ഏറ്റുമാനൂർ: രാത്രിയിൽ കറങ്ങി നടക്കുന്ന അജ്ഞാതസംഘങ്ങളെ തുടർച്ചയായി കാണുന്നതോടെ അതിരന്പുഴയിൽ നാട്ടുകാരുടെ ഭീതി അകലുന്നില്ല. അതിരന്പുഴ പഞ്ചായത്തിലെ അഞ്ച്, ആറ്, ഏഴ് വാർഡുകളിലെ ഏഴു വീടുകളിലാണ് ആദ്യം മോഷണശ്രമങ്ങൾ നടന്നത്.
ഇവരുടെ ദൃശ്യങ്ങൾ ഒരു സിസിടിവിയിൽ പതിഞ്ഞതോടെ നാട്ടുകാർ ഭീതിയിലായി. സംഘത്തിലുണ്ടായിരുന്ന മൂന്നു പേരുടെയും കൈയിൽ വടിവാൾ, മഴു തുടങ്ങിയ മാരകായുധങ്ങൾ, അടിവസ്ത്രം മാത്രം ധരിച്ച ദൃഢഗാത്ര, ഇവർ കറങ്ങുന്നത് അർധരാത്രി മുതൽ പുലർച്ചെ വരെ… ഈ ലക്ഷണങ്ങൾ കൊണ്ട് ഇത് കുറുവ സംഘം തന്നെയെന്ന് നാട്ടുകാർ ഉറപ്പിച്ചു. ഇതോടെ നാടാകെ ഭീതിയിലായി.
തൊട്ടടുത്ത ദിവസങ്ങളിൽ മാന്നാനം, അടിച്ചിറ, കാട്ടാത്തി, മുണ്ടകപ്പാടം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മോഷ്ടാക്കളെ രാത്രിയിൽ കണ്ടതായി പറയുന്ന സംഭവങ്ങളുണ്ടായി. നാടു മുഴുവൻ അരിച്ചു പെറുക്കിയിട്ടും പക്ഷേ മോഷ്ടാക്കൾ കാണാമറയത്ത് തന്നെ.
ബുധനാഴ്ച രാത്രിയിൽ മണ്ണാർകുന്ന് മലയിൽ പടിയിൽ മൂന്നു പേരെ കണ്ടതായി പറഞ്ഞതനുസരിച്ച് പഞ്ചായത്ത് മെംബറുടെ നേതൃത്വത്തിൽ നാട്ടുകാരും പോലീസും ചേർന്ന് നാടാകെ തെരച്ചിൽ നടത്തിയിട്ടും ആരെയും കൈയിൽ കിട്ടിയില്ല. എന്നാൽ രണ്ട് സിസിടിവികളിൽ ഇവരുടെ ദൃശ്യങ്ങൾ പതിഞ്ഞു.
തുടർന്നുള്ള രണ്ടു ദിവസങ്ങളിലും തെരച്ചിൽ തുടർന്നെങ്കിലും ഒരു ഫലവുമുണ്ടായിട്ടില്ല.ലക്ഷണം കൊണ്ട് കുറുവ സംഘത്തോട് അൽപമെങ്കിലും സാമ്യമുണ്ടായിരുന്നത് അതിരന്പുഴയിൽ ആദ്യം സിസിടിവിയിൽ പതിഞ്ഞ സംഘത്തിന് മാത്രമാണ്.
എന്നാൽ അവർ അക്രമ സ്വഭാവം കാട്ടാതിരുന്നതിനാൽ കുറുവ സംഘമല്ല അതെന്ന വാദവുമുയരുന്നു. മറ്റ് ദിവസങ്ങളിൽ അജ്ഞാതരെ രാത്രി 10 മുതൽ കണ്ടിരുന്നു. ഇത് പ്രഫഷണൽ മോഷണസംഘത്തിന്റെ ലക്ഷണമല്ല.അതിരന്പുഴയിലെ ആദ്യ മോഷണ ശ്രമമൊഴികെയുള്ളതെല്ലാം സാമൂഹ്യ വിരുദ്ധരുടെ ഇടപെടലാണോ എന്ന സംശയവുമുയരുന്നു.
മറ്റം കവലക്ക് സമീപം തൊട്ടടുത്ത ഒട്ടേറെ വീടുകളുടെ ഭിത്തിയിൽ ഒരേ ദിവസം അടയാളങ്ങൾ പ്രത്യക്ഷപ്പെട്ടത് ഈ സംശയത്തിനിടയാക്കുന്നു. കഞ്ചാവ്, മയക്കു മരുന്ന് സംഘങ്ങൾ ബോധപൂർവം ഭീതി വിതയ്ക്കുന്നതാണെന്ന് നാട്ടുകാർക്ക് സംശയമുണ്ട്. രാത്രികാല തെരച്ചിലിനിടെ സംശയകരമായി കാണുന്ന വാഹനങ്ങൾ കൂടി പരിശോധിക്കേണ്ടതുണ്ട്.
തുടർച്ചയായി മോഷണ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ജാഗ്രത വർധിപ്പിച്ചു കോട്ടയം നഗരസഭ. നഗരപ്രദേശങ്ങളിൽ രാത്രികാല പട്രോളിംഗ് ശക്തമാക്കി.