കോഴിക്കോട്: കോഴിക്കോട് നഗര പരിധിയിലെ കവര്‍ച്ചക്ക് പിന്നില്‍ കുറുവാസംഘമെന്ന് സംശയം.
ചെട്ടികുളത്ത് കത്തിമുനയില്‍ വീട്ടമ്മയെ നിര്‍ത്തി സ്വര്‍ണവും പണവും കവര്‍ന്നത് കുറുവാ സംഘമെന്നാണ് പോലീസ് സംശയിക്കുന്നത്.
കവര്‍ച്ചയ്ക്കിരയായവരുടെ മൊഴിയും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചതില്‍ നിന്നാണ് പോലീസ് കുറുവാസംഘമാണെന്ന നിഗമനത്തിലെത്തിയത്.
തമിഴ്കലര്‍ന്ന മലയാളമാണ് ഇവര്‍ സംസാരിച്ചതെന്നാണ് മൊഴി. ദേഹത്ത് എണ്ണ പുരട്ടുകയും ചെയ്യുന്നുണ്ട്.
സാധാരണ കുറുവാസംഘമാണ് ഇത്തരത്തില്‍ ദേഹത്ത് എണ്ണപുരട്ടി മോഷണത്തിനിറങ്ങാറുളളത്.
ഈ മാസം ആദ്യം സംസ്ഥാന അതിര്‍ത്തിയില്‍ ദേശീയ പാതകളിലും വ്യാപാര കേന്ദ്രങ്ങളിലും കവര്‍ച്ചയ്ക്കായി കുറുവാസംഘം എത്തിയതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരങ്ങള്‍ ലഭിച്ചിരുന്നു.
മാരകായുധങ്ങളുമായി നീങ്ങുന്ന മൂന്നംഗ സംഘത്തിന്റെ ദൃശ്യങ്ങളും വാളയാര്‍ ഭാഗത്തുനിന്ന് ലഭിച്ചിരുന്നു.
ഇതേ സംഘമാണ് കോഴിക്കോട് എത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. രണ്ടാഴ്ച മുമ്പാണ് ചെട്ടികുളം കൊളായില്‍ ചന്ദ്രകാന്തത്തില്‍ വിജയലക്ഷ്മിയുടെ വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത് മോഷണം നടന്നത്.
സമാനരീതിയില്‍ മോഷണം നടത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ തിരിച്ചറിയാന്‍ സാധിച്ചില്ല.
ഫിംഗര്‍പ്രിന്റ് ബ്യൂറോയുമായി ബന്ധപ്പെട്ട് നിരവധി മോഷ്ടാക്കളുടെ വിവരങ്ങള്‍ ശേഖരിച്ചെങ്കിലും പ്രതികളെ കുറിച്ച് സൂചനകള്‍ ലഭിച്ചില്ല.
നാടോടിസ്ത്രീകള്‍ താമസിക്കുന്ന സ്ഥലങ്ങളിലും പോലീസ് പരിശോധന നടത്തിയിരുന്നു. അതിനിടെയാണ് കുറുവാസംഘമാണെന്ന സംശയമുണ്ടായത്.
അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ടെന്നും പ്രതികളെ ഉടന്‍ പിടികൂടാനാവുമെന്നും പോലീസ് അറിയിച്ചു.