സിജോ പൈനാടത്ത്
കൊച്ചി: മലമ്പുഴ ചെറാട് കൂമ്പാച്ചിമലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താന്‍ ദൗത്യസംഘത്തിനായി സര്‍ക്കാര്‍ ചെലവഴിച്ചത് 17,315 രൂപ മാത്രം.
രക്ഷാപ്രവര്‍ത്തനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചെലവഴിച്ചെന്ന ആരോപണങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണവും തുടരുന്നതിനിടെയാണു തുകയുടെ വിവരങ്ങള്‍ സംബന്ധിച്ച ഔദ്യോഗികമായ വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്.
പാലക്കാട് ജില്ലാ കളക്ടറാണ് രക്ഷാപ്രവര്‍ത്തനത്തിനായി തുക അനുവദിച്ചത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയ ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളുടേയും മറ്റു രക്ഷാപ്രവര്‍ത്തകരുടേയും ഭക്ഷണത്തിനായാണ് ഇത്രയും തുക ചെലവഴിച്ചിട്ടുള്ളതെന്നു പാലക്കാട് ജില്ലാ കളക്ടറേറ്റില്‍നിന്നു വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു.
ജില്ലാ കളക്ടറുടെ ദുരന്ത ലഘൂകരണ നിധിയില്‍ നിന്നാണ് 17,315 ചെലവഴിച്ചത്. രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ചെലവുകള്‍ അനുവദിക്കുന്നതിന് മറ്റേതെങ്കിലും വകുപ്പുകളില്‍ നിന്നോ ഓഫീസുകളില്‍ നിന്നോ ബില്ലുകളൊന്നും ജില്ലാ കളക്ടര്‍ക്കു നല്‍കിയിട്ടില്ല.
രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയ ദേശീയ ദുരന്ത നിവാരണ സേന, പട്ടാളം, നേവി, എയര്‍ഫോഴ്സ് എന്നിവര്‍ ഉപയോഗിച്ച ഉപകരണങ്ങള്‍ , വാഹനങ്ങള്‍ എന്നിവയ്ക്ക് തുകയൊന്നും നല്‍കിയിട്ടില്ലെന്നും കളക്ടറേറ്റില്‍ നിന്നുള്ള രേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്. രാജു വാഴക്കാലയ്ക്കാണു വിവരാവകാശ നിയമപ്രകാരം രേഖകള്‍ ലഭിച്ചത്.
കഴിഞ്ഞ ഫെബ്രുവരി ഏഴിനാണ് മലമ്പുഴ ചെറാട് സ്വദേശി ആര്. ബാബു സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ട്രക്കിംഗിനിടെ കൂമ്പാച്ചിമലയില്‍ കുടുങ്ങിയത്.
മല കയറുന്നതിനിടെ ബാബു കാല്‍വഴുതി പാറയിടുക്കിലേക്കു വീഴുകയായിരുന്നു.
വെള്ളവും ഭക്ഷണവുമില്ലാതെ ചെങ്കുത്തായ മലയിടുക്കില്‍ 46 മണിക്കൂര്‍ കുടങ്ങിക്കിടന്ന ബാബുവിനെ ഒമ്പതിനു കരസേനയാണ് സാഹസികമായി രക്ഷപ്പെടുത്തിയത്.