ആലുവ: കോടിയുടെ ചിട്ടി തട്ടിപ്പ് നടത്തി ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യ പ്രതി ഒടുവിൽ റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത് മൂന്ന് വർഷത്തിനുശേഷം. കരിവേലിമറ്റം ചിട്ടി തട്ടിപ്പ് കേസിലെ രണ്ടാം പ്രതി തമ്മനം മട്ടുമ്മൽ ജോർജാണ് (61) കഴിഞ്ഞ ദിവസം പിടിയിലായത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.
കരുവേലിമറ്റം ചിട്ടികന്പനിയുടെ കുന്നുകര ബ്രാഞ്ചിന്റെ മാനേജരായിരിക്കേ ഡയറക്ടർമാരോടൊപ്പം ചേർന്ന് 200 പേരിൽനിന്നു ഒരു കോടി രൂപ പിരിച്ചെടുത്തു മുങ്ങുകയായിരുന്നുവെന്നാണ് കേസ്. ഡയറക്ടർമാർ കേസിൽ നേരത്തെ പിടിയിലായിരുന്നു.
ഇടപ്പള്ളി ഐശ്വര്യനഗറിലെ വീട്ടിൽനിന്നാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജവഹർ ജനാർദിന്റെ നേതൃത്വത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്തത്. എസ്ഐമാരായ ദീപക്, കുര്യാക്കോസ്, എഎസ്ഐ ജാഫർ, സിപിഒമാരായ പ്രസാദ്, സാബു, ശ്രീരാജ്, സുനിൽ, മനോജ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.