കളമശേരി: പിഎസ് സി വഴിയുള്ള നിയമനം മാത്രമേ നടത്താവൂയെന്ന സിൻഡിക്കേറ്റ് തീരുമാനത്തെ മറികടന്ന് കുസാറ്റ് സ്വന്തമായി റാങ്ക് ലിസ്റ്റ് തയാറാക്കി നിയമനം നടത്തുന്നു. കുസാറ്റിലെ 33 അസിസ്റ്റന്റ് മാരുടെ താത്ക്കാലിക തസ്തികകളിലേക്കാണ് കഴിഞ്ഞ ഡിസംബർ 17ന് തയാറാക്കിയ പട്ടികയിൽ നിന്ന് നിയമിക്കുന്നത്.
2016 ഓഗസ്റ്റിൽ പി എസ് എസി തയാറാക്കിയ പട്ടികയിൽ നിന്നുള്ള നിയമനം കാത്ത് ഉദ്യോഗാർഥികൾ പ്രതീക്ഷയോടെ നിൽക്കുമ്പോഴാണ് സ്വന്തം സിൻഡിക്കേറ്റ് തീരുമാനം കൊച്ചി സർവകലാശാല അട്ടിമറിയ്ക്കുന്നത്. പ്രതിമാസം 27, 800 രൂപ ശമ്പളം ലഭിക്കുന്ന തസ്തികയാണിത്. എന്നാൽ ഒഴിവുകൾ താത്ക്കാലികമായതിനാൽ പിഎസ് സി നിയമനം പാടില്ലെന്ന നിലപാടാണ് കുസാറ്റ് അധികൃതർക്കുള്ളത്. സർക്കാർ ഈ ഒഴിവുകൾ അംഗീകരിക്കുന്ന മുറയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്ന ഇവരെ മാറ്റി പിഎസ് സി വഴി നിയമനം പിന്നീട് നടത്തുമത്രെ.
എന്നാൽ സർവകലാശാല ചട്ടങ്ങൾ മറച്ചു വച്ചാണ് അധികൃതർ ഇഷ്ടക്കാരെ തിരുകി കയറ്റാൻ നോക്കുന്നതെന്ന് ഉദ്യോഗാർഥികൾ പറയുന്നു. ഒഴിവുകൾ ഏത് സ്വഭാവത്തിലുള്ള താണെങ്കിലും പിഎസ് സി തയാറാക്കിയ പട്ടികയിൽ നിന്നു നിയമിക്കുന്നതിന് യാതൊരു തടസവുമില്ല. ഈ തസ്തിക സർക്കാർ സ്ഥിരപ്പെടുത്തിയില്ലെങ്കിൽ ജോലിയിൽ നിന്ന് മാറ്റി നിർത്താൻ സർവകലാശാലയ്ക്ക് കഴിയും.
സർവകലാശാലയ്ക്ക് സാമ്പത്തിക ബാധ്യത വരുത്തില്ല. ഇത്തരം നിയമനങ്ങളെ ത്രോൺ ഔട്ട് വേക്കേൻ സി എന്നാണ് പറയുന്നത്. എന്നാൽ ഇങ്ങിനെ നിയമിക്കപെടുന്നവരെ പി എസ് സി റാങ്ക് ലിസ്റ്റ് ഇല്ലാതായാലും ഭാവിയിൽ വരുന്ന ഒഴിവുകളിൽ പരിഗണിക്കും. ഇവർക്ക് ഈ കാലയളവിൽ ശമ്പളമില്ലെങ്കിലും സീനിയോറിറ്റിയും നഷ്ടമാവില്ല.
കുസാറ്റ് സ്വന്തമായി തയാറാക്കിയ പട്ടികയിൽ നിന്ന് നിയമനം നടത്തുന്നതിന് ഗൂഢലക്ഷ്യത്തോടെയാണെന്നും ആരോപണമുണ്ട്. പി എസ് സി റാങ്ക് ലിസ്റ്റ് റദ്ദായിപ്പോയതിന് ശേഷം മാത്രമേ ഈ തസ്തികൾ സ്ഥിരപ്പെടുത്താൻ സർക്കാരിനോട് അധികൃതർ ആവശ്യപ്പെട്ടു. അപ്പോൾ കരാർ നിയമനം ലഭിച്ച വരെ ഭാവിയിൽ സ്ഥിരപ്പെടുത്താനും കഴിയും.