ടെഹ്റാൻ: ഇറാനിലെ ടാബ്രിസിൽ കുഷ്ഠരോഗികൾക്കായി 26 വർഷം സേവനമനുഷ്ഠിച്ച കന്യാസ്ത്രീയെ രാജ്യത്തുനിന്നു പുറത്താക്കുന്നു.
എഴുപത്തിയഞ്ചുകാരിയായ ഇറ്റാലിയൻ കന്യാസ്ത്രീ ജൂസെപ്പീന ബെർതിയുടെ വീസ ഇറാൻ സർക്കാർ പുതുക്കി നല്കിയില്ല. ഇവർക്ക് ഏതാനും ദിവസങ്ങൾക്കകം രാജ്യം വിടേണ്ടി വരും.
എഴുപത്തിയേഴുകാരിയായ മറ്റൊരു സിസ്റ്റർ ഫാബിയോള വൈസിന്റെ റെസിഡൻസ് പെർമിറ്റ് ഒരു വർഷത്തേക്കുകൂടി നീട്ടി നല്കിയിട്ടുണ്ട്.
സിസ്റ്റർ 38 വർഷമാണു കുഷ്ഠരോഗാശുപത്രിയിൽ സേവനം ചെയ്തത്. സിസ്റ്റർ ജൂസെപ്പീന പോകുന്നതോടെ സിസ്റ്റർ ഫാബിയോള ഒറ്റയ്ക്കാകും.
ഡോട്ടേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിൻസന്റ് ഡി പോൾ സന്ന്യാസസമൂഹാംഗങ്ങളാണിവർ. ഇസ്ഫഹാനിലാണ് ഇവരുടെ മഠം സ്ഥിതി ചെയ്യുന്നത്. 1937ലാണ് ഇതു സ്ഥാപിച്ചത്.
ഡോട്ടേഴ്സ് ഓഫ് ചാരിറ്റി സന്ന്യാസിനികൾ ഇറാനിൽ സേവനമനുഷ്ഠിച്ചു തുടങ്ങിയിട്ട് എണ്പതു വർഷമായി.
വിദ്യാഭ്യാസരംഗത്ത് സ്തുത്യർഹ സേവനമാണു ഡോട്ടേഴ്സ് ഓഫ് ചാരിറ്റി നടത്തിയത്. എന്നാൽ, 1979ൽ ഇറാനിൽ ഇസ്ലാമിക ഭരണം നിലവിൽ വന്നതോടെ സ്കൂൾ കണ്ടുകെട്ടി.
ഏതാനും വർഷമായി രണ്ടു കന്യാസ്ത്രീകളും പുറത്തുള്ള പ്രവർത്തനങ്ങളൊന്നും നടത്തുന്നില്ല. ഇവരെക്കൂടാതെ മൂന്നു കന്യാസ്ത്രീകൾ മാത്രമാണ് ഇറാനിലുള്ളത്. ഇവർ ടെഹ്റാനിലാണു കഴിയുന്നത്.
ഇറാനിൽ കത്തോലിക്കാ സഭാംഗങ്ങളായി 3000 പേർ മാത്രമാണുള്ളത്. ടെഹ്റാൻഅഹ് വാസ്, ഉർമിയസൽമാസ് എന്നിങ്ങനെ രണ്ട് അസീറിയൻ-കൽദായ അതിരൂപതകളാണ് ഇറാനിലുള്ളത്.
ഈ സഭയിൽ ഒരു ബിഷപ്പും നാലു വൈദികരുമാണുള്ളത്. അർമേനിയൻ കത്തോലിക്കാ സഭയ്ക്ക് ഒരു ബിഷപ്പാണുള്ളത്. ലത്തീൻ സഭയ്ക്ക് വൈദികരാരുമില്ല.
പുതിയതായി നിയമിച്ച ആർച്ച്ബിഷപ് ഡൊമിനിക് മത്തിയു സ്ഥാനമേറ്റിട്ടില്ല. രണ്ടു കന്യാസ്ത്രീകൾ രാജ്യം വിടുന്നതോടെ ഇസ്ഫഹാനിൽ ലത്തീൻ സഭയ്ക്കു പ്രാതിനിധ്യമില്ലാതാകും.
2016ൽ അവിടെയുണ്ടായിരുന്ന ലാസറിസ്റ്റ് വൈദികസമൂഹത്തിന്റെ ആശ്രമം സർക്കാർ പിടിച്ചെടുത്തിരുന്നു.