ഖുശ്ബു, പ്രഭു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പി. വാസു സംവിധാനം ചെയ്ത ചിത്രമാണ് ചിന്നത്തമ്പി. 1991 ല്‍ പുറത്തിറങ്ങിയ ചിത്രം ബോക്സോഫീസില്‍ വന്‍ വിജയം സ്വന്തമാക്കിയിരുന്നു.
ചിത്രത്തിലെ ഗാനങ്ങള്‍ ഇന്നും സൂപ്പര്‍ഹിറ്റാണ്. ഇപ്പോഴിതാ ചിത്രം അതിന്റെ 32 -ാം വാര്ഷികത്തിലെത്തിനില്ക്കുകയാണ്.
ഈ പശ്ചാത്തലത്തില്‍ ഖുശ്ബു ട്വീറ്റ് ചെയ്ത കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ചിന്നത്തമ്പിയുടെ പോസ്റ്ററും പി.വാസു, പ്രഭു എന്നിവര്‍ക്കൊപ്പമുളള ചിത്രത്തിനൊപ്പമാണ് ഖുശ്ബു കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
ചിന്നത്തമ്പി റിലീസായിട്ട് 32 വര്‍ഷമായെന്ന് വിശ്വസിക്കാനാവുന്നില്ല. എന്നില്‍ വര്‍ഷിച്ച സ്നേഹത്തിന് എന്നും കടപ്പെട്ടിരിക്കും.
പി.വാസു സാറിനും പ്രഭു സാറിനും വേണ്ടി എന്റെ ഹൃദയം എപ്പോഴും തുടിക്കും. ഇളയരാജ സാറിന്റെ ആത്മാവിനെ ഉണര്‍ത്തുന്ന സംഗീതത്തിനും നിര്‍മാതാവ് കെ. ബാലുവിനും എക്കാലവും നന്ദിയുണ്ട്.
ചിന്നതന്പിയിലെ നായികാ കഥാപാത്രമായ നന്ദിനി എല്ലാവരുടെയും ഹൃദയത്തിലും മനസിലും എന്നെന്നേക്കുമായി പതിഞ്ഞിരിക്കുന്നു- ഖുശ്ബു ട്വീറ്റ് ചെയ്തു.
തമിഴില്‍ അന്നുവരെയുള്ള റിക്കാര്‍ഡ് തകര്‍ത്ത ചിത്രമായിരുന്നു ചിന്നത്തമ്പി. നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ചിത്രം അവിടങ്ങിലെല്ലാം വിജയം നേടി.
ഗൗണ്ടമണി, രാധാ രവി, മനോരമ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. വാലിയും ഗംഗൈ അമരനും ചേര്‍ന്നാണ് ഗാനരചന നിര്‍വഹിച്ചത്.