കൽപ്പറ്റ: കുറുവ ദ്വീപ് സന്ദർശനത്തിനു ബാധകമാക്കിയ അനാവശ്യ നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ നടത്തുന്ന സമരത്തിനു സിപിഐയുടെ യുവജന പ്രസ്ഥാനമായ എഐവൈഎഫിന്റെ വിമർശനം. കുറുവ ദ്വീപുമായി ബന്ധപ്പെട്ട് ഇപ്പോൾ നടന്നുവരുന്ന സമരങ്ങൾ റിസോർട്ട് മാഫിയയുടെ ഒത്താശയോടെയാണെന്ന് എഐവൈഎഫ് ജില്ലാ എക്സിക്യുട്ടീവ് കുറ്റപ്പെടുത്തി.
കുറുവ ദ്വീപിൽ ഒരു ദിവസം പ്രവേശിപ്പിക്കാവുന്ന സന്ദർശകരുടെ എണ്ണം നാനൂറായി പരിമിതപ്പെടുത്തിയതിനെതിരെ ഡിവൈഎഫ്ഐ പയ്യന്പള്ളി മേഖല കമ്മിറ്റി മാനന്തവാടിയിൽ വടക്കേവയനാട് ഡിഎഫ്ഒയുടെ കാര്യാലയത്തിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയ പശ്ചാത്തലത്തിലാണ് എഐവൈഎഫ് നിലപാട് വ്യക്തമാക്കിയത്.
വളരെയേറെ പാരിസ്ഥിതിക പ്രാധാന്യമുള്ള കുറുവ ദ്വീപിൽ ടൂറിസം നിയന്ത്രണവിധേയമായിരിക്കണം. തത്പര കക്ഷികളുടെയും റിസോർട്ട് മാഫിയയുടെയും സ്വാധീനത്തിനു വഴങ്ങി ചിലർ നടത്തുന്ന സമരം ആശാസ്യമല്ല. കുറുവ ദ്വീപും സമീപത്തെ ആനത്താരയും സംരക്ഷിക്കപ്പെടണം. അനിയന്ത്രിത ടൂറിസം ദ്വീപിലും പരിസരങ്ങളിലും മാലിന്യം അടിയുന്നതിനു കാരണമാകും.
വരുമാനം മാത്രം മുന്നിൽക്കണ്ട് ദ്വീപിൽ സഞ്ചാരികൾക്ക് പ്രവേശനം നൽകുന്നതിനു അധികൃതർ കൂട്ടുനിൽക്കരുത്. ദ്വീപിൽ പ്രവേശത്തിനുള്ള ടിക്കറ്റ് വിൽപ്പന ഓണ്ലൈനിലാക്കണം. ഇടതുമുന്നണി പ്രകടനപത്രികയിൽ പറഞ്ഞതുപോലെ പരിസ്ഥിതി സൗഹൃദ വികസനവും ടൂറിസവുമാണ് നടപ്പിലാക്കേണ്ടതെന്ന് എക്സിക്യുട്ടീവ് അഭിപ്രായപ്പെട്ടു.