കൊച്ചി: കളമശ്ശേരി കുസാറ്റിൽ ടെക്ഫെസ്റ്റിനിടെയുണ്ടായ ദുരന്തത്തിൽ മുൻ പ്രിന്‍സിപ്പലിനെയും അധ്യാപകരെയും പോലീസ് പ്രതി ചേര്‍ത്തു. ഡോ. ദീപക് കുമാർ സാഹു അടക്കം മൂന്നു പേരെയാണ് കേസിൽ പ്രതിചേർത്തത്. ഡോ. ദീപക് കുമാര്‍ സാഹു, ടെക് ഫെസ്റ്റ് കണ്‍വീനര്‍മാരായ അധ്യാപകരായ ഡോ. ഗിരീഷ് കുമാര്‍ തമ്പി, ഡോ. എന്‍. ബിജു എന്നിവര്‍ക്കെതിരെയാണ് കേസ്. പ്രിന്‍സിപ്പല്‍ ഡോ. ദീപക് കുമാര്‍ സാഹുവാണ് കേസില്‍ ഒന്നാം പ്രതി.
മനപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. കാമ്പസിനുള്ളില്‍ പരിപാടി സംഘടിപ്പിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗരേഖ ലംഘിച്ചതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
കുസാറ്റ് ദുരന്തത്തിനു പിന്നാലെ ഡോ. ദീപക് കുമാർ സാഹുവിനെ സ്ഥലം മാറ്റിയിരുന്നു. സർവകലാശാല മൂന്നംഗ സിൻഡിക്കേറ്റ് ഉപസമിതിയിൽ നിന്നും പി. കെ. ബേബിയെയും മാറ്റി. ടെക് ഫെസ്റ്റിന്റെ നടത്തിപ്പ് ചുമതലയിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് പി. കെ. ബേബിക്കെതിരേ നടപടി.
2023 നവംബര്‍ 25നാണ് കുസാറ്റില്‍ അപകടമുണ്ടായത്. ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് വിദ്യാര്‍ത്ഥികള്‍ അടക്കം നാലുപേരാണ് മരിച്ചത്. 62 പേർക്കാണ് പരിക്കേറ്റത്.
ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള ഫെസ്റ്റ് നടക്കാനിരിക്കെ മഴ പെയ്തതോടെ ആളുകള്‍ വേദിയിലേക്ക് ഇരച്ചുകയറുകയും തിക്കിലും തിരക്കിലുംപെട്ട് അപകടമുണ്ടാകുകയുമായിരുന്നു. ശ്വാസം മുട്ടിയാണ് നാല് പേരും മരിച്ചതെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.