കൊച്ചി: ആഘോഷകരമാകേണ്ട രാവ് ദുരന്തത്തിൽ പര്യവസാനിച്ച കൊച്ചി കുസാറ്റ് കോളേജ് കണ്ണീർ കടലിലാണ്ടു. ഇന്നലെ കോളേജിൽ നടന്ന പരിപാടിക്കിടെ തിക്കിലും തിരക്കിലുംപെട്ട് പരിക്കേറ്റ് ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുന്ന രണ്ട് പേരുടെ നില അതീവ ഗുരുതരം.
കായംകുളം സ്വദേശിനി ഗീതാഞ്ജലി, മലപ്പുറം സ്വദേശിനി ഷേബ എന്നിവരുടെ നിലയാണ് ഗുരുതരമായി തുടരുന്നത്. ഇവർക്ക് കരളിനും തലച്ചോറിനും ശ്വാസ കോശത്തിലുമാണ് പരുക്കേറ്റത്. എന്നാൽ ഷേബയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ട്.
ഗീതാഞ്ജലിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. പത്തടിപ്പാലം കിൻഡർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 18 പേരിൽ 16 പേരെയും ഡിസ്ചാർജ് ചെയ്തു. 2 പേർ മാത്രമാണ് അവിടെ ഇപ്പോൾ ചികിത്സയിലുള്ളത്.
സർവകലാശാല ഓഡിറ്റോറിയത്തിലേക്ക് വിദ്യാർഥികൾ ഇടിച്ചു കയറിയതാണ് അപകടത്തിന് കാരണം. തിക്കിലും തിരക്കിലുംപെട്ട് നാല് പേർക്കാണ് ജീവൻ നഷ്ടമായത്. പുറത്തു നിന്നുള്ള ആളുകളും പരിപാടിക്കെത്തിയത് അപകടത്തിന്റെ ആഘാതം കൂട്ടി.