ചിങ്ങവനം: കുറിച്ചിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ എ എസ്ഐയ്ക്കു കോവിഡ് പോസിറ്റീവെന്നു റിപ്പോർട്ട്.
ഇദ്ദേഹത്തിന്റെ മരണം ഹൃദയാഘാതത്തെ തുടർന്നല്ലെന്നാണ് നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഹൃദയാഘാതം സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. വയറിനുള്ളിൽ കറുത്ത ദ്രാവകത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.
അതിനാൽ മരണ കാരണം കണ്ടെത്തുന്നതിനായി ശാസ്ത്രീയ പരിശോധനയ്ക്കൊരുങ്ങുകയാണ് ചിങ്ങവനം പോലീസ്.
എആർ ക്യാന്പിലെ എഎസ്ഐ കുറിച്ചി ശ്രുതിയിൽ മധുസൂദനൻ നായരെ(53)യാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിശോധന നടത്തിയപ്പോഴാണ് കോവിഡ് പോസിറ്റീവാണെന്നു തെളിഞ്ഞത്.
കോവിഡാണോ വയറ്റിലുണ്ടായിരുന്ന അജ്ഞാത ദ്രാവകമാണോ മരണകാരണമെന്നു കണ്ടെത്തണമെന്നു ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ ടി.ആർ. ജിജു പറഞ്ഞു.
കോവിഡ് പോസിറ്റീവായതിനാൽ പത്തു ദിവസത്തിനു ശേഷമാകും വയറ്റിൽനിന്നുമെടുത്ത ദ്രാവകം ഫോറൻസിക് ലാബിലേക്കു പരിശോധനയ്ക്കായി അയക്കുക.
ആയുർവേദ ചികിത്സ നടത്തിയിരുന്നതിനാൽ ഇത്തരത്തിലുള്ള മരുന്നുകളുടെ കൂട്ടാണോ വയറ്റിൽനിന്നും കണ്ടെത്തിയതെന്നും സംശയിക്കുന്നു. ഈ സാഹചര്യത്തിൽ വിശദമായ പരിശോധനയ്ക്കു ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ.