കൊച്ചി: അപകടങ്ങളുണ്ടാകുന്പോഴുള്ള ശബ്ദങ്ങളിൽ നിന്നു അടിയന്തര സഹായത്തിനായി ആശുപത്രി, ആംബുലൻസ് എന്നിവിടങ്ങളിൽ അറിയിക്കുന്നതിനുള്ള സാങ്കേതിക വിദ്യയുമായി രംഗത്തെത്തിയിരിക്കുകയാണ് കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല(കുസാറ്റ്)യിലെ ആറംഗ എൻജിനിയറിംഗ് വിദ്യാർഥികൾ.
ഇതിനായുള്ള യന്ത്രം വികസിപ്പിച്ചെടുത്തത് എൻജിനിയറിംഗ് വിദ്യാർഥികളായ ഗോവിന്ദ് നായർ, ഹരിനാരായണൻ, അജയ് ശങ്കർ, അഷ്ഫാഖ് അഹമ്മദ്, ചിദംബരമൂർത്തി, അനന്തരാമൻ എന്നിവരാണ്.റോഡിലോ, പാലത്തിലോ എവിടെ വേണമെങ്കിലും ഘടിപ്പിക്കാൻ സാധിക്കുന്നതാണ് ഈ യന്ത്രം. വാഹനാപകടം മൂലം ഉണ്ടാകുന്ന ശബ്ദതരംഗങ്ങളെ ഈ യന്ത്രം തിരിച്ചറിയുകയും ഏറ്റവും അടുത്തുള്ള അടിയന്തര സഹായ സംവിധാനങ്ങളായ ആശുപത്രി, ആംബുലൻസ് എന്നിവരെ അറിയിക്കുകയും ചെയ്യും. ഇതുവഴി അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാനുള്ള സമയ ദൈർഘ്യം കുറയ്ക്കാൻ സാധിക്കുമെന്നും വിദ്യാർഥികൾ അവകാശപ്പെടുന്നു.
കഴിഞ്ഞ മാസം വരാപ്പുഴ പാലത്തിച്ചുണ്ടായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട രണ്ടു വിദ്യാർഥികളുടെ ഓർമയ്ക്കായാണ് പ്രൊജക്റ്റ് നടപ്പാക്കുന്നത്. ഇനി അപകടങ്ങളുണ്ടായി ആശുപത്രികളിൽ എത്തിക്കാൻ വൈകുന്നതുമൂലം ആർക്കും ജീവൻ നഷ്ടപ്പെടാതിരിക്കാൻ ഈ യന്ത്രം സഹായിക്കുമെന്നും വിദ്യാർഥികൾ പറയുന്നു. സർവകലാശാലാ അധ്യാപകനായ റോയി എം. തോമസിന്റെ മേൽനോട്ടത്തിലായിരുന്നു വിദ്യാർഥികൾ യന്ത്രം രൂപകല്പന ചെയ്തത്.