ബോബൻ ബി. കിഴക്കേത്തറ
കളമശേരി: സർക്കാർ കർശന നിർദേശം നൽകിയിട്ടും റാങ്ക് ലിസ്റ്റുകളെ നോക്കുകുത്തിയാക്കി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) ഡ്രൈവർ തസ്തികയിലടക്കം ദിവസവേതനക്കരാറിൽ നിയമനം തുടരുന്നു. തുടർച്ചയായ നാലാം വർഷവും ധനവകുപ്പ് സർക്കുലർ ഇറക്കിയിട്ടും സർവകലാശാല അധികൃതർ വകവയ്ക്കുന്നില്ലെന്ന് ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു.
2019 ജനുവരി 11ന് പുറത്തിറക്കിയ 03/2019 സർക്കുലറിൽ ദിവസവേതന നിയമനം പാടില്ലെന്നു നിർദേശമുണ്ട്. അഥവാ വേണ്ടി വന്നാൽ സർക്കാരിന്റെ അനുമതിയോടെ 179 ദിവസത്തേക്കു മാത്രമേ നിയമനം നടത്താവൂവെന്നും പറയുന്നു. എന്നാൽ ദിവസവേതന നിയമനം തുടരുന്നതിനു പുറമെ ആറു മാസത്തിൽ കൂടുതൽ നിയമനം നൽകരുതെന്ന സർക്കാർ ഉത്തരവും ലംഘിച്ചെന്ന് ഇടപ്പള്ളി വട്ടേക്കുന്നം കാട്ടിപറമ്പിൽ കെ.എം. ഷിഹാബിനു ലഭിച്ച വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.
സർവകലാശാലയിൽ 10 വാഹനങ്ങളും വെഹിക്കിൾ സൂപ്പർവൈസറടക്കം 13 ഡ്രൈവർ തസ്തികകളുമാണ് നിലവിലുള്ളത്. ഇതിൽ അഞ്ചു പേർക്കാണു സ്ഥിരനിയമനം നൽകിയിട്ടുള്ളത്. ബാക്കി തസ്തികകളിലേക്കു കരാറടിസ്ഥാനത്തിൽ അഞ്ചു ജീവനക്കാരെ നിയമിച്ചെങ്കിലും മൂന്ന് ഒഴിവുകളിൽ ദിവസവേതന പ്രകാരം ഇഷ്ടക്കാരെ നിയമിക്കുകയാണ്. അനധ്യാപക നിയമനങ്ങൾ സർവകലാശാലയുടെ വെബ്സൈറ്റിൽ സീനിയോരിറ്റി, യോഗ്യത എന്നിവ അടിസ്ഥാനമാക്കി പ്രസിദ്ധീകരിക്കണമെന്ന നിർദേശവും പാലിക്കുന്നില്ല.
ദിവസവേതന നിയമനം ലഭിക്കുന്നവർക്കു ചില ഡിപ്പാർട്ട്മെന്റുകൾ ശന്പളം നൽകാനായി പിടിഎ ഫണ്ട് ഉപയോഗിക്കുന്നുണ്ടെന്നും ആരോപണമുണ്ട്. കരാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നതിനായി റാങ്ക് ലിസ്റ്റ് നിലനിൽക്കുമ്പോഴാണ് ഈ ചട്ടലംഘനങ്ങൾ. റാങ്ക് ലിസ്റ്റിനു 2020 ഫെബ്രുവരി 26 വരെ കാലാവധിയുണ്ടെന്ന് ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടി.