കൊച്ചി: കുസാറ്റില്‍ ടെക് ഫെസ്റ്റിന്റെ ഭാഗമായി നടന്ന സംഗീത നിശയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നാലു പേര് മരിച്ച സംഭവത്തില്‍ ഉന്നത വിദ്യാഭ്യാസ സമിതി റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കും. മന്ത്രി ആര്. ബിന്ദുവിനാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.
കഴിഞ്ഞ ദിവസം ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം ചുമതലപ്പെടുത്തിയ ആഭ്യന്തര അന്വേഷണ സമിതി ഇന്നലെ തെളിവെടുപ്പ് ആരംഭിച്ചു. അപകടം നടന്ന സ്ഥലത്ത് ഉള്‍പ്പടെ സംഘം പരിശോധന നടത്തി.
സംഘാടനത്തിലെ സുരക്ഷാ വീഴ്ച്ചകള്‍ ഉള്‍പ്പടെയാണ് പരിശോധിക്കുന്നത്. അതോടൊപ്പം അപകടം നടന്ന ഓഡിറ്റോറിയത്തിന്റെ സുരക്ഷാ വീഴ്ചകളും അന്വേഷണ വിധേയമാക്കും.
അധ്യാപകര്‍, വിദ്യാര്‍ഥികള്‍, ചികിത്സയില്‍ ഉണ്ടായിരുന്ന വിദ്യാര്‍ഥികള്‍ എന്നിവരുള്‍പ്പെടെ 30 ഓളം പേരുടെ മൊഴി കഴിഞ്ഞ ദിവസങ്ങളിലായി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. സംഘാടകരുടെ കൂട്ടത്തിലുള്ള മലബാറീസ് ഗ്രൂപ്പ് വിദ്യാര്‍ഥി കൂട്ടായ്മയിലുള്ളവരുടെ മൊഴിയും രേഖപ്പെടുത്തി. കുസാറ്റ് വിസി, രജിസ്ട്രാര്‍ എന്നിവരുടെ മൊഴി ഇന്ന് രേഖപ്പെടുത്തുമെന്നും സൂചനയുണ്ട്.
അസ്വഭാവിക മരണത്തിനാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്. ആരെയും പ്രതി ചേര്‍ത്തിട്ടില്ല. ആദ്യഘട്ട മൊഴിയെടുപ്പിന് ശേഷമാകും പ്രതിചേര്‍ക്കുന്ന കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയില്‍ വ്യക്തത വരുക. തൃക്കാക്കര എസിപി പി.വി. ബേബിയുടെ നേതൃത്വത്തിലാണ് അന്വേഷണം. പരിക്കേറ്റ നാല് പേര് ഐസിയുവില്‍ ചികിത്സയിലുണ്ട്. കളമശേരി മെഡിക്കല്‍ കോളജിലും ആസ്റ്റര്‍ മെഡിസിറ്റിയിലുമായാണ് ഐസിയുവില്‍ കഴിയുന്നത്.