ഒടുവിൽ നടി ഖുശ്ബു സുന്ദർ ബിജെ പിയിൽ. എല്ലാവരും ചോദിക്കുന്നു ഖുശ്ബു എന്തിനാണ് കളം മാറ്റി ചവിട്ടിയത്….
ഖുശ്ബു ബിജെപിയിൽ ചേരും എന്നുളള അഭ്യൂഹങ്ങൾ ഏതാനും നാളുകളായി ശക്തമായിരുന്നു.
എന്നാൽ അത്തരം പ്രചാരണങ്ങളെ തളളി ഖുശ്ബു തന്നെ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. കോണ്‍ഗ്രസിൽ തനിക്ക് പ്രശ്നങ്ങളൊന്നും ഇല്ലെന്നും മറ്റൊരു പാർട്ടിയിലും ചേരാൻ തീരുമാനിച്ചിട്ടില്ലെന്നുമായിരുന്നു ഖുശ്ബുവിന്റെ പ്രതികരണം. തൊട്ടുപിന്നാലെയായിരുന്നു മലക്കംമറിച്ചിൽ.
കോണ്‍ഗ്രസിൽ പൂർണ തൃപ്തയെന്നു പറഞ്ഞു ദിവസങ്ങൾ കഴിയും മുന്‍പാണ് ഖുശ്ബു കോണ്‍ഗ്രസിൽ നിന്ന് രാജി വച്ചത്.
ബിജെപിയിൽ ചേരുമെന്ന അഭ്യൂഹം ശക്തമായ പശ്ചാത്തലത്തിൽ പാർട്ടി വക്താവ് സ്ഥാനത്ത് നിന്നു കോണ്‍ഗ്രസ് ഖുശ്ബുവിനെ പുറത്താക്കുകയായിരുന്നു.
പിന്നാലെ സോണിയാ ഗാന്ധിക്ക് ഖുശ്ബു രാജിക്കത്ത് സമർപ്പിച്ചു. പാർട്ടിയിൽ തന്നെപ്പോലുളളവർ അടിച്ചമർത്തപ്പെടുകയാണ് എന്നാണ് സോണിയാ ഗാന്ധിക്ക് അയച്ച രാജിക്കത്തിൽ ഖുശ്ബു ആരോപിച്ചിരിക്കുന്നത്.
ജനങ്ങളുമായി ബന്ധമില്ലാത്ത, പൊതുജന സമ്മതി ഇല്ലാത്ത ചില നേതാക്കളാണ് പാർട്ടിയെ നിയന്ത്രിക്കുന്നത്. എന്നെപ്പോലെ പാർട്ടിക്ക് വേണ്ടി ആത്മാർഥമായി പ്രവർത്തിക്കുന്ന ആളുകളെ ഒതുക്കുകയാണ്.
ഞാൻ കോണ്‍ഗ്രസിൽ ചേർന്നത് എന്തെങ്കിലും സാന്പത്തിക ലാഭത്തിനോ പ്രശസ്തിക്കോ വേണ്ടി അല്ല- ഖുശ്ബു പറയുന്നു.
കോണ്‍ഗ്രസിലേക്ക്
ആദ്യം ഡിഎംകെയിൽ ആയിരുന്ന ഖുശ്ബു എംകെ സ്റ്റാലിനുമായുളള പ്രശ്നങ്ങളെത്തുടർന്നാണ് 2014ൽ കോണ്‍ഗ്രസിൽ ചേർന്നത്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് പരാജയപ്പെട്ട് തകർന്ന് നിൽക്കുന്ന സാഹചര്യത്തിലായിരുന്നു കോണ്‍ഗ്രസിലേക്കുള്ള ഖുശ്ബുവിന്റെ വരവ്.
പുറത്തേക്ക്
ഏറെ നാളത്തെ ആലോചനയ്ക്ക് ശേഷമാണ് പാർട്ടിയുമായുളള ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നു താരം പറയുന്നു. പാർട്ടിയുടെ അംഗം എന്ന നിലയ്ക്കും വക്താവ് എന്ന നിലയ്ക്കും രാജ്യത്തെ സേവിക്കാൻ അവസരം നൽകിയതിൽ നന്ദിയുണ്ട്.
രാഹുൽ ഗാന്ധി അടക്കമുളള പാർട്ടിയിലെ നേതാക്കൾക്ക് ഞാൻ നന്ദി പറയുന്നു. സോണിയാ ഗാന്ധിയോട് എനിക്കുളള ബഹുമാനം അതുപോലെ നിലനിൽക്കും- രാജിക്കത്തിൽ ഖുശ്ബു പറയുന്നു.
താരം ബിജെപിയിലേക്കു തന്നെയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. അടുത്ത വർഷം തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.
ഖുശ്ബു തമിഴ്നാട്ടിൽ ബിജെപിയുടെ താരപ്രചാരക ആയേക്കുമെന്നാണ് സൂചന. ഇത് മുന്നിൽ കണ്ടാണ് ഖുശ്ബു ബിജെപി പാളയത്തിലേക്ക് മാറുന്നത് എന്നാണ് സൂചന.
നടിയുടെ താരമൂല്യം നന്നായറി യാവുന്ന ബിജെപി അവരെ സ്വന്തം പാളയത്തിലെത്തിക്കാൻ ശ്രമം നേരത്തെ തുടങ്ങിയിരുന്നു.
ബിജെപി അനുഭാവം
അടുത്തിടെ ബിജെപിക്ക് അനുകൂലമായി താരം ചില പ്രസ്താവനകൾ നടത്തിയിരുന്നു. ദേശീയ വിദ്യാഭ്യാസ നയത്തെ കോണ്‍ഗ്രസ് ശക്തമായി എതിർത്തപ്പോൾ ഖുശ്ബു കേന്ദ്ര സർക്കാരിനെ അനുകൂലിച്ച് രംഗത്ത് വന്നിരുന്നു.
താൻ എന്തിനും തലയാട്ടുന്ന റോബോട്ട് അല്ലെന്നും സ്വന്തം അഭിപ്രായങ്ങൾ ഉണ്ടെന്നുമാണ് ഇതേക്കുറിച്ച് ഖുശ്ബു അന്ന് പ്രതികരിച്ചത്. മാത്രമല്ല കോണ്‍ഗ്രസിൽ നിന്ന് വേറിട്ട നിലപാടാണ് തനിക്കെന്നും രാഹുൽ ഗാന്ധി ക്ഷമിക്കണമെന്നും ഖുശ്ബു പറഞ്ഞിരുന്നു.
ഈ വിവാദം ശക്തമായി നിൽക്കെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് ആശംസകൾ നേർന്ന് ഖുശ്ബു വീണ്ടും രംഗത്തെത്തിയത്. അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയായിരുന്നു ഖുശ്ബുവിന്റെ ട്വീറ്റ്.
കോവിഡ് ബാധിതനായ അമിത് ഷാ എത്രയും പെട്ടെന്ന് പൂർണ ആരോഗ്യവാനായി തിരികെയെത്തട്ടേയെന്ന് പ്രാർഥിക്കുന്നുവെന്നായിരുന്നു ഖുശ്ബുവിന്റെ വാക്കുകൾ.
എന്നാൽകഴിഞ്ഞ ദിവസം ഹത്രാസ് പെണ്‍കുട്ടിക്ക് നീതി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ ഖുശ്ബു പങ്കെടുത്തിരുന്നു.
ഹരിയാനയിൽ രാഹുലിന്റെ നേതൃത്വത്തിൽ കാർഷിക ബില്ലിനെതിരേ സംഘടിപ്പിച്ച പ്രതിഷേധ റാലിയേയും ഖുശ്ബു പിന്തുണച്ചിരുന്നു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഖുശ്ബു ശ്രമം നടത്തിയിരുന്നു. എന്നാൽ പാർട്ടി ടിക്കറ്റ് നൽകാത്തത് മുതൽ ഖുശ്ബു അസംതൃപ്തയായിരുന്നു.
അടുത്ത വർഷം നടക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് ടിക്കറ്റിൽ മത്സരിക്കാനും ഖുശ്ബു ശ്രമം തുടങ്ങിയിരുന്നു. എന്നാൽ ഇതിനെയും തമിഴ്നാട്ടിലെ ചില കോണ്‍ഗ്രസ് നേതാക്കൾ എതിർത്തു വരുന്നതിനിടെയാണ് നടിയുടെ മലക്കംമറിച്ചിൽ.