ഏറ്റുമാനൂർ: കുറുവ ഭീതി നിലനിർത്തി അഴിഞ്ഞാടുന്നത് മയക്കുമരുന്ന് സംഘങ്ങൾ ഉൾപ്പെടെയുള്ള സാമൂഹ്യ വിരുദ്ധരെന്ന് സൂചന.കഴിഞ്ഞ ദിവസം നീണ്ടൂരിൽ ഒരു വീടിനു സമീപം വിജനമായ പുരയിടത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ മഴു ഓണ്ലൈനിൽ ലഭിക്കുന്നതാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.
മൂന്ന് ദിവസം മുന്പ് അതിരന്പുഴ മണ്ണാർകുന്നിൽ സിസിടിവിയിൽ പതിഞ്ഞത് കഞ്ചാവ് സംഘത്തിൽ പെട്ട രണ്ടു പേരുടെ ചിത്രമാണെന്നും പോലീസ് ഉറപ്പാക്കി.
അതിരന്പുഴയിൽ കഴിഞ്ഞ 26ന് വെളുപ്പിന് ഏഴു വീടുകളിൽ നടന്ന മോഷണശ്രമം മാത്രമാണ് കുറുവ സംഘത്തിന്റേതെന്ന് ഉറപ്പിക്കാവുന്നത്. സിസിടിവിയിൽ പതിഞ്ഞ ദൃശ്യത്തിൽ അവരുടെ കൈവശം മാരകായുധങ്ങളുണ്ടായിരുന്നു.
ദൃഢഗാത്രരായ അവർ അടിവസ്ത്രം മാത്രമാണ് ധരിച്ചിരുന്നത്. മോഷണശ്രമങ്ങൾക്ക് ശേഷം അവർ റെയിൽപാളത്തിലൂടെ റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്കാണ് പോയത്.
അതിന്റെ തൊട്ടടുത്ത ദിവസം നീണ്ടൂർ പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ കളിക്കാട് വീട്ടിൽ രാത്രിയിൽ എത്തിയ അജ്ഞാത സംഘം വാതിലിൽ തട്ടിയും സിറ്റൗട്ടിൽ ഉണ്ടായിരുന്ന കസേരകൾ വലിച്ചെറിഞ്ഞും ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.
പതിനഞ്ചാം വാർഡിൽ തന്നെ മണിമലപറന്പ് വീടിന്റെ ഭിത്തിയിൽ മൂന്ന് ദിവസം മുന്പ് അടയാളങ്ങൾ പ്രത്യക്ഷപ്പെട്ടു. ഇതിന്റെ തലേ ദിവസമാണ് അതിരന്പുഴ മറ്റം കവലയ്ക്ക് സമീപം തൊട്ടടുത്തടുത്ത വീടുകളുടെ ചുവരുകളിൽ അടയാളങ്ങൾ കണ്ടത്.
ഏറ്റവുമൊടുവിലായി നീണ്ടൂർ പഞ്ചായത്ത് മൂന്നാം വാർഡിൽ കളരിക്കൽ മഠത്തിൽ ശോഭനയുടെ വീടിന് തൊട്ടടുത്തുള്ള വിജനമായ പുരയിടത്തിൽ നിന്നാണ് വ്യാഴാഴ്ച രാവിലെ മഴു കണ്ടെത്തിയത്.
അതിരന്പുഴയിൽ കുറുവ സംഘമെന്ന് കരുതുന്ന മോഷണ സംഘം വന്നതിന് തൊട്ടടുത്ത ദിവസങ്ങളിൽ കാട്ടാത്തി, മുണ്ടകപ്പാടം, മാന്നാനം കുട്ടിപ്പടി, നീണ്ടൂരിലെ വിവിധ പ്രദേശങ്ങൾ, മണ്ണാർകുന്ന്, ശ്രീകണ്ഠമംഗലം, അടിച്ചിറ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മോഷ്ടാക്കൾ ഓടിപ്പോകുന്നത് കണ്ടതായി പറയുന്നു.
എന്നാൽ നാട്ടുകാർ അരിച്ചുപെറുക്കിയിട്ടും ആരെയും കിട്ടുന്നുമില്ല.ഇതാണ് ജനങ്ങളിലുണ്ടായ ഭീതി കഞ്ചാവ്, മയക്കുമരുന്ന് സംഘങ്ങൾ മുതലെടുക്കുന്നുവെന്ന സംശയത്തിന് ഇടനൽകുന്നത്.
ജനങ്ങളെ ഭയപ്പെടുത്തുന്നു
കുറുവാ സംഘത്തിന്റെ മറവിൽ മറ്റ് ശക്തികൾ ജനങ്ങളെ പേടിപ്പിക്കുകയാണെന്ന് ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് കോട്ടൂർ.
കുറുവാ സംഘം കേസ് റിപ്പോർട്ട് ചെയ്തതിന്റെ അടുത്ത ദിവസം പ്രായമായവർ തനിയെ താമസിക്കുന്ന വീടിന്റെ മുൻവശത്ത് കസേരകൾ വലിച്ച് എറിയുകയും വാതിലിൽ തട്ടി ബഹളം ഉണ്ടാക്കുകയും ചെയ്തു.
നീണ്ടൂരിൽ അതിന് പിന്നാലെ കുറുവാ സംഘത്തിന്റേതെന്ന് തോന്നിപ്പിക്കുന്ന അടയാളങ്ങൾ നീണ്ടൂരിലെ ചില വീടുകളിൽ പതിച്ചു. കഴിഞ്ഞ ദിവസം ആൾതാമസമില്ലാത്ത ഒരു പുരയിടത്തിൽ നിന്ന് ഒരു മഴു ലഭിച്ചു.
മനുഷ്യരെ ഭയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രാത്രികാലങ്ങളിൽ കഞ്ചാവ് മയക്കുമരുന്നു മാഫിയ പ്രവർത്തിക്കുന്നതായി സംശയമുണ്ട്. രാത്രികാലങ്ങളിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് തോമസ് കോട്ടൂർ ആവശ്യപ്പെട്ടു.
ഭീതി വേണ്ട; ജാഗ്രത മതിയെന്ന്
ഏറ്റുമാനൂർ: അതിരന്പുഴയിലും ഇതര പ്രദേശങ്ങളിലും നിലനിൽക്കുന്ന കുറുവ ഭീതിക്ക് അടിസ്ഥാനമില്ലെന്ന് പോലീസ്.
26ന് അതിരന്പുഴയിൽ ഉണ്ടായ മോഷണശ്രമത്തിന് പിന്നിൽ മാത്രമാണ് കുറുവ സംഘമെന്ന സംശയമുണ്ടാകാവുന്നത്.
മറ്റ് സംഭവങ്ങൾക്കു പിന്നിൽ ഒന്നുകിൽ നാട്ടുകാരായ മോഷ്ടാക്കൾ അല്ലെങ്കിൽ സാമൂഹ്യ വിരുദ്ധരാകാം. മോഷ്ടാടാക്കൾക്കെതിരേ ജാഗ്രത വേണം. എന്നാൽ ഭീതിയുടെ ആവശ്യമില്ലെന്ന് ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ സി.കെ.രാജേഷ് കുമാർ പറഞ്ഞു.
എവിടെ അടിയന്തര സാഹചര്യമുണ്ടായാലും അറിയിപ്പ് ലഭിച്ച് അഞ്ച് മിനിറ്റിനുള്ളിൽ പോലീസ് സ്ഥലത്ത് എത്തിച്ചേരാനുളള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.