കോട്ടയം: പുഴ, കായല് എന്നിവയോട് ചേര്ന്ന് പകല് മീന്, ആമ പിടിത്തം തൊഴിലാക്കിയ നാടോടി സംഘങ്ങളുടെ പടുതാക്കുടിലുകളില് കുറുവ മോഷ്ടാക്കളുടെ സാന്നിധ്യം ഉറപ്പാണെന്നു പോലീസ്. മുന്പ് കേരളത്തിൽ വീടുകവര്ച്ച നടത്തിയപ്പോഴൊക്കെ കുറുവാ സംഘം തമ്പടിയിച്ചിരുന്നത് പുളിങ്കുന്ന്, അരൂര്, കുണ്ടന്നൂര്, പാലാ എന്നിവിടങ്ങളിലെ ജലസ്രോതസുകളോടു ചേര്ന്നാണ്.
മോഷണവേളയില് ഇരയെ നേരിടാന് വാള്, കത്തി, വാക്കത്തി, പിച്ചാത്തി, കമ്പിപ്പാര തുടങ്ങിയ ആയുധങ്ങള് ഇവരുടെ കുടിലുകളില് കുഴിയെഴുത്താണ് സൂക്ഷിക്കുക. ഇവരില് ഏറെപ്പേരും അടുത്ത ബന്ധുക്കളുമാണ്. വിവാഹം നടത്താതെ ഒരുമിച്ച് പാര്ക്കുന്നവരാണ് കൂടുതലും. ചിലര്ക്ക് ഒന്നിലേറെ ഭാര്യമാരുമുണ്ട്.
കുട്ടവഞ്ചിയില്പോയി തടവല വിരിച്ചശേഷം വെള്ളത്തില് രാസവസ്തുക്കള് വിതറി മീന് പിടിച്ചാണു വഴിയോരങ്ങളില് വില്പ്പന. ഇവരില് ഏറെപ്പേരും പതിവായി മദ്യപിക്കുന്നവരാണ്.
പോക്കറ്റടിച്ചും മീന്വിറ്റും പണം കൈയില് വന്നാല് അപ്പോള്തന്നെ മദ്യം വാങ്ങും. ഇവരുടെ സംഘത്തിലെ സ്ത്രീകള് കൈക്കുഞ്ഞുങ്ങളുമായി ഭിക്ഷാടനം, ചൂല്വില്പ്പന, പോക്കറ്റടി എന്നിവയുമായി നാടുചുറ്റി വൈകുന്നേരം മടങ്ങിവരും. മുന്പ് ഉരല്വില്പ്പനയായിരുന്നു തൊഴില്. തേനിയില് തേവര് വിഭാഗക്കാരായ കുറുവകള്ക്ക് പന ചെത്തും കല്ലുകൊത്തുമായിരുന്നു മുന്പ് കുലത്തൊഴില്.
വിവരങ്ങൾ നൽകുന്നത് സ്ത്രീകൾ
പകൽ കറങ്ങി നടന്ന് മോഷണത്തിന് അനുയോജ്യമായ വീടുകളുടെ കൃത്യമായ വിവരങ്ങള് ശേഖരിച്ചാണ് സ്ത്രീകളുടെ മടങ്ങി വരവ്. മോഷണത്തിന് പറ്റിയ വിവരങ്ങൾ കൈമാറുന്നത് ഇവരാണ്.
കുണ്ടന്നൂരില് അറസ്റ്റിലായ കുറുവ സന്തോഷ് സെല്വത്തിന്റെ ഭാര്യ ജ്യോതി രാമപുരം, പള്ളിക്കത്തോട് സ്റ്റേഷനുകളില് പോക്കറ്റടി കേസില് പ്രതിയാണ്.
ജാമ്യത്തില് ഇറങ്ങി മുങ്ങിയശേഷം ജ്യോതിയെക്കുറിച്ച് പോലീസിന് വിവരമില്ല.പല തവണ പിടിയിലായെങ്കിലും തേനി ജില്ലയിലെ ബോഡിനായ്ക്കന്നൂര് സന്ദനമാരിയമ്മന് കോവിലിനോടു ചേര്ന്ന കോളനിയാണ് കുറവാ സംഘത്തിന്റെ ആസ്ഥാനമെന്ന് പോലീസ് പറയുന്നു.
അടുത്തടുത്ത് മുപ്പതിലേറെ വീടുകള്. പുരുഷന്മാര്ക്കും സ്ത്രീകള്ക്കും തൊഴില് മോഷണം. പലപ്പോഴായി കോട്ടയത്തുനിന്നുള്ള പോലീസ് സ്പെഷല് ബ്രാഞ്ച് സംഘം ഈ തെരുവില് ഒളിച്ചും പാത്തും കുറുവാ തലവന് കറുപ്പയ്യന് ഉള്പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തിരുന്നു.
പ്രഗൽഭരും സംഘത്തിൽ
മോഷ്ടിച്ചു കിട്ടുന്ന സ്വര്ണത്തിന്റെ മാറ്റും നിലവാരവും പരിശോധിക്കാന് പരിചയമുള്ളവരും ഇതേ സംഘത്തിലുണ്ട്. സ്വര്ണം കഷ്ണങ്ങളാക്കി ഉരുക്കി വില്ക്കുന്നതിനാല് തൊണ്ടി കണ്ടെടുക്കുക എളുപ്പമല്ല. വീടുകവര്ച്ചയിലൂടെ ലക്ഷങ്ങള് വരുമാനമുള്ള ഇവര്ക്ക് ജാമ്യം വാങ്ങിക്കൊടുക്കാന് പതിവ് അഭിഭാഷകരുണ്ട്.
കേരളത്തിലെ കേസുകളില് ഏതാനും മലയാളി അഭിഭാഷകരും ഇവര്ക്കുവേണ്ടി കോടതിയിലെത്തുന്നതായി പോലീസ് പറഞ്ഞു. തൊണ്ടിമുതലിന്റെ അളവനുസരിച്ചുള്ള പണം കോടതിയില് രൊക്കം കെട്ടിവയ്ക്കാന് യാതൊരു സാമ്പത്തിക ക്ലേശവുമില്ല.
ജാമ്യം കിട്ടിയാല് തേനിയിലെത്തി ഇവരുടെ സ്വന്തം കോവിലില് പൂജകള് നടത്തുന്നതും പതിവാണ്. മോഷണത്തിനു തേനിയില്നിന്ന് പുറപ്പെടുമ്പോഴും ശരീരത്തില് ചന്ദനവും ചാരവും കരിയും പൂശിയുള്ള പൂജകള്ക്കും ചടങ്ങുകള്ക്കും മുടക്കമില്ല.
കേസുകളില് വിചാരണയുടെ മുന്നോടിയായി കോടതി സമന്സ് പുറപ്പെടുവിച്ചാല് ഇവരെ കണ്ടെത്തുക സാധ്യമല്ല. പലപ്പോഴും വിലാസം ശരിയാണമെന്നില്ല. അതല്ലെങ്കില് മോഷണസാധ്യത തേടി മറ്റൊരു ദേശത്തായിരിക്കും. ഇത്തരത്തില് പ്രതിയെ കിട്ടാതെ ഒട്ടേറെ കേസുകള് കോടതികളില് കെട്ടിക്കിടക്കുന്നുണ്ട്.