കൊച്ചി: കുസാറ്റില്‍ ടെക് ഫെസ്റ്റിന്റെ ഭാഗമായി നടന്ന സംഗീത നിശയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നാലു പേര് മരിച്ച സംഭവത്തില്‍ അന്വേഷണ സംഘം ഇന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന കൂടുതല്‍ വിദ്യാര്‍ഥികളുടെ മൊഴി രേഖപ്പെടുത്തും.
വരും ദിവസങ്ങളില്‍ സംഘാടകര്‍, കുസാറ്റ് വിസി, രജിസ്ട്രാര്‍, പരിപാടിയുമായി ബന്ധപ്പെട്ട അധ്യാപകര്‍ എന്നിവരില്‍ നിന്നടക്കം അന്വേഷണ സംഘം മൊഴിയെടുക്കും. സംഘാടകരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാണ് അന്വേഷക സംഘം പരിശോധിക്കുന്നത്. സംഘാടകരുടെ കൂട്ടത്തിലുള്ള മലബാറീസ് ഗ്രൂപ്പ് വിദ്യാര്‍ഥി കൂട്ടായ്മയിലുള്ളവരില്നിന്നും മൊഴിയെടുക്കും.
പരിപാടിക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് സ്കൂള്‍ ഓഫ് എന്‍ജിനീയറിംഗ് പ്രിന്‍സിപ്പല്‍ ഡോ. ദീപക് കുമാര്‍ സാഹു നല്കിയ കത്ത് കുസാറ്റ് രജിസ്ട്രാര്‍ അവഗണിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ഇതിനെക്കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. വരും ദിവസങ്ങളില്‍ പ്രിന്‍സിപ്പാളിന്റെയും രജിസ്ട്രാറിന്റെയും മൊഴി രേഖപ്പെടുത്തും.
എറണാകുളം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പതിനാറ് വിദ്യാര്‍ഥികളുടെ മൊഴി അന്വേഷക സംഘം ഇന്നലെ രേഖപ്പെടുത്തിയിരുന്നു. കുസാറ്റില്‍ അപകടം നടന്ന സ്ഥലത്തും മറ്റിടങ്ങളിലും പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നു
അപകടത്തിന് മുന്‍പും ശേഷവും വിദ്യാര്‍ഥികള്‍ പകര്‍ത്തിയ പത്തോളം മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങളും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇവ വിശദമായി പരിശോധിച്ചു വരികയാണ്.
അപകടം നടന്നതെങ്ങനെ, ഇതിന് ഇടയാക്കിയ സാഹചര്യം, പരിപാടിയുടെ നടത്തിപ്പില്‍ വീഴ്ചയുണ്ടായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാണ് പരിശോധിക്കുന്നത്.
അസ്വഭാവിക മരണത്തിനാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്. ആരെയും പ്രതി ചേര്‍ത്തിട്ടില്ല. ആദ്യഘട്ട മൊഴിയെടുപ്പിന് ശേഷമാകും പ്രതിചേര്‍ക്കുന്ന കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയില്‍ വ്യക്തത വരുക. തൃക്കാക്കര എസിപി പി.വി. ബേബിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
മൂന്നംഗ സമിതി റിപ്പോര്‍ട്ട് വെള്ളിയാഴ്ചയ്ക്കു മുമ്പ്
സംഘാടനത്തിലെ വീഴ്ചകള്‍ പഠിക്കാനും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുമുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടു വയ്ക്കുന്നതിനുമായി നിയമിച്ച മൂന്നംഗ സമിതി വെള്ളിയാഴ്ചയ്ക്ക് മുന്‍പായി പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സിന്‍ഡിക്കേറ്റ് അംഗങ്ങളായ കെ.കെ. കൃഷ്ണകുമാര്‍ (കണ്‍വീനര്‍), ഡോ. ശശി ഗോപാലന്, ഡോ. വി.ജെ. ലാലി എന്നിവരടങ്ങുന്നതാണ് സമിതി.
പ്രിന്‍സിപ്പലിനെ നീക്കി
സ്കൂള്‍ ഓഫ് എന്‍ജിനീയറിംഗ് പ്രിന്‍സിപ്പല്‍ ഡോ. ദീപക് കുമാര്‍ സാഹുവിനെ തല്‍സ്ഥാനത്തു നിന്ന് നീക്കി. പരിപാടിയുടെ നടത്തിപ്പ് ചുമതലക്കാരനായ യൂത്ത് വെല്‍ഫെയര്‍ ഡയറക്ടര്‍ പി.കെ. ബേബിയേയും ചുമതലയില്‍ നിന്ന് നീക്കിയിട്ടുണ്ട്.
പരിപാടിക്ക് പോലീസ് സുരക്ഷ ആവശ്യപ്പെട്ട് പ്രിന്‍സിപ്പല്‍ സര്‍വകലാശാല രജിസ്ട്രാര്‍ക്ക് നേരത്തെ കത്ത് നല്‍കിയിരുന്നു. ഇതു പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി. പരിപാടിയുടെ സംഘാടക സമിതി ചെയര്മാന് കൂടിയാണ് ഡോ.ദീപക്. അദ്ദേഹത്തിന് പകരമായി മുന്‍ പ്രിന്‍സിപ്പല്‍ ഡോ.ശോഭ സൈറസിന് പ്രിന്‍സിപ്പലിന്റെ ചുമതല നല്കി.
എട്ട് പേര് ആശുപത്രി വിട്ടു
അപകടത്തില്‍ പരിക്കേറ്റ് വിവിധ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എട്ടു പേര് ആശുപത്രി വിട്ടു. നിലവില്‍ 10 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ രണ്ട് പേര് വീതം മെഡിക്കല്‍ കോളജ്, ആസ്റ്റര്‍, കിന്‍ഡര്‍ ആശുപത്രികളിലായി ഐസിയുവിലാണ്.
ആസ്റ്ററില്‍ വെന്റിലേറ്ററിലായിരുന്ന രണ്ട് പേരുടെ ആരോഗ്യ നില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റി. മെഡിക്കല്‍ കോളജ്, രാജിഗിരി, ബിആന്‍ഡ്ബി ആശുപത്രികളിലായാണ് മറ്റുള്ളവര്‍ ചികിത്സയിലുള്ളത്.