അമ്പലപ്പുഴ: ഉറങ്ങിക്കിടന്ന യുവതിയുടെയും നവജാത ശിശുവിന്റെയും മാല കവര്‍ന്നു. പിന്നില്‍ കുറുവാ സംഘമെന്ന് സൂചന. ആലപ്പുഴ തൂക്കുകുളം മകയിരം വീട്ടില്‍ മനോഹരന്റെ മകള്‍ നീതുവിന്റെ ഒന്നരപ്പവനും മൂന്നു മാസം പ്രായമായ രാംമാധവിന്റെ അരപ്പവനും തൂക്കം വരുന്ന മാലയുമാണ് കവര്‍ന്നത്. കഴിഞ്ഞ രാത്രി 12.15 ഓടെയായിരുന്നു മോഷണം.
അടുക്കളവാതിലിന്റെ കൊളുത്ത് തകര്‍ത്ത് അകത്തുകടന്ന മോഷ്ടാവ് മുറിയില്‍ ഉറങ്ങുകയായിരുന്ന നീതുവിന്റെയും കുഞ്ഞിന്റെയും മാല പൊട്ടിക്കുകയായിരുന്നു.ഈ സമയം നീതുവിന്റെ നിലവിളി കേട്ട് പിതാവ് മനോഹരന് ഉറക്കമുണര്‍ന്ന് നോക്കിയപ്പോള്‍ മോഷ്ടാവ് കടന്നുകള ഞ്ഞു. മുഖം മറച്ച ഒരാളാണ് മോഷ്ടാവെന്ന് മകള്‍ പറഞ്ഞതായി മനോഹരന് പറയുന്നു.
വിവരമറിയിച്ചതിനെത്തുടര്‍ന്ന് പുന്നപ്ര പോലീസെത്തി അന്വേഷണമാരംഭിച്ചു.മോഷണത്തിനു പിന്നില്‍ കുറുവാ സംഘമാണെന്ന സൂചനയുണ്ട്. എന്നാല്‍ കഴിഞ്ഞദിവസം കോമളപുരം മണ്ണഞ്ചേരിയിലും സമാനരീതിയില്‍ കവര്‍ച്ച നടത്തിയ സംഘത്തിന്റെ വേഷമല്ലായിരുന്നു ഈ മോഷ്ടാവിന്. കുറുവാ സംഘമാണ് ഈ മോഷണത്തിന് പിന്നിലെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
മോഷ്ടാക്കളെ പിടികൂടാന്‍ ഡിവൈഎസ്പി മധു ബാബുവിന്റെ മേല്‍നോട്ടത്തില്‍ ഏഴംഗ സ്പെഷല്‍ സ്ക്വാഡിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷണം നടത്തുന്നതിനിടെയാണ് ഈ മോഷണം നടന്നത്. പ്രസവശേഷം വ്യാഴാഴ്ച ഭര്‍തൃവീട്ടിലേക്ക് മടങ്ങാനിരിക്കെയാണ് നീതുവിന്റെ മാല കവരുന്നത്.