ചെന്നൈ: തമിഴ്നാട്ടിൽ ബിജെപിയുടെ തിളങ്ങുന്ന നക്ഷത്രങ്ങളായ ഖുശ്ബുവും ഗൗതമിയും ഇക്കുറി മത്സരിക്കാനുള്ള കരുക്കൾ വളരെ നേരത്തേ നീക്കിത്തുടങ്ങിയിരുന്നു.
ചെപ്പോക്ക് മണ്ഡലമാണ് ഖുശ്ബു ലക്ഷ്യമിട്ടിരുന്നത്. മാസങ്ങളായി അവിടെ ക്യാന്പ് ചെയ്ത് ഖുശ്ബു ഏറെ പ്രവർത്തനങ്ങളും നടത്തിയിരുന്നു.
എന്നാൽ എഐഎഡിഎംകെയുടെ മറ്റൊരു ഘടകകക്ഷിയായ പിഎംകെയ്ക്കാണ് പാർട്ടി സീറ്റ് നല്കിയിരിക്കുന്നത്. അതോടെ ഖുശ്ബുവിന്റെ ചെപ്പോക്ക് മോഹം പൊലിഞ്ഞിരിക്കുകയാണ്.
20 സീറ്റാണ് എഐഎഡിഎംകെ സഖ്യകക്ഷിയായ ബിജെപിക്കു നല്കിയിരിക്കുന്നത്.
ഇതിൽനിന്നൊരു സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഖുശ്ബു. കോൺഗ്രസിൽനിന്നു തെറ്റിപ്പിരിഞ്ഞ് കുറച്ചുനാൾ മുന്പാണ് ഖുശ്ബു ബിജെപിയിലെത്തിയത്.
ഗൗതമിയുടെ സ്ഥിതിയും വ്യത്യസ്തമല്ല. രാജപാളയം സീറ്റ് ലക്ഷ്യമിട്ട് ഗൗതമിയും അവിടെ പ്രവർത്തനം ആരംഭിച്ചിരുന്നു.
എന്നാൽ ഈ സീറ്റും ഘടകകക്ഷിക്ക് നല്കിയിരിക്കുകയാണ്. രാജപാളയത്തെ ജനങ്ങൾ തനിക്ക് നല്കിയ സ്നേഹത്തിനു നന്ദിയുണ്ടെന്നും തുടർന്നും അവർക്കൊപ്പം നിലകൊള്ളുമെന്നും ഗൗതമി ട്വിറ്ററിൽ കുറിച്ചു.