മണ്ണാർക്കാട്: അപ്രതീക്ഷിത ജലപ്രവാഹത്തിൽ കുരുത്തിച്ചാലിൽ അപകടം പതിയിരിക്കുന്നു. മൂന്നു വർഷത്തിനിടെ നടന്നത് ഒന്പത് മരണം.
കാലവർഷം ശക്തിപ്പെട്ടതോടെ കുമരംപുത്തൂർ കുരുത്തിച്ചാലിൽ അപകട ഭീഷണി വർദ്ധിക്കുന്നു. മൂന്നു വർഷത്തിനുള്ളിൽ ഒന്പതു പേർ ഒഴുക്കിൽപ്പെട്ട് മരണപ്പെട്ട പ്രദേശമാണിവിടം. സൈലന്റ് വാലി മലനിരകളിൽ മഴ ശക്തമാകുന്നതോടെ അപ്രതീക്ഷിതമായി പാത്രക്കടവ് കുരുത്തിച്ചാൽ ഭാഗത്ത് ജലപ്രവാഹമുണ്ടാകും.
ഈ ഒഴുക്കിൽപ്പെട്ട് സന്ദർശകർ മരണപ്പെട്ടിട്ടുള്ള സംഭവം നിരവധിയാണ്. പുറത്തുനിന്നുള്ള സന്ദർശകരാണ് അപകടത്തിൽപ്പെട്ടവരിൽ ഏറെയും. കുരുത്തിച്ചാലിൽ മഴയില്ലാത്ത സമയത്ത് അമിതമായി വെള്ളത്തിന്റെ ഒഴുക്ക് ആരും പ്രതീക്ഷിക്കില്ല. മലയിൽ മഴ പെയ്യുന്നതോടെ പെട്ടെന്നാണ് വെള്ളം കുത്തിയൊലിച്ചെത്തുക.
ഇതറിയാത്ത സന്ദർശകർ അപകടത്തിൽപ്പെടും. പാറക്കല്ലുകൾ നിറഞ്ഞ കുരുത്തിച്ചാലിൽ നിയന്ത്രണം വിട്ടാൽ രക്ഷപ്പെടുക ശ്രമകരമാണ്.സന്ദർശകരെ നിയന്ത്രിക്കുന്നതിന് കുമരംപുത്തുർ പഞ്ചായത്ത് പല തവണ പൊതുജനങ്ങളേയും, പോലീസ്, ഫയർഫോഴ്സ്, ഫോറസ്റ്റ് വകുപ്പുകളെ ഉൾപ്പെടുത്തി ജനകീയ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ടെങ്കിലും ഒരു നടപടിയുമായില്ല.
പ്രദേശത്ത് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചതല്ലാതെ കാര്യക്ഷമമായ ഒരു സംവിധാനങ്ങളും ഒരുക്കിയിട്ടില്ല.ആതിരപ്പിള്ളി മോഡലിൽ കുടുംബശ്രീയെ ഉപയോഗിച്ച് ടിക്കറ്റ് അടിസ്ഥാനത്തിൽ നിശ്ചിതപ്രദേശത്ത് മാത്രം ജനങ്ങളെ നിയന്ത്രിച്ച് കടത്തിവിട്ട് ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം. ഇതിന് സ്ഥലം അളന്ന് നൽകാൻ റവന്യൂ വകുപ്പിന് സബ് കളക്ടർ ഉത്തരവ് നൽകിയതാണ്.
വകുപ്പ് ഈ നടപടി പൂർത്തീകരിച്ചിട്ടില്ല. പ്രദേശത്ത് സ്വകാര്യ വ്യക്തികൾ സന്ദർശകർക്ക് മദ്യപാനം ഉൾപ്പെടെയുള്ളവർക്ക് സൗകര്യം ചെയ്യുന്നതായും പറയുന്നു.ഈ ലോബിയും നവീകരണ പ്രവർത്തികൾക്ക് തടസ്സമാകുന്നതായി പരാതിയുണ്ട്.കുരുത്തിച്ചാലിലേക്ക് പ്രവേശിക്കുന്നിടത്ത് ഉപയോഗശൂന്യമായ വൈദ്യുതകാലാണ് തടസ്സമായി വെച്ചിട്ടുള്ളത്. എന്നാൽ ഇത് മറികടന്നും മറ്റു വഴികളിലൂടെയും നിരവധി പേരാണ് പുഴയിലേക്ക് ഇറങ്ങുന്നത്.
ഉയർന്ന പാറക്കല്ലിൽ കയറിയിരുന്ന സന്ദർശകർ കഴിഞ്ഞ ദിവസം വെള്ളം വന്നതോടെ ഒറ്റപ്പെട്ടിരുന്നു.പാറകളെല്ലാം തന്നെ ഇപ്പോൾ വഴുക്കുന്ന സ്ഥിതിയിലാണ്. സെൽഫിയും മറ്റു ഫോട്ടോ എടുക്കാനുമായി പാറയിൽ കയറുന്നവർ തെന്നി വീഴാനുള്ള സാധ്യതയും കൂടുതലാണ്.ദുരന്ത സാഹചര്യം മുന്നിൽ കണ്ട് മഴക്കാലത്തെങ്കിലും സന്ദർശകരെ നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.