അമ്പലപ്പുഴ: രാത്രികാലങ്ങളിൽ മനോനിലതെറ്റി അലയുന്നവരും ഇതര സംസ്ഥാന തൊഴിലാളികളും കുറുവാ സംഘമെന്ന് തെറ്റിദ്ധരിച്ച് കൈയേറ്റത്തിനും മർദനത്തിനും വിധേയമാകുന്നു.
കുറുവാ മോഷണസംഘം ജനത്തെ ഭീതിയിലാഴ്ത്തിയതോടെ ഇത് മുതലാക്കി സാമൂഹ്യ വിരുദ്ധരും ലഹരിക്കടിമകളായവരും നാട്ടിൽ അരാജകത്വം സൃഷ്ടിക്കാൻ നീക്കം നടത്തുന്നതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ രാത്രി വാടക്കൽ എൻജിനിയറിംഗ് കോളജിന് സമീപം അസമയത്ത് കണ്ടയാളെ നാട്ടുകാർ തടഞ്ഞുനിർത്തിയിരുന്നു. ചിലർ കൈയേറ്റം ചെയ്തു. തുടർന്നു പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പുന്നപ്ര പോലീസ് എത്തി ചോദ്യം ചെയ്തപ്പോഴാണ് സമനില തെറ്റി അലയുന്ന ബീഹാർ സ്വദേശിയെന്ന് മനസിലായത്.
ഏകദേശം 30 വയസ് പ്രായം തോന്നിക്കും. മുടിയും താടിയും വളർന്ന് പ്രാകൃത വേഷക്കാരനായ ഇയാളെ പിന്നീട് പോലീസ് പുന്നപ്ര ശാന്തിഭവനിലെത്തിക്കുകയായിരുന്നു.
ദേഹത്ത് പല ഭാഗത്തും മർദനമേറ്റ പാടുണ്ടായിരുന്നതായി ശാന്തിഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ പറഞ്ഞു. അതേസമയം രാത്രികാലങ്ങളിൽ അപരിചിതരെ കണ്ടാൽ മർദിക്കാതെ പോലീസിനെ അറിയിക്കണമെന്ന് പുന്നപ്ര പോലീസ് അറിയിച്ചു. ശാന്തിഭവനിലെത്തിച്ച യുവാവിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9447403035, 0477-2287322 നമ്പരിൽ ബന്ധപ്പെടണം.