മാനന്തവാടി: വിനോദസഞ്ചാര കേന്ദ്രമായ കുറുവ ദ്വീപിൽ ഒരു ദിവസം പ്രവേശിപ്പിക്കാവുന്ന സഞ്ചാരികളുടെ എണ്ണം വർധിപ്പിക്കും. ഫോറസ്റ്റ് ഐബിയിൽ ജനപ്രതിനിധികളും വനം ഉദ്യോഗസ്ഥരും രാഷ്ട്രീയ-തൊഴിലാളി സംഘടനാ നേതാക്കളും നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനം.
ഇതനുസരിച്ച് ദ്വീപിൽ പാൽവെളിച്ചം, ചെറിയമല ഭാഗങ്ങളിലൂടെ ദിവസം ആയിരം ആളുകൾക്ക് വീതം പ്രവേശനം നൽകും. നിലവിൽ 200 സഞ്ചാരികളെയാണ് അനുവദിക്കുന്നത്. പതിനഞ്ച് ദിവസത്തിനകം തീരുമാനം നടപ്പിലാക്കും. വിദഗ്ധരും ജനപ്രതിനിധികളും ഉൾപ്പെടുന്ന സമിതി രൂപീകരിച്ച് ആറു മാസത്തിനകം പഠനം നടത്തി ആളുകളെ കയറ്റുന്നതിലെ നിയന്ത്രണം പുനഃപരിശോധിക്കും.
2017 നവംബർ എട്ടിനാണ് ദ്വീപിൽ സന്ദർശക്ക് നിയന്ത്രണം ഏർപ്പെടുത്തി വനം വകുപ്പ് ഉത്തരവിറക്കിയത്. എംഎൽഎമാരായ ഒ.ആർ. കേളു, സി.കെ. ശശീന്ദ്രൻ, മാനന്തവാടി നഗരസഭ ചെയർമാൻ വി.ആർ. പ്രവീജ്, കൗണ്‍സിലർ ജേക്കബ് സെബാസ്റ്റ്യൻ, പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്, ജില്ലാ കളക്ടർ എസ്. സുഹാസ്, കണ്ണുർ സിസിഎഫ് ശ്രാവണ്‍കുമാർ വർമ, ഡിസിഎഫ് സി. രാജേന്ദ്രൻ, ഡിഎഫ്ഒമാരായ പി. പ്രസാദ്, എം. അബ്ദുൽ അസീസ്, എ. ഷജ്ന, എ്ൻ.ടി. സാജൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.