ഇരിങ്ങാലക്കുട: പട്ടികവർഗത്തിലെ കുറവ വിഭാഗത്തിൽപ്പെട്ടവരാണ്, പക്ഷേ ജാതി സർട്ടിഫിക്കറ്റ് കൈയിലില്ല. തുടർപഠനത്തിനു ചേരാനും ആനുകൂല്യങ്ങൾക്കും ഇതുവേണം. ഇല്ലെങ്കിൽ ഫീസ് നൽകി പഠിക്കേണ്ടിവരും.
അതിനുള്ള സാന്പത്തികശേഷി ഇല്ലതാനും. എടതിരിഞ്ഞി എച്ച്ഡിപി സമാജം സ്കൂളിൽനിന്ന് പത്താം ക്ലാസ് പാസായി പ്ലസ് വണ്ണിന് അപേക്ഷ നൽകി കാത്തിരിക്കുന്ന അശ്വതി, മനു, മനീഷ എന്നിവർക്കാണു ജാതി സർട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പ്രശ്നം.
30 വർഷത്തിലേറെയായി കാക്കാത്തുരുത്തിയിൽ താമസിച്ചുവരുന്ന അശ്വതിയുടെയും മനുവിന്റെയുമടക്കം എട്ടു വീട്ടുകാരുടെ സ്ഥിരം ബുദ്ധിമുട്ടാണിത്. നാടോടികളായി കാക്കാത്തുരുത്തിയിൽ വന്നു സ്ഥിരതാമസമാക്കിയവരാണ് ഇവരുടെ പൂർവികർ.
അവരിൽ ആർക്കും തന്നെ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റോ മറ്റു രേഖകളോ ഇല്ല.അതുകൊണ്ടുതന്നെ ജാതി സർട്ടിഫിക്കറ്റിനുവേണ്ടിയുള്ള അപേക്ഷകൾ റവന്യു അധികാരികൾ നിരസിക്കുകയാണ്. ജാതി തെളിയിക്കാൻ സാധിക്കാത്തതിനാൽ സർക്കാർ ആനുകൂല്യങ്ങളും ഇതുവരെ ലഭിച്ചിട്ടില്ല.
മെച്ചപ്പെട്ട വിദ്യാഭ്യാസം ആഗ്രഹമുണ്ടെങ്കിലും അതിനുള്ള സാന്പത്തിക ശേഷി ഇവർക്കില്ല. സർട്ടിഫിക്കറ്റിനായി പൂർവികർ താമസിക്കുന്ന കോഴിക്കോട്ട് പോയി തഹസിൽദാരെ കണ്ട് അപേക്ഷ വച്ചിരുന്നു.
തീരുമാനം വന്നാൽ അറിയിക്കാമെന്നു പറഞ്ഞിരുന്നെങ്കിലും മൂന്നുകൊല്ലം കഴിഞ്ഞിട്ടും ഒന്നുമുണ്ടായിട്ടില്ല.എംഎൽഎയ്ക്കും മന്ത്രിക്കും പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. കാറളം താണിശേരിയിലും ഇവരുടെ കുടുംബങ്ങളുണ്ട്.
ബന്ധുക്കളിൽ പലർക്കും ജാതി സർട്ടിഫിക്കറ്റ് കിട്ടിയിട്ടുണ്ട്. എന്നാൽ തങ്ങൾക്ക് ഇതുവരെയും സർട്ടിഫിക്കറ്റ് കിട്ടിയിട്ടില്ലെന്ന് അശ്വതിയുടെ പിതാവ് സുരേഷ് പറഞ്ഞു.
വീട്ടുനന്പർ, ആധാർ കാർഡ്, റേഷൻ കാർഡ്, ഐഡി കാർഡ് എന്നിവയെല്ലാമുണ്ട്. ഡിഗ്രിക്കു സീറ്റ് കിട്ടിയിട്ടും എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയാണു സുരേഷിന്റെ മൂത്തമകൻ സുധി.
സ്കോളർഷിപ്പ് കിട്ടിയിട്ടും ജാതി സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ ആനുകൂല്യം നിഷേധിക്കപ്പെടുകയാണ്.സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ പഠനം പ്രതിസന്ധിയിലായ പതിനഞ്ചോളം കുട്ടികളുണ്ട് ഇവിടെ. എടതിരിഞ്ഞി, കാക്കാത്തുരുത്തി, പെരിഞ്ഞനം സ്കൂളുകളിലായിട്ടാണ് ഈ കുട്ടികൾ പഠിക്കുന്നത്.