പാലക്കാട്: ആരോഗ്യവകുപ്പിന്റെ കുഷ്ഠരോഗ നിർണയ യജ്ഞം അശ്വമേധത്തിന്റെ ഭാഗമായി ജില്ലയിൽ നടത്തിയ പരിശോധനയിൽ 55 പേർക്ക് കൂടി കുഷ്ഠരോഗബാധ കണ്ടെത്തിയതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. സെപ്തംബർ 23 മുതൽ ഒക്ടോബർ ആറുവരെ ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും നഗരസഭകളിലും വീടുകൾകയറി സന്നദ്ധപ്രവർത്തകർ നടത്തിയ സർവേയിലാണ് രോഗബാധിതരെ കണ്ടെത്തിയത്. വിദഗ്ധ പരിശോധനയ്ക്കുശേഷം ഇവരുടെ ചികിത്സ ആരംഭിച്ചു. തുടർന്നു 25 ഓളംപേരെ വിദഗ്ധ പരിശോധനകൾക്കും നിരീക്ഷണങ്ങൾക്കും വിധേയമാക്കും.
അശ്വമേധം പ്രചാരണ പരിപാടിയോടെ ഈ സാന്പത്തികവർഷം ജില്ലയിൽ ഇതുവരെ കണ്ടെത്തിയ രോഗബാധിതരുടെ എണ്ണം 110 ആയി. ഇതിൽ 20 പേർക്ക് അംഗവൈകല്യം തുടങ്ങിയിട്ടുണ്ട്. കണ്ടെത്തിയ കേസുകളിൽ 11 പേർ കുട്ടികളും ആറുപേർ ഇതര സംസ്ഥാന തൊഴിലാളികളുമാണ്. കഴിഞ്ഞ അഞ്ചുവർഷത്തിൽ ജില്ലയിൽ 494 പേരാണ് കുഷ്ഠരോഗത്തിന് ചികിത്സ തേടിയത്. നിലവിൽ 201 പേർ ചികിത്സ തുടരുന്നു. ജില്ലയിൽ ഒരു ലക്ഷം ആളുകളിൽ ഏഴുപേർക്ക് എന്ന തോതിലാണ് രോഗബാധ.
വായുവിലൂടെ പകരുന്ന രോഗമായതിനാൽ ഏതുവിഭാഗം ആളുകളെയും രോഗം ബാധിക്കാം. ആരംഭത്തിലുളള ചികിത്സ അംഗവൈകല്യം ഒഴിവാക്കും. ആറുമാസമോ ഒരു വർഷമോ മരുന്നു കഴിച്ചാൽ രോഗം ഏതുഘട്ടത്തിലും പരിപൂർണമായും മാറും. ചികിത്സയും സൗജന്യമാണ്. ചികിത്സാ കാലയളവിൽ സാന്പത്തികമായി പിന്നോക്കം നില്ക്കുന്നവർക്ക് ധനസഹായവും ലഭിക്കും.
ശരീരത്തിൽ സ്വയം പരിശോധന നടത്തിയും സ്വയം കാണാൻ പറ്റാത്ത ശരീരഭാഗങ്ങളിൽ മറ്റുളളവരെക്കൊണ്ട് പരിശോധിപ്പിച്ചും വിവിധ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സർക്കാർ ആശുപത്രികളിൽ കാണിച്ച് രോഗമില്ലെന്ന് ഉറപ്പുവരുത്തേണ്ടതാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. രോഗലക്ഷണങ്ങൾ: നിറംമങ്ങിയതോ, ചുവപ്പുകലർന്നതോ, ചെന്പ് നിറമുളളതോ, എണ്ണമയമുളളതോ, തിളക്കമുളളതോ ആയ പാടുകൾ, പരന്നതോ, ഉയർന്നതോ, അരികുകൾ തടിച്ചതോ ആയ പാടുകൾ, പാടുകളിൽ സ്പർശനശേഷി കുറഞ്ഞിരിക്കുകയോ, തീരെ നഷ്ടപ്പെടുകയോ ചെയ്യാം.
സ്പർശനശേഷി കുറഞ്ഞതോ നഷ്ടപ്പെടാത്തതോ ആയ മൃദുവും തിളക്കമാർന്നതുമായ തടിപ്പുകൾ. (ഓറഞ്ച് തൊലിപോലുളളത്), പാടുകളിൽ ചൊറിച്ചിൽ, വേദന എന്നിവ ഉണ്ടായിരിക്കില്ല. പാടുകളിൽ രോമവളർച്ച, വിയർപ്പ് എന്നിവ കുറവായിരിക്കും. മറ്റു ലക്ഷണങ്ങൾ: ചെവി, മറ്റ് ശരീരഭാഗങ്ങളിലെ ചെറുമുഴകൾ. കൈകാൽ തരിപ്പ്, മരവിപ്പ് ഞരന്പുകളിൽ തടിപ്പ്, വേദന.സംശയനിവാരണത്തിനും വിവരങ്ങൾക്കും 9495172972 (ജില്ലാ മെഡിക്കൽ ഓഫീസർ), 9846017005 (ജില്ലാ ലെപ്രസി ഓഫീസർ), 9747564185 (അസിസ്റ്റന്റ് ലെപ്രസി ഓഫീസർ) എന്നീ നന്പറുകളിൽ ബന്ധപ്പെടണം.