മണ്ണാർക്കാട് : കുന്തിപ്പുഴയിലെ കുരുത്തിച്ചാലിൽ സന്ദർശകരുടെ എണ്ണം കൂടി. ദിവസവും ആയിരത്തിലധികം പേർ ഇവിടെയെത്തുന്നുണ്ടെന്ന് സമീപവാസികൾ പറയുന്നു. മലപ്പുറം ജില്ലയിൽ നിന്നുൾപ്പെടെ നിരവധിയാളുകൾ ഇവിടെയെത്തുന്നുണ്ട്.
തെളിഞ്ഞ ശുദ്ധമായ ജലവും നട്ടുച്ചക്ക്പോലും നല്ല തണുപ്പുമുള്ള വെള്ളമാണ് കുരുത്തിച്ചാലിലുള്ളത്. അതാണ് സന്ദർശകരെ ഇവിടേക്ക് ആകർഷിക്കുന്നത്.
കടുത്ത വേനലിൽ അസഹനീയമായ ചൂടിൽ വലിയ ആശ്വാസമാണ് ഇവിടെ വന്ന് വെള്ളത്തിൽ കുളിച്ചാലെന്ന് സന്ദർശകർ പറയുന്നു.
പലരും രണ്ടും മൂന്നും മണിക്കൂറുകൾ വെള്ളത്തിൽ കിടന്ന് ഉല്ലസിച്ചാണ് തിരിച്ചു പോവാറെന്ന് ഇവർ പറയുന്നു.
കുരുത്തിച്ചാൽ വരെ വാഹനങ്ങൾക്ക് യഥേഷ്ടം കടന്നു ചെല്ലാനാവുമെന്നതും സന്ദർശകരെ ഇവിടേക്ക് വീണ്ടും വീണ്ടും വരാൻ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകമാണ്.
കൂടാതെ സ്ത്രീകൾക്കും കുട്ടികൾക്കുമെല്ലാം ഇത് വലിയൊരു സൗകര്യമാണ്. കൂടാതെ സ്വകാര്യ വ്യക്തികൾ ഉൾപ്പെടെ ഇവിടെയെത്തുന്നവർക്ക് പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. 10 രൂപയാണ് പാർക്കിംഗിന് ഈടാക്കുന്നത്.
സന്ദർശകർ കൂടിയതിനാൽ സമീപവാസികൾ കച്ചവടം വരെ ഇവിടെ തുടങ്ങിയിട്ടുണ്ട്. ബിരിയാണിയും വെള്ളവും സോപ്പും തോർത്തുമുണ്ടുമെല്ലാം ഇവിടെ നിന്ന് ലഭിക്കും. വീട്ടമ്മമാരാണ് ബിരിയാണിയുണ്ടാക്കി പൊതികളിലാണ് വിൽക്കുന്നത്.
കുരുത്തിച്ചാലിന് മുകളിലും പുഴക്കരയിലും വനമേഖലയാണ്. അതിനാൽ ആ ഭാഗങ്ങളിൽ സന്ദർശകർക്ക് പ്രവേശനമില്ല. അതു കൊണ്ടു തന്നെ തീർത്തും ശുദ്ധമായ വെള്ളമാണ് കുരുത്തിച്ചാലിൽ ഉള്ളത്.
ഈ ശുദ്ധമായ ജലത്തിൽ കിടന്ന് വിശ്രമിക്കാനാണ് കിലോമീറ്ററുകൾ താണ്ടി ഇവിടെ സന്ദർശകരെത്തുന്നത്.
ഇവിടെ ഇക്കോടൂറിസം പദ്ധതി നടപ്പിലാക്കാൻ ടൂറിസം വകുപ്പിന് പദ്ധതിയുണ്ട്. ഒന്നരയേക്കർ റവന്യുഭൂമി കണ്ടെത്തിയിട്ടുണ്ട്. തുടർനടപടികൾ ആയിട്ടില്ല.