കൽപ്പറ്റ: കഴിഞ്ഞ പാർലമെന്റിൽ രാജ്യത്തെ ജനങ്ങൾക്ക് ഒരു തെറ്റുപറ്റി ആ തെറ്റ് തിരുത്താനുള്ള അവസരമാണ് ഈ തെരഞ്ഞെടുപ്പെന്ന് കോണ്ഗ്രസ് വക്താവും നടിയുമായ ഖുശ്ബു. ശബരിമല വിഷയം, നോട്ടു നിരോധനം, റാഫേൽ അഴിമതി, ജിഎസ്ടി, വർഗീയത തുടങ്ങി രാജ്യത്തെ ജനങ്ങളെ സാരമായി ബാധിച്ച എല്ലാ വിഷയങ്ങളും മോദിയുടെ ഭരണത്തിൽ ജനങ്ങൾ അനുഭവിക്കേണ്ടി വന്നു. രാജ്യത്തെ ജനങ്ങൾക്ക് ഇപ്പോൾ രാഹുൽ ഗാന്ധിയിൽ മാത്രമാണ് പ്രതീക്ഷ. ചുരുങ്ങിയത് അഞ്ച് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ രാഹുലിനെ വയനാട്ടുകാർ വിജയിപ്പിക്കുമെന്ന് ഖുശ്ബു പറഞ്ഞു.
ജനങ്ങളുടെ അക്കൗണ്ടിലല്ല മോദിയുടെയും കോടീശ്വരന്മാരുടെയും അക്കൗണ്ടില്ലാണ് കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് പണം എത്തിയത്. തെന്നിന്ത്യയിൽ രാഹുൽ തരംഗം ഉണ്ടന്ന് പറഞ്ഞ അവർ യുപിഎ അധികാരത്തിൽ വരുമെന്നും മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
വൈകുന്നേരം അഞ്ചരയോടെ മാനന്തവാടി നിയോജക മണ്ഡലത്തിലെ തൊണ്ടർനാട് കുഞ്ഞോത്ത് പൊതുയോഗത്തിൽ ഖുശ്ബു എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും കണ്ണൂരിൽ വിമാനമിറങ്ങാൻ വൈകിയതിനാൽ എട്ടിന് ശേഷമണ് ഖുശ്ബു എത്തിയത്. സ്ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിന് പേരാണ് അവരെ കാത്ത് നിന്നത്.
കാത്തു നിന്നവരെ ആരെയും നിരാശരാക്കാതെ തമിഴിൽ പ്രസംഗിച്ചു തുടങ്ങിയ ഖുശ്ബു ദേശീയ രാഷ്ട്രീയവും സംസ്ഥാന രാഷ്ട്രീയവും തെന്നിന്ത്യൻ രാഷ്ട്രീയവുമടക്കം വയനാട്ടിലെ പ്രാദേശിക പ്രശ്നങ്ങൾ വരെ ഉന്നയിച്ച് തടിച്ചുകൂടിയവരെ കൈയ്യിലെടുത്തു.