കളമശേരി: കുസാറ്റിൽ വിദ്യാർഥി സംഘർഷം വീണ്ടും. ഇന്നു പുലർച്ചെ വരെ നീണ്ടുനിന്ന സംഘർഷത്തിനിടെ കളമശേരി എസ്ഐ അടക്കം ഏഴു പോലീസുകാർക്കും ആറു വിദ്യാർഥികൾക്കും പരിക്ക്. സംഭവങ്ങളുമായി ബന്ധപ്പെട്ട് 25 ഓളം വിദ്യാർഥികളെ കളമശേരി പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകുന്നേരം രണ്ടു വിദ്യാർഥി സംഘങ്ങൾ തമ്മിൽ കൈയേറ്റം നടന്നതാണ് സംഭവപരമ്പരകളുടെ തുടക്കം.
ഇതിനെത്തുടർന്ന് രാത്രി 8.30 ന് കൊച്ചി സർവകലാശാലയിലെ എസ്എഫ്ഐയുടെ നിയന്ത്രണത്തിലുള്ള യൂണിയൻ ഓഫീസ് ഒരു സംഘം വിദ്യാർഥികൾ അടിച്ചു തകർത്തു. ജില്ലാ കമ്മിറ്റിയംഗം ടി.പി. ജിബിൻ, യൂണിറ്റ് സെക്രട്ടറി ഗുഫ്രാൻ എന്നിവർ എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടിയിരിക്കുകയാണ്. ഇതോടെ തുടർച്ചയായി ഇരു സംഘങ്ങളും പുലർച്ചെ വരെ പരസ്പരം ആക്രമണങ്ങൾ നടത്തി.
ഹോസ്റ്റലുകളുടെ ഉള്ളിലേക്കും സംഘർഷം വ്യാപിച്ചു. ഇതു തടയാനായി പരിസരത്ത് എത്തിയപ്പോഴാണ് പോലീസിന് നേരെയും എസ്എഫ്ഐ പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടത്.രാത്രി 11.30 ന് ബിടെക്ക് ഹോസ്റ്റലിൽ ഇരു സംഘങ്ങൾ ഏറ്റുമുട്ടുന്നതിനിടയിലാണ് ബിയർ കുപ്പിയേറു കൊണ്ട് കളമശേരി എസ്ഐ പ്രശാന്ത് ക്ലിന്റ് അടക്കം ഏഴ് പോലീസുകാർക്ക് പരിക്കേറ്റത്.
പരീക്ഷക്കാലമായതിനാൽ കുസാറ്റ് കാമ്പസ് ശാന്തമായിരിക്കുമെന്ന അധികൃതരുടേയും പോലീസിന്റെയും പ്രതീക്ഷ ഇതോടെ അസ്ഥാനത്തായിരിക്കുകയാണ്. ഇനിയും സംഘർഷങ്ങൾ തുടർന്നാൽ സർവകലാശാല പരീക്ഷകൾ മാറ്റിവയ്ക്കാനും അധികൃതർ നിർബന്ധിതരായേക്കും.കുസാറ്റിൽ ഈ അധ്യായന വർഷം രണ്ട് ഡസനോളം തവണ വിദ്യാർഥി സംഘർഷങ്ങൾ ഉണ്ടായിരുന്നു.
റാഗിംഗ് അടക്കം നിരവധി അക്രമണങ്ങൾ കൊടികുത്തി വാഴുന്ന കുസാറ്റ് കാമ്പസിൽ എല്ലാ വർഷവും വിദ്യാർഥി സംഘർഷം പതിവായിരിക്കുകയാണ്. അധ്യാപക സംഘടനകളുടെ പിൻബലവും ആന്റീ റാഗിംഗ് സെല്ലിന്റെ നിർവികാരതയും അക്രമകാരികളായ വിദ്യാർഥി സംഘങ്ങൾക്ക് പ്രോത്സാഹനമായിരിക്കുകയാണ്. രാഷ്ട്രീയ സ്വാധീനം കാരണം പോലീസും കേസുകൾ കോടതിയിലേക്ക് നീങ്ങാതെ പ്രതികളെ സംരക്ഷിക്കാറാണ് പതിവ്.