മണ്ണാർക്കാട്: കുരുത്തിച്ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കാടാന്പുഴ സ്വദേശികൾക്കായി കുന്തിപ്പുഴയിൽ തിരച്ചിൽ തുടരുന്നു. പയ്യനെടം ഏനാനിമംഗലം തൂക്കുപാലത്തിന് സമീപമാണ് ഇപ്പോൾ തിരച്ചിൽ നടക്കുന്നത്. ബുധനാഴ്ച്ച അഞ്ചേകാലോടെയാണ് കാടാന്പുഴ സ്വദേശികളായ മൂന്നു പേർ കുരുത്തിച്ചാലിൽ ഒഴുക്കിൽപ്പെട്ടത്.
ആറംഗസംഘമാണ് ഇവിടെ എത്തിയത്. ഇതിൽ ഒഴുക്കിൽപ്പെട്ട 3 പേരിൽ ഒരാൾ രക്ഷപ്പെടുകയും 2 പേരെ കാണാതാകുകയുമായിരുന്നു. ഇവർക്കായുള്ള തിരച്ചിൽ ഇന്നലെ പുലർച്ചെ ഏഴരയോടെ ആരംഭിച്ചു.
നാട്ടുകാരായ എട്ടംഗ സംഘം പുലർച്ചെ 2 മണിവരെ തിരച്ചിൽ നടത്തിയിരുന്നു.
ഫയർഫോഴ്സ്, നാട്ടുകാർ, സിവിൽ ഡിഫൻസ്, ഐ.എ.ജി തുടങ്ങിയ സംഘങ്ങളാണ് തിരച്ചിൽ നടത്തുന്നത്. പുലർച്ചെ കുരുത്തിച്ചാലിൽ നിന്നും ആരംഭിച്ച തിരച്ചിൽ പുല്ലൂന്നി ഭാഗത്തേക്കും തുടർന്ന് 2 കിലോമീറ്ററോളം ഇപ്പുറം ഏനാനിമംഗലം ഭാഗത്തേക്കും തുടർന്നു.
ഇതുവരേയും ഇവരെ കണ്ടെത്താനായില്ല. ഇന്നലെ ശക്തമായ ജലപ്രവാഹമുള്ളതിനാൽ യുവാക്കൾ കുടുതൽ ദൂരത്തേക്ക് ഒഴുകിയെത്താനുള്ള സാധ്യത തിരച്ചിൽസംഘം സൂചിപ്പിക്കുന്നു. പലപ്പോഴായുണ്ടാകുന്ന മഴ തിരച്ചിലിന് തടസം സൃഷ്ടിക്കുന്നുണ്ട്.
കാണാതായവരോടൊപ്പം എത്തിയ മറ്റു 4 പേർ കാടാന്പുഴയിലേക്ക് തിരിച്ചു. ഇവിടെ നിന്നും നാട്ടുകാർ കുരുത്തിച്ചാലിലെത്തിയിട്ടുണ്ട്. പതിനഞ്ചോളം പേർ കുരുത്തിച്ചാലിൽ അപകടത്തിൽപ്പെട്ടതായാണ് നാട്ടുകാർ ഓർക്കുന്നത്.
നിരവധി തവണ ഈ ഭാഗത്ത് സന്ദർശന നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ശാശ്വത പരിഹാരം ഇതുവരേയുമായിട്ടില്ല. പല തവണ പഞ്ചായത്തും റവന്യൂ വകുപ്പും നിയന്ത്രണങ്ങൾക്കുള്ള ചർച്ചകൾ നടത്താറുണ്ടെങ്കിലും ഇതെല്ലാം താൽക്കാലികമായിരുന്നു.
മുൻ സബ് കളക്ടർമാരായ പി.ബി നൂഹും ജെറോമിക് ജോർജും സ്ഥലത്തേക്കുള്ള സന്ദർശക വിലക്കിന് ഉത്തരവിട്ടിരുന്നു. അൽപ ദിവസങ്ങൾക്ക് ശേഷം നിയന്ത്രണങ്ങൾ മാനിക്കാതെ വീണ്ടും സന്ദർശകരെത്തുകയാണ് പതിവ്.
ഇന്നലെ തിരച്ചിൽ നടത്തുന്ന സ്ഥലത്ത് സബ്കളക്ടർ അർജുൻ പാണ്ഡ്യനെത്തി. ഈ പ്രദേശത്തേക്കുള്ള സന്ദർശനം കർശനമായി തടയുമെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ അധികൃതർ സ്ഥലം സന്ദർശിച്ചു. പോലീസും വനം വകുപ്പും സ്ഥലത്തുണ്ട്.