കോട്ടയം: പോലീസും നാട്ടുകാരും അരിച്ചുപെറുക്കി അന്വേഷണം നടത്തിയിട്ടും കുറുവ സംഘത്തെക്കുറിച്ച് ഒരു വിവരവുമില്ല.
കഴിഞ്ഞ രണ്ടു ദിവസമായി മോഷണവും മോഷണശ്രമവും റിപ്പോർട്ട് ചെയ്തില്ലെങ്കിലും ജനങ്ങളുടെ ഭീതി വിട്ടുമാറിയിട്ടില്ല.
അതിരന്പുഴയിലും സമീപ പ്രദേശങ്ങളിലുമുള്ള വീടുകളുടെ ഭിത്തിയിൽ പ്രത്യക്ഷപ്പെട്ട അടയാളങ്ങളാണ് ജനങ്ങളെ പരിഭ്രാന്തരാക്കുന്നത്.
പകൽ സമയങ്ങളിൽ വീടുകളുടെ പരിസരം വീക്ഷിക്കുന്നവർ മോഷ്്ടാക്കൾക്കുവേണ്ടി ചെയ്യുന്നതാണിതെന്നാണ് നാട്ടുകാർ സംശയിക്കുന്നത്. ഒരേ ഭാഗത്തെ വീടുകളുടെ ഭിത്തിയിലാണ് അടയാളങ്ങൾ കണ്ടെത്തിയത്.
ഇന്നലെ കടപ്പൂരിൽ തമിഴ്നാട് സ്വദേശിയെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതോടെ കുറുവ സംഘത്തിൽപ്പെട്ടയാളെന്ന് സംശയിച്ചു നാട്ടുകാർ വിവരം പോലീസിൽ അറിയിച്ചിരുന്നു.
കടപ്പൂർ ഭാഗത്ത് നിർമാണത്തൊഴിലാളിയായി എത്തിയ ആളാണ് ഇയാളെന്ന് പിന്നീട് ബോധ്യപ്പെടുകയും ഇതുമായി ബന്ധപ്പെട്ടു നിർമാണ കരാറുകാരൻ പോലീസിനെ സമീപിച്ചതായും പറയുന്നു.
എന്നാൽ ഇയാൾ കുറുവ സംഘത്തിൽപ്പെട്ടയാളാണെന്ന് തെറ്റിദ്ധരിച്ച് സമൂഹമാധ്യമങ്ങളിലൂടെ വ്യാപക പ്രചാരണമുണ്ടായി.
ചിത്രങ്ങളടക്കം പ്രചരിച്ചതോടെ ആശങ്ക വർധിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ അതിരന്പുഴ ഭാഗത്ത് കുറുവ സംഘം എത്തിയതായുള്ള പ്രചാരണം സജീവമായതിനു പിന്നാലെ അപരിചിതരെ കണ്ടതാണു പ്രശ്നങ്ങൾക്കു വഴിതെളിച്ചത്.
ഇതിനു പുറമേ കോഴാ മേഖലയിലെ വിവിധ വീടുകളിൽ ആക്രിസാധനങ്ങൾ ശേഖരിക്കാനായി അപരിചിതരെത്തിയത് നേരിയ ആശങ്കയ്ക്കു വകവച്ചു.
മലയാളം അറിയാത്ത ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് എത്തിയത് എന്നതിനാലാണ് ആശങ്ക ഉടലെടുത്തത്.
കോഴാ മേഖലയിൽ മലയാളം അറിയാത്ത അപരിചിതൻ എത്തിയതും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടു.
ഇന്നലെ ഉച്ചയ്ക്കു രണ്ടോടെയാണ് സംഭവങ്ങൾക്കു തുടക്കമായത്. എംസി റോഡിൽ വെന്പള്ളിയിൽ ബസിറങ്ങി കടപ്പൂര് റോഡിലൂടെ സഞ്ചരിച്ച അപരിചിതനായ ഇയാളെ നാട്ടുകാർ പിന്തുടരുകയായിരുന്നു.
ചെരിപ്പ് കൈയ്യിൽ പൊതിഞ്ഞു പിടിച്ചായിരുന്നു ഇയാൾ നടന്നിരുന്നത്. കടപ്പൂര് ചെറുകാട് ഭാഗത്തെത്തിയ ഇയാൾ കൂടല്ലൂർ റോഡിലെ എസ്എൻഡിപി ഓഡിറ്റോറിയത്തിനു മുന്നിലെത്തിയതോടെ നാട്ടുകാർ പിടികൂടി.
കുറവിലങ്ങാട് സ്റ്റേഷനിൽ വിവരം അറിയിച്ചതോടെ പോലീസ് സ്ഥലത്തെത്തി ഇയാളെ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തി സ്റ്റേഷനിലെത്തിച്ചു.
തിരിച്ചറിയൽ രേഖകളോ, മൊബൈൽ ഫോണോ കൈവശമില്ലാതിരുന്ന ഇയാൾ വെളിപ്പെടുത്തിയ വിവരങ്ങൾ ശേഖരിച്ച് പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
കുറുവകളെ പിടിക്കാൻ ഡിവൈഎഫ്ഐയും യൂത്ത് കോണ്‍ഗ്രസും
കോട്ടയം: കുറുവ ഭീതിയിൽനിന്ന് ജനങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കുന്നതിനായി ഡിവൈഎഫ്ഐ. ഏറ്റുമാനൂർ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് ബ്രിഗേഡ് രൂപീകരിച്ചു.
ഈ സ്ക്വാഡിന്റെ നേതൃത്വത്തിൽ രാത്രികാല പരിശോധന തുടരുകയാണ്. മേഖല പരിധിയിലെ മുഴുവൻ പ്രദേശങ്ങളിലും പരിശോധനയും പട്രോളിംഗും നടത്താനാണ് ഡിവൈഎഫ്ഐയുടെ തീരുമാനം.
യൂത്ത് കോണ്‍ഗ്രസും രാത്രികാല പരിശോധന സ്ക്വാഡായി നടത്തുന്നുണ്ട്. കുറുവ ഭീതിയിൽ നിന്നും നാട്ടുകാരെ സംരക്ഷിക്കുന്നതിനായി പോലീസ് ഉണർന്നു പ്രവർത്തിക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം. യൂത്ത് ഫ്രണ്ടും യൂത്ത് ഫ്രണ്ട് എമ്മും കുറുവകളെ പിടികൂടാൻ രംഗത്ത് എത്തിയിട്ടുണ്ട്.