ഏറ്റുമാനൂർ: അതിരന്പുഴയിൽ വീടുകളിൽ മോഷണശ്രമം നടത്തിയ കുറുവ സംഘമെന്ന് സംശയിക്കുന്ന മോഷ്ടാക്കളെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചില്ല.
ഏറ്റുമാനൂർ പോലീസ് അന്വേഷണം ഊർജിതമാക്കി. ശനിയാഴ്ച വെളുപ്പിന് ഒന്നിനും മൂന്നിനുമിടയിലാണ് മൂന്നംഗ സംഘം എത്തിയത്.
പ്രത്യേക ക്രമീകരണവുമായി പോലീസ്
തമിഴ്നാട്ടിലെ കുപ്രസിദ്ധമായ തിരുട്ടു ഗ്രാമത്തിൽ നിന്നും കുറുവ സംഘം അതിരന്പുഴയിൽ എത്തിയെന്ന വാർത്ത നാട്ടുകാരെ ഭീതിയിലാഴ്ത്തി.
പഞ്ചായത്തിന്റെ എല്ലാ വാർഡുകളിലും റെസിഡന്റ്സ് അസോസിയേഷനുകളുടെയും യുവജന കൂട്ടായ്മകളുടെയും നേതൃത്വത്തിൽ രാത്രിയിൽ ബൈക്കിലും നടന്നും പട്രോളിംഗ് നടത്തി. പഞ്ചായത്ത് മെംബർമാരുടെ നേതൃത്വത്തിൽ എല്ലാ വാർഡുകളിലും ജാഗ്രത തുടരുന്നു.
രാത്രിയിൽ ഏതു സമയത്തും അസ്വാഭാവികമായി എന്തു സംഭവിച്ചാലും പോലീസിൽ വിളിച്ചറിയിക്കണമെന്നും ഉടൻ തന്നെ സ്ഥലത്തെത്താൻ പ്രത്യേക ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്നും ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ സി.ആർ. രാജേഷ് കുമാർ പറഞ്ഞു.
സ്ത്രീകളുടെ സംഘം
ഇതിനിടെ ഇന്നലെ രാവിലെ അതിരന്പുഴയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇതര സംസ്ഥാനക്കാരായ സ്ത്രീകളുടെ സംഘത്തെ നാട്ടുകാർ തടഞ്ഞുവച്ച് പോലീസിൽ ഏൽപിച്ചു.
തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നുമുള്ളവരാണെന്ന് ഇവർ പറയുന്നു. തിരിച്ചറിയൽ രേഖകളൊന്നും കൈവശമില്ലാത്തതിനാൽ ഇത് സ്ഥിരീകരിക്കാനാകുന്നില്ല.
ആക്രി സാധനങ്ങൾ ശേഖരിക്കുന്നവരെന്ന വ്യാജേനയാണ് ഇവർ ചുറ്റിക്കറങ്ങുന്നത്.
ഭിത്തിയിൽ അടയാളം
ശനിയാഴ്ച മോഷണശ്രമം നടന്ന അഞ്ചാം വാർഡിൽ നീർമലക്കുന്നേൽ മുജീബിന്റെ വീടിന്റെ ഭിത്തിയിൽ പ്രത്യേക അടയാളം കണ്ടെത്തി.
ചുണ്ണാന്പ് പോലുള്ള മിശ്രിതം ഉപയോഗിച്ചുണ്ടാക്കിയതാണ് അടയാളം. നാടോടി സ്ത്രീകളോ മറ്റോ പകൽ സമയം വീടും പരിസരവും നിരീക്ഷിച്ച ശേഷം അടയാളം പതിച്ചതാകാമെന്ന് കരുതുന്നു. മുജീബിന്റെ വീട്ടിൽ പകൽ സമയം ആളുണ്ടാകാറില്ല.
അടിച്ചിറയിൽ എത്തിയതും കുറുവ സംഘമോ?
മുടിയൂർക്കര: അടിച്ചിറ ആമോസ് സെന്ററിനു സമീപത്തുള്ള അഞ്ചു വീടുകളിൽ മോഷണശ്രമം നടത്തിയത് കുറുവ സംഘമെന്ന സംശയം ബലപ്പെടുന്നു.
കഴിഞ്ഞദിവസം പുലർച്ചെ രണ്ടിനുശേഷമാണ് ഇവിടങ്ങളിൽ മോഷണശ്രമം നടന്നത്. ശ്രുതിയിൽ പുരുഷോത്തമന്റെ വീടിന്റെ വെന്റിലേഷനിൽ സ്ഥാപിച്ചിരുന്ന ചില്ലുകൾ ഇളക്കി മാറ്റിയതിനുശേഷം പാര ഉപയോഗിച്ച് കന്പികൾ വളച്ച് അകത്തു കടക്കാനായിരുന്നു ശ്രമം.
തൊട്ടടുത്ത രാജേഷിന്റെ വീടിന്റെ ജനൽച്ചില്ല് തകർത്ത് വാതിൽ തുറന്ന് അകത്ത് പ്രവേശിച്ചു കിടപ്പുമുറിയിൽ വരെ കയറി മോഷണശ്രമം നടത്തി.
അയൽപക്കത്തെ വീടുകളിലും സമാനമായ ശ്രമങ്ങൾ നടത്തി. വീടുകളുടെ പരിസരങ്ങളിലെല്ലാം രണ്ടോ മൂന്നോ പേരുടെ കാല്പാടുകൾ വ്യക്തമായിരുന്നു.
നഗരസഭ ഒന്നാം വാർഡ് കൗണ്‍സിലർ സാബു മാത്യു വിവരമറിയിച്ചതനുസരിച്ച് ഗാന്ധിനഗർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
പോലീസ് പട്രോളിംഗ് ശക്തിപ്പെടുത്തണമെന്നും മോഷ്ടാക്കളെക്കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കണമെന്നും കൗണ്‍സിലർ ആവശ്യപ്പെട്ടു.