ശ്രീകണ്ഠപുരം: ഇരിക്കൂറിൽ വൻ കുഴൽപണ വേട്ട. 7,76000 രൂപ പിടികൂടി. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊടുവള്ളി പരപ്പം പൊയിൽ വട്ടിക്കുന്നുമ്മൽ ഹുസൈനെ (57) യാണ് ഇരിക്കൂർ എസ്ഐ കെ.വി.മഹേഷും സംഘവും അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെത്തുടർന്ന് ഇന്നലെ വൈകുന്നേരം ഏഴോടെ ഇരിക്കൂർ വണ്ടിത്താവളത്ത് ബസിറങ്ങുന്നതിനിടെ പിടികൂടുകയായിരുന്നു.
പ്രത്യേക രീതിയിൽ നിർമിച്ച് അരയിൽ കെട്ടിയ തുണി ബെൽറ്റിന്റെ രഹസ്യ അറയിൽ നിന്നാണ് പണം പിടികൂടിയത്. അഞ്ച് കെട്ടുകളായി 2000 രൂപയുടെ 380 നോട്ടുകളാണ് പിടിച്ചെടുത്തത്.ഇരിക്കൂറിലും പരിസരങ്ങളിലും വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്നതാണ് പണമെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ പോലീസിനോട് പറഞ്ഞു.
കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കുഴൽപണ മാഫിയയിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് പോലീസ് അറിയിച്ചു. പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇന്ന് ഉച്ചക്ക് കണ്ണൂർ കോടതിയിൽ ഹാജരാക്കും. എഎസ്ഐ സതീശൻ, സിവിൽ പോലീസ് ഓഫീസർമാരായ ജിതേഷ്, പ്രമോദ്, പ്രിയേഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.