മണ്ണാർക്കാട്: കുമരംപുത്തൂർ കുരുതിച്ചാൽ വെള്ളച്ചാട്ടം കുരുതിക്കളമാകുന്നു. നാളിതുവരെ പന്ത്രണ്ടുപേരുടെ ജീവനാണ് ഇവിടെ പൊലിഞ്ഞത്.
വലിയ പാറക്കെട്ടുകളും ശക്തമായ വെള്ളച്ചാട്ടവുമുള്ള ഇവിടെ സെൽഫിയെടുക്കാനും കുളിക്കാനും ആസ്വദിക്കുവാനും പറ്റിയ അന്തരീക്ഷമാണുള്ളത്.
ഇവിടെയെത്തുന്ന സന്ദർശകർക്ക് ഒളിഞ്ഞിരിക്കുന്ന കയങ്ങളും അടിയൊഴുക്കും പെട്ടെന്ന് വെള്ളം ഉയരുന്ന കുന്തിപ്പുഴയുടെ സ്വഭാവവും അറിയില്ല.
സ്ഥലത്തെക്കുറിച്ച് കൃത്യമായ അറിവില്ലാതെ എത്തുന്ന സന്ദർശകരാണ് ഭൂരിഭാഗവും അപകടത്തിൽപെടുന്നത്. അപകടങ്ങൾ പതിവായിട്ടും വഴിയിൽ മൂന്നോ നാലോ വായിക്കാൻ കഴിയാത്ത ചെറിയ മുന്നറിയിപ്പ് ബോർഡുകൾ മാത്രമാണ് ഇവിടെയുള്ളത്.
പുഴയുടെ അരികിൽ എത്തിയാൽ സുരക്ഷാ നിർദേശങ്ങളോ സംരക്ഷണഭിത്തിയോ വേലിയോ ഒന്നും തന്നെയില്ല. ഭക്ഷണവും പാകം ചെയ്താൽ ആരും ചോദിക്കില്ല. സന്ദർശകർ കൂടുതലായി എത്തുന്ന പത്തിലധികം ഭാഗങ്ങളിലാണ് സന്ദർശകർ എത്തുന്നത്.
അഞ്ചടിമുതൽ 20 അടി വരെയുള്ള വലിയ പാറകളാണ് ഇവിടെയുള്ളത്. പാറകളുടെ അടിയിലൂടെയും വെള്ളം ഒഴുകുന്നുണ്ട്.എൻ.ഷംസുദീൻ എംഎൽഎ കുന്തിപ്പുഴയുടെയും കുരുതിച്ചാലിന്റെയും വികസനത്തിനു മുന്നിട്ടിറങ്ങി സമഗ്രപദ്ധതി തയാറാക്കി പദ്ധതി സർക്കാരിന് സമർപ്പിക്കുകയും ചെയ്തിട്ടും നടപടിയുമുണ്ടായില്ല.
കോവിഡ് കാലത്തും നിയന്ത്രണം മറികടന്നുള്ള സന്ദർശകരുടെ തള്ളിക്കയറ്റം അവസാനിപ്പിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
പതിവായി അപകടങ്ങളുണ്ടാകുന്ന പ്രദേശത്ത് പോലീസ് ഒൗട്ട്പോസ്റ്റ് സ്ഥാപിക്കുകയും മഴക്കാലത്ത് വിനോദസഞ്ചാരികളെ പൂർണമായും നിരോധിക്കുകയും ചെയ്യണം.
മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവരാണ് കൂടുതലായും ഇവിടെയെത്തുന്നത്. ചിലർ ഇവിടെ മയക്കുമരുന്ന് കൈമാറുകയും ചെയ്യുന്നുണ്ട്.
വിവിധ നാടുകളിൽനിന്നുള്ളവരാണ് ഇവിടെ വരുന്നവരിലേറെയും ഇതിനാൽ ഭീതിയോടെയാണ് കുടുംബത്തോടൊപ്പം ജീവിക്കുന്നതെന്ന് പ്രദേശവാസിയായ സെബാസ്റ്റ്യൻ പറഞ്ഞു.