കറുകച്ചാൽ: ചെറുപക്ഷികൾക്കായി ആയിരത്തോളം മുളങ്കൂടുകളൊരുക്കുകയാണ് കോട്ടയത്തെ പ്രകൃതി സ്നേഹികളുടെ കൂട്ടായ്മ.
ഹരിത കൂട്ടായ്മ കോട്ടയത്തിന്റെയും ഒയിസ്ക്കാ ഇന്റർനാഷണലിന്റെയും നേതൃത്വത്തിലാണ് ജില്ലയിലുടനീളം പക്ഷികൾക്കായി മുളകൾ ഉപയോഗിച്ച് കൂടു നിർമിക്കുന്നത്.
വൃക്ഷങ്ങളുടെ എണ്ണം കുറഞ്ഞതോടെ കൂടു കൂട്ടാൻ ഇടമില്ലാതെ ബുദ്ധിമുട്ടുന്ന ചെറു പക്ഷികൾക്കായി പ്രകൃതിദത്തമായ കൂടുകൾ ഒരുക്കുകയാണ് ഇവർ.
ആയിരത്തോളം കൂടുകളാണു ഇവർ ഇതുവരെ നിർമിച്ചത്. ഉപയോഗശൂന്യമായ ടെലിഫോണ്‍ പോസ്റ്റുകൾ, തോട്ടങ്ങൾ, പുരയിടങ്ങൾ, വൃക്ഷങ്ങൾ, കെട്ടിടങ്ങളുടെ മുകൾഭാഗം മുതലായ ഇടങ്ങളിൽ കൂടുകൾ സ്ഥാപിക്കാനാണ് പദ്ധതി.
നാഷണൽ സർവീസ് സ്കീം അംഗങ്ങൾ, വിദ്യാർഥി കൂട്ടായ്മകൾ തുടങ്ങിയവരുടെ സഹകരണത്തോടെ ഇവ സ്ഥാപിക്കുകയാണ് ലക്ഷ്യം.
മാടത്ത, വണ്ണാത്തിപുള്ള്, കവളൻകാളി, പച്ചിലക്കുടുക്ക തുടങ്ങിയ ചെറുപക്ഷികളെ സംരക്ഷിക്കാനും ഇതിലൂടെ കഴിയുമെന്നാണ് ഇവർ കരുതുന്നത്.
കോട്ടയം നേച്ചർ സൊസൈറ്റി പ്രസിഡന്റ് ബി. ശ്രീകുമാറാണ് ഈ ആശയം അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ നിർദേശ പ്രകാരം ഹരിതകൂട്ടായ്മ അംഗങ്ങളായ ഗോപകുമാർ കങ്ങഴ, സുരേഷ് കൂരോപ്പട, ഗോപു നട്ടാശേരി എന്നിവരാണ് കൂടുകൾ നിർമിക്കുന്നത്.