ചെറുവള്ളി: മുപ്പതുവർഷത്തിലേറെയായി ചെറുവള്ളി ദേവീക്ഷേത്രത്തിലെ ഭക്തർക്ക് പ്രിയങ്കരിയായ പിടിയാന കുസുമത്തിന് ദേവസ്വം ബോർഡിന്റെ തീരുമാനപ്രകാരം ആരോഗ്യപരിശോധന നടത്തി.
70 വയസിലേറെയായ കുസുമത്തിന് ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാലാണ് ഇന്നലെ പരിശോധന നടത്തിയത്.മണ്ണുത്തി വെറ്ററിനറി കോളജിലെ എച്ച്ഒഡി ഡോ. ശ്യാം കെ. വേണുഗോപാൽ, അസിസ്റ്റന്റ് പ്രഫസർ ടി. ജിജിൻ, ദേവസ്വം ബോർഡിന്റെ വെറ്ററിനറി സർജനും ഗവൺമെന്റ് സീനിയർ വെറ്ററിനറി സർജനുമായ ഡോ. ബിനു ഗോപിനാഥ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ദേവസ്വം ഡോക്ടറായ ബിനു ഗോപിനാഥിന്റെ ശിപാർശ പ്രകാരമാണ് പരിശോധന നടത്തിയത്.അടുത്തിടെയായി കുസുമത്തിന് നടക്കുന്നതിന് പ്രയാസം അനുഭവപ്പെട്ടിരുന്നു.
ദേവസ്വം ബോർഡിന്റെ ദേവീക്ഷേത്രങ്ങളിൽ എഴുന്നള്ളത്തുകളിൽ പങ്കെടുത്തിരുന്ന കുസുമത്തിന്റെ ദൈനംദിന ചര്യയ്ക്ക് ഇനി നിയന്ത്രണം വേണമെന്നാണ് ഡോക്ടർമാരുടെ നിർദേശം.
അധികദൂരം യാത്ര അനുവദിക്കേണ്ട. ആഹാരത്തിൽ പുല്ല്, ധാന്യം എന്നിങ്ങനെ പെട്ടെന്ന് ദഹിക്കാവുന്നവ ഉൾപ്പെടുത്തും.
1992-ൽ വനംവകുപ്പിൽ നിന്ന് ഭക്തർ വാങ്ങി നടയ്ക്കിരുത്തിയതാണ് കുസുമത്തിനെ. 40 വയസോളമുണ്ടായിരുന്നപ്പോഴാണ് ചെറുവള്ളിയിലെത്തുന്നത്.
ഇപ്പോൾ 70 മേൽ പ്രായമുള്ളതിനാൽ വാർധക്യാവസ്ഥ കണക്കിലെടുത്ത് പരിപാലനം വേണ്ടിവരും. രക്തപരിശോധനയ്ക്കായി സാമ്പിൾ ശേഖരിച്ചിട്ടുണ്ട്.
ലാബ് പരിശോധന കൂടി വിലയിരുത്തി ഡോക്ടർമാർ കുസുമത്തിന്റെ ആരോഗ്യകാര്യത്തിൽ വ്യക്തമായ ശിപാർശ ദേവസ്വം ബോർഡിന് സമർപ്പിക്കും.