ശശികുമാർ പകവത്ത്
തിരുവില്വാമല: ഓണക്കോടിയില്ലാതെ മലയാളിക്കെന്ത് ഓണാഘോഷം… അതും കുത്താന്പുള്ളിയിലെ ഓണക്കോടിയില്ലാതെ. മഹാമാരിയാണെങ്കിലും മലയാളിയുടെ മനംകവർന്ന കുത്താന്പുള്ളിയിലെ കൈത്തറി വസ്ത്രങ്ങൾക്ക് ഈ ഓണത്തിനും ഡിമാൻഡേറെയാണ്. മലയാളിയുടെ ഓണം കുത്താന്പുള്ളിയിലെ ഒരു മുണ്ടെങ്കിലും വീട്ടിലെത്തിയാലേ പൂർണമാകൂ എന്നു പറയാറുണ്ട്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഓണാഘോഷം പേരിനു മാത്രമായി പ്രളയവും കോവിഡും ചുരുക്കിയതോടെ കുത്താന്പുള്ളിയിലെ നെയ്ത്തു തറികൾക്കും കഷ്ടകാലമായിരുന്നു. ഇത്തവണ പ്രതീക്ഷയുടെ വർഷമാണ് ഇവർക്ക്. ഇഴപൊട്ടാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ പറ്റുമെന്ന പ്രതീക്ഷ.
കേരളത്തിനു പുറമെ ഇപ്പോൾ വിമാനസർവീസുകൾ ഉള്ള പല വിദേശരാജ്യങ്ങളിലേക്കും ഈ ഓണക്കാലത്തും കുത്താന്പുള്ളിയിലെ കൈത്തറി വസ്ത്രങ്ങൾ വൻതോതിൽ കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. ചിങ്ങമാസം വിവാഹ സീസണ് കൂടി ആയതിനാൽ വൻതോതിൽ കൈത്തറി തുണിയെടുക്കാൻ കുത്താന്പുള്ളിയിലേക്കു ദിവസേന ആളുകൾ എത്തുന്നുണ്ട്.
ലോക്ഡൗണ്‍ ഇളവുകൾ പ്രാബല്യത്തിൽ വന്നതോടെ കുത്താന്പുള്ളിയിൽ തിരക്കേറി. ഓണ്‍ലൈൻ വ്യാപാരവും ഈ ഓണക്കാലത്തു പൊടിപൊടിക്കുന്നുണ്ട്.. കോവിഡ് മഹാമാരി മൂലം നിലനിൽപ്പുതന്നെ ഭീഷണിയിലായ അവസ്ഥയിലായിരുന്നു കുത്താന്പുള്ളിയിലെ നെയ്ത്തു ഗ്രാമവും ഇവിടെയുള്ള തൊഴിലാളികളും കുടുംബങ്ങളും.
എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ കുത്താന്പുള്ളിയിലെ നെയ്ത്തു ഗ്രാമങ്ങൾക്ക് ഉണർവു വന്നിട്ടുണ്ട്. അത്തം മുതൽ ഇവിടെയുള്ള കടകളിൽ സാമാന്യം നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്.കഥകളി, മയിൽപീലി തുടങ്ങിയ ഡിസൈനുകളിലുള്ള സാരികൾക്ക് ആവശ്യക്കാർ ഏറെയാണ്.
വേഷ്ടിയും മുണ്ടും ഡബിൾ മുണ്ടും ഒറ്റമുണ്ടും എല്ലാം വലിയതോതിൽ വിറ്റഴിക്കപ്പെടുന്നുണ്ട്. കൈത്തറി സാരികൾക്കു വില ശരാശരി 1500 മുതൽ 10000 വരെയാണ്.കേരളത്തിൽ നെയ്ത്തിനു പേരുകേട്ട കണ്ണൂരിൽ നിന്ന് ഈയിടെ ഒരു വിഐപി കുത്താന്പുള്ളിയിലെ നെയ്ത്തുഗ്രാമത്തിലെത്തി.
സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ. ഒപ്പം പത്നി ടി.പി. യമുനയും കുത്താന്പുള്ളിയിലേക്ക് വന്നിരുന്നു. ഇരുവരും നെയ്ത്തു കേന്ദ്രങ്ങൾ സന്ദർശിക്കുകയും ഷോപ്പിംഗ് നടത്തുകയും ചെയ്താണു മടങ്ങിയത്.
പ്രളയവും കോവിഡും തകർത്ത കുത്താന്പുള്ളിയിലെ കൈത്തറി മേഖല ഈ വർഷം ഏറെ പ്രതീക്ഷയോടെയാണ് ഓണത്തെ വരവേൽക്കുന്നതെന്ന് 45 വർഷത്തിലേറെയായി ഈ രംഗത്ത് പ്രവർത്തിക്കുന്ന ആഷാ ഹാൻഡ്ലൂംസ് ഉടമയും മുൻ പഞ്ചായത്തംഗവുമായ വി. ബാലചന്ദ്രൻ പറഞ്ഞു.
പഴമയും പുതുമയും ഇഴകോർത്തുള്ള വസ്ത്രങ്ങൾ ഇവിടെയുണ്ടെന്നതിനാൽ പുതിയ തലമുറയും പഴയ തലമുറയും ഒരുപോലെ ഇവിടേക്കെത്തുന്നു. ഓണ്‍ലൈൻ വ്യാപാരം ഇവർ നല്ലരീതിയിൽ നടത്തുന്നതിനാൽ വിവിധയിടങ്ങളിൽ നിന്ന് ഓർഡറുകളെത്തുന്നുണ്ട്.
പവർലൂമിലും കൈത്തറിയിലും ഇവിടെ വസ്ത്രങ്ങൾ നിർമിക്കുന്നുണ്ട്. സെറ്റു സാരിക്കും ഡബിൾ മുണ്ടുകൾക്കുമെന്നപോലെ ചുരിദാർ മെറ്റീരിയലുകൾ, കുട്ടികളുടെ വസ്ത്രങ്ങൾ എന്നിവയ്ക്കും ആവശ്യക്കാർ ധാരാളമുണ്ട്.മലയാളിയെ ഓണക്കോടിയുടുപ്പിക്കുന്ന ഗ്രാമമാണു തൃശൂർ ജില്ലയിലെ തിരുവില്വാമല പഞ്ചായത്തിലെ കുത്താന്പുള്ളി.
ദേവാംഗ സമുദായക്കാർ താമസിക്കുന്ന കുത്താന്പുള്ളിയിൽ എണ്ണൂറോളം കുടുംബങ്ങളുണ്ട്. തറികളിൽ നെയ്തെടുക്കുന്ന ഓരോ ഓണക്കോടിയും പ്രതീക്ഷകളുടെ കസവുപാകിയതാണ്. എല്ലാം ശരിയാകുമെന്ന സുവർണ പ്രതീക്ഷയുടെ.