിൽ മയക്കുപൊടി കലക്കി നൽകി സുഖ്ജീതിനെ ഇയാൾ ബോധരഹിതനാക്കി.
സ്വന്തം വസ്ത്രങ്ങൾ സുഖ്ജീതിനെ ധരിപ്പിച്ച ഗുർപ്രീത് ഇയാളെ ഒരു ട്രക്കിന് അടിയിലേക്ക് തള്ളിയിട്ടു. അപകടത്തിൽ മുഖം വികൃതമായ സുഖ്ജീതിന്റെ മൃതദേഹം തന്റെ ഭർത്താവിന്റേതാണെന്ന് ഗുർപ്രീതിന്റെ ഭാര്യ പോലീസിനെ അറിയിച്ചിരുന്നു.
ഇതിനിടെ, ഭർത്താവിനെ കാണാനില്ലെന്ന് കാട്ടി സുഖ്ജീതിന്റെ ഭാര്യ നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ പോലീസിന് ഗുർപ്രീതും ഇയാളും സുഹൃത്തുക്കളാണെന്ന് ബോധ്യപ്പെട്ടു.
സുഖ്ജീതിന്റെ ചെരിപ്പും വസ്ത്രങ്ങളും ആളൊഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടതും സംശയം വർധിപ്പിച്ചു.
ഇതോടെ ഗുർപ്രീതിന്റെ കുടുംബത്തെ പോലീസ് വിശദമായി ചോദ്യംചെയ്തു. തുടർന്നാണ് ഇൻഷ്വറൻസ് തട്ടിപ്പിനായുള്ള ആൾമാറാട്ട കൊലയുടെ വിവരങ്ങൾ പുറത്തുവന്നത്.